ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉപയോഗശൂന്യമായത്. വാക്‌സിന്‍ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.

വാക്‌സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകും. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായത് 44.78 ലക്ഷം ഡോസുകളാണെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ 11 വരെ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 10.34 കോടി ഡോസ് വാക്‌സിനുകളാണ്.

തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദ്യൂ, ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ്.

Content Highlights: 23% Of Vaccines Wasted By States Till April 11