തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ആശങ്ക പരിഹരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി.

2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നായിരുന്നു യുഎഡിഎഫും എല്‍ഡിഎഫും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി വോട്ടര്‍ പട്ടിക തയ്യാറാക്കാം എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനം ബൂത്തുകളാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഈ രണ്ട് വോട്ടര്‍പട്ടികകള്‍ തമ്മില്‍ പൊരുത്തപ്പെടില്ല. അതുകൊണ്ടാണ് 2015ലെ വോട്ടര്‍പട്ടികയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍, പുതിയ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നുമാണ് ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നത്. 

എന്നാല്‍, ഇതിനകംതന്നെ 2015ലെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് തിരുത്തലുകള്‍ വരുത്തും. അങ്ങനെ ഏറ്റവും പുതിയ വോട്ടര്‍പട്ടികയിലായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഉറപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

Content Highlights: 2015 voter list will be used for 2020 kerala local body election- election commission