ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018ലെ സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. നട അടയ്ക്കുന്നതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക പരാമര്‍ശം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയില്‍ സന്ദര്‍ശനം അനുവദിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ച രാവിലെ ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങ് സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ബിന്ദു അമ്മിണിക്ക് ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് 2018ലെ വിധി അവസാനവാക്കല്ലെന്നും വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജിസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.

രഹ്ന ഫാത്തിമ കഴിഞ്ഞ ആഴ്ച ഇതേ ആവശ്യവുമായി ഹര്‍ജി നല്‍കിയപ്പോള്‍ ഇക്കാര്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കിയിരുന്ന കാര്യം ഇന്ദിരാ ജയ്‌സിങ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് രഹ്ന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

Content Highlights: 2018 verdict is not ultimate- supreme court chief justice new observations on sabarimala case