തിരുവനന്തപുരം : ശബരിമല സംഘർഷവുമായി ബന്ധപ്പട്ട് ഇതുവരെ 2825 പേര്‍ അറസ്റ്റിലായി. 495 കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തു.

പകുതിയിലധികം പേര്‍ ജാമ്യം നേടി പുറത്തു പോയിട്ടുണ്ട്. ബാക്കിയുള്ളവര്‍ റിമാൻഡിലാണ്. പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കൂടാതെ പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ളവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. പോലീസ് അധികൃതരുടെ ഉന്നതതല യോഗം ചേരുന്നതിനു മുന്നോടിയായി അറസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഡിജിപി നിര്‍ദേശം. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പില്‍ നാമജപഘോഷയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താല്‍ മതിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.

നിരീക്ഷണ ക്യാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യാനായി  ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കെ എസ് ആര്‍ ടി യി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.