പി.ടി.ജംഷീറിന്റെ സഹോദരൻ നൗഫൽ കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിക്കു പുറത്തിരുന്ന് പൊട്ടിക്കരയുന്നു,മരിച്ചവരുടെ സുഹൃത്തുക്കൾ
കാസര്‍കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദ് എഫ്.സി. താരം അബ്ദുള്‍ റഹീബും ഗോവയിലേക്ക് പുറപ്പെട്ട ഏഴംഗസംഘവും ഒതുക്കുങ്ങലിലെ കളത്തില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്. ഏഴുപേരും നാട്ടിലും കോളേജ് ടീമിലുമായി ഫുട്ബോള്‍ താരങ്ങള്‍. കൂട്ടുകാരന്റെ കളി കാണാനാണ് ഏഴുപേര്‍ക്കുള്ള ടിക്കറ്റ് അബ്ദുള്‍ റഹീബിനോട് ആവശ്യപ്പെട്ടത്. ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റഹീബ് അയച്ചുകൊടുത്തു.
ഈ ടിക്കറ്റുമായാണ് റഹീബിന്റെ ബൈക്കില്‍ എ.കെ.ഷിബിലും പി.ടി.ജംഷീറും ഗോവയിലേക്ക് പുറപ്പെട്ടത്. ഏഴംഗസംഘത്തിന് കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്. ഷിബിലാണ് യാത്ര തുടങ്ങുമ്പോള്‍ ബൈക്കോടിച്ചത്. മലപ്പുറത്തുനിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്രതുടര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മഴയായതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തിയാണ് ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചത്.
മഴപെയ്തപ്പോള്‍ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നില്‍ കടവരാന്തയില്‍ കയറിനിന്നിരുന്നു. മഴതോര്‍ന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.
കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്. പാലക്കുന്നില്‍നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ ദൂരമാണ് ഉദുമ പള്ളത്തേക്ക്. ഈ സമയം കാറിലുള്ള സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോണിലെ കോള്‍ലിസ്റ്റില്‍നിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്.
കണ്ണീര്‍ച്ചുഴിയായി ആസ്പത്രിപരിസരം
: ആവേശത്തിരയിളകേണ്ടിയിരുന്ന അഞ്ച് മനസ്സുകള്‍ സങ്കടച്ചുഴിയില്‍പ്പെട്ട കാഴ്ചയായിരുന്നു ആസ്പത്രിപരിസരത്ത്. കാണുന്നവരുടെ മനസ്സലിയിപ്പിക്കുന്ന മൗനവും കണ്ണീരും. അപകടത്തില്‍പ്പെട്ടയാളുടെ സഹോദരനും കൂട്ടത്തിലുണ്ടെന്ന വിവരം അന്തരീക്ഷത്തെ കൂടുതല്‍ സങ്കടകരമാക്കി. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഫുട്ബോള്‍ ആരാധകരും സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനെത്തി. പതിനൊന്നരയോടെയാണ് മൃതദേഹപരിശോധന തുടങ്ങിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടത്തില്‍ മരിച്ച ജംഷീറിന്റെ പിതാവിന്റെ സഹോദരന്‍ അഷറഫും പഞ്ചായത്തംഗം എം.കെ.കമറുദ്ദീനും മലപ്പുറത്തുനിന്ന് കാസര്‍കോട്ടെത്തി. 12.45-ഓടെ ഷിബിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുളിപ്പിക്കാനും പ്രാര്‍ഥനയ്ക്കുമായി മൃതദേഹം തളങ്കര മാലിക് ദിനാര്‍ പള്ളിയിലേക്കു കൊണ്ടുപോയി. ഒന്നേകാലോടെയാണ് ജംഷീറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. ഇതിനെ അനുഗമിച്ചാണ് അഞ്ച് സുഹൃത്തുക്കളും മടങ്ങിയത്.
തകര്‍ന്ന മനസ്സുമായി... ഐ.എസ്.എല്‍. ഫൈനല്‍ കാണാനുള്ള ഗോവായാത്രയ്ക്കിടെ ഉദുമയില്‍ വാഹനാപകടത്തില്‍ മരിച്ച പി.ടി.ജംഷീറിന്റെയും എ.കെ.ഷിബിലിന്റെയും കൂട്ടുകാരും മുന്നിലെ കാറിലെ യാത്രക്കാരുമായ നവാസ്, നിഷാന്‍, റയീസ്, ഷിബിന്‍, ജംഷീറിന്റെ സഹോദരന്‍ നൗഫല്‍ എന്നിവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്ക് പുറത്ത്
മാഞ്ഞുപോയ ക്ലിക്ക്
ഒതുക്കുങ്ങല്‍: പഠനത്തോടൊപ്പം ഫുട്‌ബോളും ഫോട്ടോഗ്രാഫിയുമായിരുന്നു ഷിബിലിന്റെ ഇഷ്ടവിനോദം. മൂന്നരവര്‍ഷമായി ഒതുക്കുങ്ങലിലെ വിവാഹവേദികളിലെ സ്ഥിരസാന്നിധ്യം. ചെറുകുളമ്പ് സ്വകാര്യ കോളേജിലെ ബി.കോം. വിദ്യാര്‍ഥിയായ ഷിബില്‍ പഠനത്തോടൊപ്പം ഫ്രീലാന്‍സായാണ് വിവാഹഫോട്ടോകള്‍ എടുക്കാന്‍ പോകാറുള്ളത്. ഞായാറാഴ്ചയും വിവാഹപരിപാടികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ എല്ലാം മാറ്റിവെച്ച് ഫൈനല്‍ മത്സരം കാണാന്‍ ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയത്. ഷിബില്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഒതുക്കുങ്ങലിലെ ഫോട്ടോഗ്രാഫറും എ.ജെ. വെഡ്ഡിങ് കമ്പനി പാര്‍ട്ണര്‍മാരിലൊരാളുമായ ജുനൈദ് പറഞ്ഞു.
കളിക്കുമുന്‍പേ കണ്ണീരണിഞ്ഞ് മലപ്പുറം
ഒതുക്കുങ്ങല്‍: 'ഒപ്പം കളിച്ചുവളര്‍ന്ന പ്രിയ കൂട്ടുകാരന്‍ ഫൈനലില്‍ ജയിക്കുന്നതും കപ്പെടുക്കുന്നതും നേരില്‍ കാണണം...' ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട ഒതുക്കുങ്ങല്‍ ചെറുകുന്നിലെ ഏഴംഗസംഘത്തിന്റെ ആഗ്രഹം അതായിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ട് അപകടത്തില്‍ മരിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തി.
ചെറുകുന്ന് അമ്പലവന്‍ കുളപ്പുരക്കല്‍ എ.കെ. ഷിബില്‍, ചെറുകുന്ന് പള്ളിത്തൊടി പി.ടി. ജംഷീര്‍ എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ഫൈനലില്‍ ഹൈദരാബാദിനുവേണ്ടി കളിക്കുന്ന അബ്ദുള്‍റബീഹ് ഇവരുടെ കളിക്കൂട്ടുകാരനായിരുന്നു. അബ്ദുള്‍റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് ഷിബില്‍.
Content Highlights: accident,isl,malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..