തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റ് 2000 കടന്നു. ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ രാത്രി മാത്രം 700 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 

452 കേസുകളിലായിട്ടാണ് ഇത്രയും അറസ്റ്റ് നടന്നിരിക്കുന്നത്. നിലവില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടു. 600 പേരോളം റിമാന്‍ഡിലായി. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്. ഫേസ്ബുക്കില്‍ വ്യജപ്രചരണം നടത്തിയ കുറ്റത്തിനും പോലീസ് നടപടി തുടരുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അറസ്റ്റ് നടക്കുന്നത്. ഇന്നലെ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 1407 ആയിരുന്നു.