തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്‌ 1225 പോക്സോ കേസുകള്‍. കൂടുതലും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 140 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മലപ്പുറത്ത് 184 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം - 119, തൃശ്ശൂര്‍- 119, കോഴിക്കോട്- 105 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 

കോവിഡ് കാലത്തിന് മുമ്പ് 2019 ല്‍ സംസ്ഥാനത്താകെ 3609 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3019 കേസുകള്‍ കോവിഡ് പിടിമുറുക്കിയ 2020ലും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ രണ്ട് വര്‍ഷങ്ങളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍  പോക്സോ കേസുകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. 

2019ല്‍ മലപ്പുറത്ത് 444 പോക്സോ കേസുകളും 2020 ല്‍  അത് 379 ഉം ആണ്. തിരുവനന്തപുരത്ത് ഇത് യഥാക്രമം 464 ഉം, 351 ഉം ആണ്. കൊല്ലം ജില്ലയില്‍ 2019 ല്‍ 289ഉം 2020ല്‍ 250ഉം  ആണ്. തൃശ്ശൂര്‍ ജില്ലയുടെ കാര്യത്തില്‍ ഇത് യഥാക്രമം 302 , 234 എന്നിങ്ങനെയാണ്. കോഴിക്കോട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ 2019 ല്‍ 334 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ 260 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

pocsco

സംസ്ഥാനത്ത് കഴിഞ്ഞ നാലുമാസത്തിനിടെ തന്നെ 1225 പോക്സോ കേസുകള്‍ വന്നുവെന്നത് തന്നെ ഗൗരവമായ കാര്യമാണ്. കോവിഡ് ലോക്ക്ഡൗണ്‍ മൂലം 2020 മുതല്‍ കുട്ടികള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല എന്നത് തീര്‍ത്തും ലജ്ജാകരമായ വസ്തുതയാണ്. 

അതിനേക്കാള്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. 2021 ഏപ്രില്‍ വരെയള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്സോ കേസുകള്‍ക്കൊപ്പം ഇതുംകൂടി ചേര്‍ത്ത് വായിക്കേണ്ടി വരും. പോക്സോ കേസുകളില്‍ പകുതിയിലേറേയും ഇത്തരം പീഡനങ്ങളാണെന്നതാണ് ഞെട്ടിക്കുന്നത്.

കാരണം 2019ല്‍ 1149 കേസുകളാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പകുതിയോളം കേസുകള്‍ കഴിഞ്ഞ നാലുമാസത്തിനിടെ കേരളത്തിലുണ്ടായി എന്ന് വച്ചാല്‍ ഇനി വരുന്ന മാസങ്ങളില്‍ കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച വലിയ ആശങ്കകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

കുട്ടികള്‍ മാത്രമല്ല പ്രായപൂര്‍ത്തിയായ സ്ത്രീകളും സംസ്ഥാനത്ത് സുരക്ഷിതരല്ല എന്നാണ് പോലീസിന്റെ തന്നെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ നാലുമാസത്തിനിടെ 4707 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ പേരില്‍ 1080 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈവര്‍ഷം ഏപ്രില്‍ വരെ 784 പീഡന കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 1807 ആയിരുന്നു. അതായത് കഴിഞ്ഞ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പകുതിയിലധികം കേസുകളും ഈ വര്‍ഷം ഏപ്രില്‍ മാസം വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും അക്ഷരാര്‍ഥത്തില്‍ കുറ്റവാളികളുടെ കയ്യില്‍ അകപ്പെട്ട തടവുകാരേപ്പോലെ ആയി മാറി എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇത്തരം വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

content highlights: 1225 pocso cases registered within last four months