കോഴിക്കോട്: എയ്ഡഡ് സ്കൂളുകളിൽ 2006 മുതൽ 2011 വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നിയമിതരായ 1500 അധ്യാപകർക്ക് 15 വർഷം കഴിഞ്ഞിട്ടും അഞ്ചുവർഷത്തെ നിയമന അംഗീകാരമോ ആനുകൂല്യങ്ങളോ കിട്ടിയില്ല.

വ്യത്യസ്ത തീയതികളിൽ നിയമനം ലഭിച്ചവർക്കെല്ലാം ഏകീകരിച്ച് 1.6.2011 എന്ന ഒറ്റ തീയതി വെച്ച്‌ സർക്കാർ അംഗീകാരം നൽകിയതാണ് ഇതിന് കാരണം. സർവീസ് അംഗീകരിച്ച് ഇപ്പോഴത്തെ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഉത്തരവ് രണ്ട് ദിവസംകൊണ്ട് പിൻവലിച്ചു. സ്വകാര്യ സ്കൂൾ മാനേജർമാർ സുപ്രീം കോടതിയിൽ സർക്കാരുമായി നടത്തുന്ന കേസിന്റെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് റദ്ദാക്കിയത്.

3000 അധ്യാപകരാണ് ഇത്തരത്തിലുള്ളത്. ഇവർക്ക് ഇതുവരെയും സീനിയോറിറ്റി, സ്ഥാനക്കയറ്റം, ഗ്രേഡ്, ഇൻക്രിമെന്റ്, ശമ്പളം എന്നിവ അനുവദിച്ചുകിട്ടിയിട്ടില്ല. നിയമവഴിയിലൂടെ ഇവരിൽ പകുതി പേർ ആനുകൂല്യങ്ങൾ നേടിയെടുത്തു.

സംരക്ഷിത അധ്യാപകരിൽ ഒരാളെ നിയമിക്കുമ്പോൾ അധിക തസ്തികയിലുള്ള ഒരു അധ്യാപകനെകൂടി നിയമിക്കാമെന്നും സർക്കാർ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ 1:1 എന്ന അനുപാതം ചില സ്വകാര്യ മാനേജ്മെന്റുകൾ നടപ്പാക്കിയില്ല. ഇത്തരം സ്കൂളുകളിലെ അധ്യാപകരാണ് ഇതിൽ ഭൂരിഭാഗവും. കുട്ടികൾ കുറഞ്ഞതിനാൽ അംഗീകാരം ലഭിക്കാതെ പോയവരും ഇവരിലുണ്ട്. മാത്രമല്ല 1:1 അനുപാതം നടപ്പാക്കാൻ കെ.ഇ.ആർ. ഭേദഗതിചെയ്ത നടപടിയും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു.

വിരമിക്കൽ, മരണം, സ്ഥാനക്കയറ്റം, രാജി, സ്ഥലംമാറ്റം എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് മാറി നിയമനം നേടിയവർക്കും അൺ ഇക്കണോമിക് സ്കൂളുകളിൽ ഉൾപ്പെട്ടവർക്കും അംഗീകാരം നൽകാനുള്ള ഉത്തരവ് ഈ വിഭാഗം അധ്യാപകർക്കുകൂടി ബാധകമാകുംവിധമാക്കണമെന്നാണ് ആവശ്യം.

സുപ്രീം കോടതിയിൽ കേസുള്ളതിനാലാണ് അധ്യാപകർ ഇത്തരമൊരു പ്രതിസന്ധിയിലായതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന്റെ വിശദീകരണം.

എന്നാൽ 2011 മുതൽ 2016 വരെ അധിക തസ്തികകളിൽ നിയമിതരായ അധ്യാപകർക്കെല്ലാം ഒരു വ്യവസ്ഥകളും പാലിക്കാതെ മുഴുവൻ ആനുകൂല്യങ്ങളും നൽകിയെന്നാണ് ഇവരുടെ പരാതി. എല്ലാ കേസുകളും നിലനിൽക്കെ തന്നെയാണ് ഈ നടപടിയെന്നും ഇവർ പറയുന്നു.

 

Content Highlights: 1500Teachers working without any increments for more than 15 years