കൊച്ചി:  പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്ത വിവരം എന്‍ഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആലുവ റൂറല്‍ എസ് പിയും തീവ്രവാദികളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. പിടിയിലായവര്‍ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

തീവ്രവാദികളുടെ ആക്രമണ പദ്ധതി തകര്‍ത്തതായും എന്‍ഐഎ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താന്‍ സംഘം ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.

 തന്ത്ര പ്രധാന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാന്‍ സംഘം പദ്ധതിയിട്ടതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.  അറസ്റ്റിലായവരില്‍ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്‌സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. 

 മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, ലഘുലേഖകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.  രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലയവരുടെ ചിത്രങ്ങള്‍ എന്‍ഐഎ തന്നെയാണ് പുറത്തുവിട്ടത്.

കേരളത്തില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേരും പെരുമ്പാവൂരില്‍ തൊഴിലാളികളായി കഴിയുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറല്‍ പോലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് എന്‍ഐഎ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.  സംഘത്തിലുള്ളവര്‍ തീവ്രവാദികളാണെന്ന് ഉറപ്പിച്ചതോടെ പോലീസ് വീട് വളഞ്ഞാണ് മൂവരെയും കീഴക്കിയത്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസിന്റെ ഈ നീക്കം. 

അറസ്റ്റിലായ ഒരാള്‍ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. അറസ്റ്റിലായവര്‍ ആരെയൊക്കെയാണ്‌ ബന്ധപ്പെട്ടത് എന്നുള്ള വിവരം അന്വേഷിച്ചുവരികയാണ്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ 11 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് ഒന്‍പത് തീവ്രവാദികള്‍ പിടിയിലായത്. കേരളത്തില്‍ നിന്നും മൂന്നും  ബംഗാളില്‍ നിന്ന് ആറുപേരുമാണ് പിടിയിലായത്. 

Content Highlight: 3 Al-Qaeda Terrorists Arrested In  Kerala By NIA