ന്യുഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടയില്‍ രാജ്യത്ത് പ്രായപൂർത്തിയായവരില്‍ 16 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും, 54 ശതമാനം പേര്‍ക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.  

ഓഗസ്റ്റ് മാസത്തില്‍ മാത്രം 18.38 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി രാജ്യത്തെ വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് എന്ന നിലയിലാണ് ഓഗസ്റ്റ് മാസത്തില്‍ വാക്‌സിന്‍ വിതരണം നടന്നത്. അവസാന ആഴ്ചയില്‍ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ദാദ്ര നാഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി. 'സിക്കിമില്‍ ജനസംഖ്യയുടെ 36 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കി, ദാദ്ര നഗര്‍ ഹവേലി 18 ശതമാനം പേർക്കും ഹിമാചല്‍ പ്രദേശ് 32 ശതമാനം പേർക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി', രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തില്‍ കോവിഡ് എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള സംസ്ഥാനമാണ് കേരളം.  മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും 10,000 മുതല്‍ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. ബാക്കി സംസ്ഥാനങ്ങളില്‍ 10,000-ല്‍ താഴെ സജീവ കേസുകളാണ് ഉള്ളത്,' രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ജൂണില്‍ പ്രതിദിനം 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലകളുടെ എണ്ണം 279 ആയിരുന്നത് ഓഗസ്റ്റ് അവസാനത്തോടെ 42 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: 16 percent of total adult population got fully vaccinated, 54 percent with at least one dose