കണ്ണൂര്‍: ഈ തിരഞ്ഞൈടുപ്പ് ഫലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിക്കും. എല്‍.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാകും. അതായിരിക്കും ജനവിധി. ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ പടവലങ്ങ പോലെ കീഴോട്ടെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് യു.പി.സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലായിരുന്നു എല്‍.ഡി.എഫിന് മുന്‍തൂക്കം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം എല്‍.ഡി.എഫിന് അനുകൂലമാണ്. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 ആക്കിയ സര്‍ക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സര്‍ക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ? അതായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ജനവിധി." കോടിയേരി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിനെ തുടർന്നുണ്ടായ ആരോപണങ്ങൾ ജനങ്ങളില്‍ പ്രതികരണം ഉണ്ടാക്കില്ല. മാത്രമല്ല, ബോധപൂര്‍വ്വം ഉണ്ടാക്കുന്ന കള്ള പ്രചാരണമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ അന്തിച്ചര്‍ച്ചകളില്‍ മാത്രമാണ് അതൊരു വിഷയമെന്നും തിരഞ്ഞെടുപ്പില്‍ അത് വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.
ഭക്ഷണം വേണം, വീട് വേണം, ആരേഗ്യപരമായ മെച്ചമുണ്ടാകണം എന്നതാണ് ജനങ്ങളുടെ ആവശ്യം. അതുറപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലേത്. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കോണ്‍ഗ്രസ്സ് നയത്തെ അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ല. ബി.ജെ.പിക്ക് 2015-ല്‍നിന്ന് യാതൊരു മുന്നേറ്റവുമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.
"ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി. ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ കാലു മാറ്റാനും ഉപയോഗിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. ഇവിടുത്തെ സര്‍ക്കാരിനെ തകര്‍ക്കാന്‍ പറ്റുന്നില്ല. എം.എല്‍.എമാരെ മാറ്റാന്‍ പറ്റുന്നില്ല. രാഷ്ട്രീയ നേതാക്കളെ മാറ്റാന്‍ പറ്റുന്നില്ല. അതിനാല്‍ മറ്റുപല കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്.
ബി.ജെ.പി. തനി വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ്സാണെങ്കില്‍ എസ്.ഡി.പി.ഐയെയും ജമാഅത്തെയെയും കൂട്ടുപിടിക്കുന്നു. രണ്ട് വര്‍ഗ്ഗീയ ശക്തികളും നാടിനെ ധ്രുവീകരിക്കുമ്പോള്‍ മനുഷ്യന്റെ ശബ്ദമുയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഒപ്പമാണ് എല്ലാവരും നിലനില്‍ക്കുക." 14 ജില്ലകളില്‍ പതിമൂന്നും എല്‍.ഡി.എഫിന് ലഭിക്കുമെന്നു പറയുമ്പോഴും നഷ്ടമാകുന്ന ജില്ലയേതാണെന്ന് കോടിയേരി വ്യക്തമാക്കിയില്ല.
content highlights: 13 out of 14 districts will be with LDF, says Kodiyeri Balakrishnan