തിരുവനന്തപുരം: കേരളത്തിൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഒന്നു രണ്ടു ദിവസത്തേക്ക് മാത്രമുള്ള വാക്സിനാണ് സംസ്ഥാനത്ത് അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്സിൻ കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് നടപടികൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവിൽ അവശേഷിക്കുന്ന മുഴുവൻ വാക്സിനും സ്റ്റോക്ക് ചെയ്യാതെ കൊടുത്തു തീർക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് നിർബന്ധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ചികിത്സാ സംവിധാനങ്ങൾ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 104 വയസുകാരി ജാനകിയമ്മ രോഗമുക്തയായത് പൊതു ആരോഗ്യരംഗത്തിന്റെ മികവിന്റെ ഉദാഹരമാണ്. ഐസിയുവിൽ ഉൾപ്പെടെ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജനകിയമ്മ ആശുപത്രി വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights:25 percentage of the population are vaccinated says CM