
-
കോഴിക്കോട്: മെഡിക്കൽ കോളേജിലെ ആറ് ഡോക്ടർമാർ ഉൾപ്പെടെ 14 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റൻഡ് പ്രൊഫസര്‍, മൂന്ന് ജൂനിയർ ഡോക്ടർമാർ, രണ്ട് ഹൗസ് സർജൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റൻഡ്, ഒരു ഗ്രേഡ് 2 സ്റ്റാഫ്, ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ഒരു ഫാർമസിസ്റ്റ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 339 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 88 പേർ ഹൈ റിസ്ക് വിഭാഗത്തിലും 251 പേർ ലോ റിസ്ക് വിഭാഗത്തിലും പെടുന്നവരാണ്. ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 88 പേരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാൻസർ സെന്റർ വാർഡുകളായ മൂന്ന്, നാല്, 36 എന്നിവ അടച്ച് പൂട്ടി. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് ഇറക്കിയ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ഇതിന് പുറമെ രണ്ട് സ്വകാര്യ ആശുപത്രിയിലെ മറ്റ് ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്ന സാഹചര്യത്തിൽ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുമെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ അറിയിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന അഞ്ച് ഒ.പി.കൾ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്നും മന്ത്രിമാർ അറിയിച്ചു.
content highlights; covid 19, kozhikode medical college, 14 health workers tested positive for covid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..