ആൻ മരിയ, ആംബുലൻസിൽ ആൻ മരിയയെ കൊച്ചിയിലേക്ക് എത്തിക്കുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ച 17 വയസ്സുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ. അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. നിലവിൽ 72 മണിക്കൂർ നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) ആൻ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ന്യൂറോ സംബന്ധമായ ചില പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടർമാണ് ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം കൃത്യസമയത്തുതന്നെ ആൻമരിയയെ ആശുപത്രിയിൽ എത്തിക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രി റോഷി അഗസ്റ്റിന അടക്കം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. മന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി ആൻ മരിയയുടെ രോഗവിവരം ഡോക്ടർമാരുമായി സംസാരിച്ചു.
11.40ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 2.12ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിരുന്നു. വെറും രണ്ട് മണിക്കൂർ 32 മിനിറ്റുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്. പിന്നിട്ടതിലേറെ മലമ്പാതയായ 132 കിലോമീറ്റർ. വെല്ലുവിളികളുടെ ഹെയർപിൻ വളവുകൾ താണ്ടിയാണ് കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് അമൃത ആശുപത്രിയിൽ കുതിച്ചെത്തിയത്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ ജീവൻരക്ഷാ ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യൻ എന്ന മണിക്കുട്ടനും സംഘവും.
Content Highlights: 17 year old heart attack sufferer rushed to Kochi hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..