തിരുവനന്തപുരം: തെന്മല ആര്യങ്കാവില്‍ 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ സമ്മതിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആര്യങ്കാവിനടുത്തുള്ള കളിര്‍കാവ്, തമിഴ്‌നാട്ടിലെ പുളിയറ, സുരണ്ട എന്നിവിടങ്ങളില്‍വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കുമായി കൈമാറുകയായിരുന്നു. 

മാതാപിതാക്കള്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കി. ഇതിന്‍മേല്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി നല്‍കിയ അമ്മയെയും അടുത്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്. അച്ഛനെയും കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേരെയും കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇവര്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: 15 year old girl sexually abused, mother and relative arrested, sexual assault