ന്യൂഡല്‍ഹി: അഴിമതിക്കാരനായ ധനകാര്യമന്ത്രിക്കെതിരേ ഉണ്ടായ പ്രതിഷേധമാണ് നിയമസഭാ കയ്യാങ്കളിക്ക് കാരണമെന്ന മുന്‍ നിലപാടില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ മലക്കം മറിഞ്ഞു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായപ്പോള്‍ പ്രതിപക്ഷനിരയിലെ വനിതാ അംഗങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായി. വനിതാ അംഗങ്ങളെ സ്ട്രെച്ചറില്‍ സഭയ്ക്കു പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതോടെയാണ് നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കി. 

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും ഇങ്ങനെ:

കയ്യാങ്കളിക്ക് കാരണമായ സംഭവത്തേക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം 

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് വാദത്തിന് എടുത്തപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ നിയമസഭാ കയ്യാങ്കളിക്ക് കാരണമായ സംഭവത്തേക്കുറിച്ച് വിശദീകരിച്ചു. അന്ന് അധികാരത്തിലിരുന്ന സര്‍ക്കാരിന് എതിരേ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതിനേത്തുടര്‍ന്നാണ് ബജറ്റ് അവതരണത്തിന് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഇതിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ രംഗത്തു വന്നതോടെ സഭയില്‍ ബഹളമായി. ഇതിനിടയില്‍ സഭയിലെ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കുനേരെ കൈയേറ്റമുണ്ടായി. അവരെ സഭയില്‍നിന്ന് സ്ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് കണ്ടതോടെയാണ് നിയമസഭയില്‍ കയ്യാങ്കളി ഉണ്ടാകുന്നത്.

മാണിയുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തേക്കുറിച്ചുളള രഞ്ജിത്ത് കുമാറിന്റെ വിശദീകരണം

കഴിഞ്ഞ തവണ വാദം നടക്കുമ്പോള്‍ അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഡ്വക്കേറ്റ് ജനറല്‍ ഫോണില്‍ വിളിച്ച് ഞാന്‍ ധനമന്ത്രിയുടെ പേര് പറഞ്ഞോ എന്ന് ചോദിച്ചു. എനിക്ക് അന്നത്തെ ധനമന്ത്രി ആരാണെന്ന് പോലും അറിയില്ലെന്ന് മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളേത്തുടർന്ന് കളങ്കിതനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനേക്കുറിച്ച് പേപ്പര്‍ ബുക്കില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ് ഞാന്‍ കോടതിയില്‍ പരാമര്‍ശിച്ചത്. 

എന്തുകൊണ്ട് കേസ് പിന്‍വലിക്കുന്നു എന്നതിനെ സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയമാണ്. അതിനാലാണ് മാധ്യമശ്രദ്ധ ലഭിക്കുന്നത്. കേസില്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അറിയിച്ചിട്ടുണ്ട്. അതിനാലാണ് കയ്യാങ്കളി കേസ് പിന്‍വലിക്കുന്നത്. അന്ന് സഭയില്‍ നടന്ന അക്രമസംഭവങ്ങളില്‍ യുഡിഎഫ് എംഎല്‍എ മാര്‍ക്ക് എതിരെയും കേസ്സുകള്‍ ഉണ്ടെന്നും രഞ്ജിത്ത് കുമാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

സഭയിലെ അക്രമം ആദ്യമല്ല, തൊഴില്‍ നിയമങ്ങളില്‍ അംഗീകരിച്ചിട്ടുള്ള പ്രതിഷേധമാണ് നടന്നതെന്ന് സര്‍ക്കാര്‍

നിയമസഭയില്‍ അക്രമം നടക്കുന്നത് ആദ്യമായല്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ രഞ്ജിത്ത് കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഉത്തര്‍പ്രദേശ് നിയമസഭയിലും സമാനമായ അക്രമം നടന്നിട്ടുണ്ട്. കേരള നിയമസഭയില്‍ 2015-ല്‍ ഉണ്ടായത് തൊഴില്‍ നിയമങ്ങളില്‍ അംഗീകരിച്ചിട്ടുള്ള പ്രതിഷേധമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിഷേധിക്കാനുളള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആ അവകാശമാണ് അംഗങ്ങള്‍ നിയമസഭയില്‍ വിനിയോഗിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

സഭയില്‍ തോക്കുചൂണ്ടിയാലും പരിരക്ഷയുണ്ടോ എന്ന് കോടതി

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള പൊതുതാത്പര്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. നിയമസഭയില്‍ അംഗങ്ങള്‍ നടത്തുന്ന എല്ലാ പ്രവൃത്തികള്‍ക്കും പരിരക്ഷ അവകാശപ്പെടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ആരാഞ്ഞു. ഏതെങ്കിലും ഒരു അംഗം സഭയില്‍ തോക്കു ചൂണ്ടിയാല്‍ അദ്ദേഹത്തിനും ഈ പരിരക്ഷ ബാധകമാണോ എന്നും കോടതി ചോദിച്ചു. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. അതുകൊണ്ട് കോടതിയിലെ സാധനസാമഗ്രികള്‍ തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ എന്ന് കോടതി ആരാഞ്ഞു.

കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യുട്ടറുടെ അപേക്ഷ വായിച്ചിട്ട് മനസിലാകുന്നില്ലെന്ന് കോടതി

കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ നല്‍കിയ അപേക്ഷ വായിച്ചിട്ട് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കുറ്റം തെളിയിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. എന്നാല്‍ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡിയും സിസിടിവിയും ഉണ്ടല്ലോ എന്ന് ജസ്റ്റിസ് എം. ആര്‍. ഷാ ചൂണ്ടിക്കാട്ടി.

കേസിലെ ചില തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്ന പ്രോസിക്യുട്ടറുടെ വാദത്തെയും കോടതി പരിഹസിച്ചു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കപെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201 ഉപയോഗിച്ച് കേസ് എടുത്തുകൂടേയെന്നും ജസ്റ്റിസ് എം. ആര്‍. ഷാ ആരാഞ്ഞു. പബ്ലിക് പ്രോസിക്യുട്ടര്‍ നല്‍കുന്ന അപേക്ഷ അംഗീകരിക്കാനിരിക്കുന്ന പോസ്റ്റ് മാന്‍ അല്ല മജിസ്ട്രേറ്റ് എന്നും ജസ്റ്റിസ് എം.ആര്‍. ഷാ പറഞ്ഞു.

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എന്തു പരിരക്ഷയെന്ന് മഹേഷ് ജെഠ്മലാനി

ജനങ്ങളുടെ പ്രതിനിധികളായി നിയമസഭയില്‍ എത്തുന്നവര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രത്യേക പരിരക്ഷയില്ലെന്ന് തടസ്സ ഹര്‍ജി നല്‍കിയ ടി. അജിത് കുമാറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി വാദിച്ചു.

കേസെടുക്കാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല 

നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബു വാദിച്ചു. സ്പീക്കറുടെ അനുമതി ആവശ്യമാണെങ്കില്‍ അത് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ആവശ്യമെന്നും ചെന്നിത്തലയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

3.24 മണിക്കൂർ നീണ്ടുനിന്ന വാദം 

വളരെ ഗൗരവമേറിയ വിഷയമായതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെയും പ്രതികളുടെയും അപ്പീലുകളില്‍ വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ തകരാറിലായതിനെ തുടര്‍ന്ന് വാദം കേള്‍ക്കല്‍ കുറച്ചുസമയം തടസ്സപ്പെട്ടിരുന്നു. കനത്ത മഴ കാരണമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇടയ്കിടയ്ക്ക് കട്ടാകുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

മൂന്ന് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് താന്‍ കേസ്സുകളില്‍ വാദം കേള്‍ക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ കാണിച്ചു തന്നു. ഇത് ആദ്യമായാണ് ചന്ദ്രചൂഡിന്റെ വീട്ടിലെ ഓഫീസിലെ സൗകര്യങ്ങള്‍ കാണാന്‍ സാധിച്ചത്.

കയ്യാങ്കളി കേസിലെ പ്രതികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും പി. എസ്. സുധീറും ഹാജരായിരുന്നു. അവരുടെ വാദം സര്‍ക്കാരിന്റെ വാദത്തിന് സമാനമായതിനാലാണ് ഇവിടെ രേഖപെടുത്താത്തത്.

Content Highlights: 2015 Kerala Assembly ruckus- state government has changed its stand in the Supreme Court