-
കരിപ്പൂർ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും 14 പേരുടെ പരിക്ക് ഗുരുതരമാണെന്നും മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍.
മരിച്ച 18 പേരില്‍ 17 പേരുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരാളെ മാത്രം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ചിലര്‍ വെന്റിലേറ്ററില്‍ തുടരുമ്പോള്‍ ചിലരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കുറച്ച് പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്നും കളക്ടര്‍ വ്യക്തമാക്കി. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ വിമാന ജീവനക്കാരാണ്.
വളരെ ഗുരുതരമായി പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ആണ് പ്രവേശിപ്പിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി.
18 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാന്‍ കഴിയുമോ അത്രയും വേഗം വിട്ടുകൊടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വിജയമായിരുന്നുവെന്നും അപകടം നടന്ന് ഒരു മണിക്കൂറിന് ഉള്ളില്‍ തന്നെ 188 ആള്‍ക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചുവെന്നും കളക്ടര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാഭരണാധികാരിയെന്ന നിലയില്‍ സര്‍ക്കാരിന് വേണ്ടി താന്‍ ഉറപ്പ് നല്‍കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
Content Highlight: 18 deaths confirmed 14 are in critical condition; District Collector
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..