ഓണമല്ലെ, കൂടെ നടക്കാന്‍ എന്റെ ദേവു എവിടെ; നെഞ്ചുപിളര്‍ന്ന് രജനിയും ഹരീഷും, നോവായി അഭിരാമി


1. തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മാതാപിതാക്കളായ ഹരീഷും രജനിയും ദുഃഖം താങ്ങാനാവാതെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി മുറ്റത്ത് |ഫോട്ടോ: ജി. ശിവപ്രസാദ് 2. അഭിരാമി

റാന്നി: വിദേശത്തായിരുന്ന അച്ഛന്‍ ഹരീഷ് തലേദിവസം വന്നു. ഒത്തിരിക്കാലം കൂടി അച്ഛനൊപ്പമുള്ള ഓണക്കാലം. പലതുകൊണ്ടും അഭിരാമി ഏറെ സന്തോഷത്തിലായിരുന്ന ദിവസം രാവിലെയാണ് തെരുവുനായയുടെ കടിയേറ്റത്. കുടുംബത്തോടൊപ്പമുള്ള ആഹ്ലാദനിമിഷങ്ങള്‍ ഹരീഷ് അനുഭവിച്ച് തുടങ്ങുമ്പോഴാണ് ദേവുവെന്ന് വിളിച്ചിരുന്ന മകളെ തെരുവുനായ കടിച്ചെന്ന ദുഃഖവാര്‍ത്ത എത്തുന്നത്. പിന്നീട് ഊണും ഉറക്കവും ഉപേക്ഷിച്ച് കുഞ്ഞിനൊപ്പമായിരുന്നു. വെള്ളിയാഴ്ച മുതലാണ് അഭിരാമിയുടെ സ്ഥിതി വഷളായത്. ഇക്കുറി അച്ഛനൊപ്പം ഓണം ആഘോഷിക്കാമെന്ന സന്തോഷം ബാക്കിയാക്കി അവള്‍ യാത്രയായി.

അഭിരാമി ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള നാടിന്റെ പ്രാര്‍ഥനയും വിഫലമായി. സഹപാഠികള്‍, കൂട്ടുകാര്‍, അധ്യാപകര്‍, ബന്ധുക്കള്‍ തുടങ്ങി കേട്ടവരെല്ലാം അഭിരാമിയുടെ ചിരിച്ചുകൊണ്ടുള്ള തിരിച്ചുവരവിനായാണ് കാത്തിരുന്നത് പക്ഷേ...

കുഞ്ഞിനെ ഇനി കീറിമുറിക്കല്ലേ

''അമ്മയ്ക്ക് കുഞ്ഞിനെ ഇങ്ങനെ കാണേണ്ട.'' ചേതനയറ്റ അഭിരാമിയുടെ ശരീരം കണ്ടതോടെ അമ്മ രജനിയുടെ അലറിവിളിച്ചുള്ള കരച്ചില്‍ കുട്ടികളുടെ ആശുപത്രിയില്‍ കൂടിനിന്നവരെ നൊമ്പരപ്പെടുത്തി. ''എത്ര ദിവസമായി എത്രയോ ചികിത്സകള്‍. മരുന്നും വെന്റിലേറ്ററുമായി കുഞ്ഞ് ഏറെ അനുഭവിച്ചു. മടങ്ങി വന്നില്ല. ഇനി ആ ശരീരം കീറിമുറിക്കല്ലേ...'' രജനി അപേക്ഷിച്ചു. രജനിയും ഭര്‍ത്താവ് ഹരീഷും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന വിവരം ആശുപത്രി അധികാരികളെ അറിയിച്ചതോടെ മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കുകയായിരുന്നു.

കടിയേറ്റത് 13-ന്

ഓഗസ്റ്റ് 13-ന് രാവിലെ വീട്ടില്‍നിന്നു 500 മീറ്ററോളം അകലെയുള്ള വീട്ടിലേക്കുപോകും വഴിയായാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. നായയെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിന്നാലെ എത്തി കടിക്കുകയായിരുന്നു. മുഖത്തും കണ്ണിന് സമീപത്തും കാലിലും കൈയിലുമായി ഏഴിടത്ത് മുറിവുകളുണ്ടായി. സ്‌കൂട്ടറില്‍ പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ എത്തിയിരുന്നില്ല.

'കുഞ്ഞ് കരഞ്ഞുപറഞ്ഞിട്ടും അഡ്മിറ്റാക്കിയില്ല'...

''കുഞ്ഞ് പറഞ്ഞതാണ്. ഡോക്ടറെ എന്നെ അഡ്മിറ്റാക്കണേ എന്ന്. പക്ഷേ കേട്ടില്ല. അപ്പോഴേ ചികിത്സ കിട്ടിയെങ്കില്‍...''-തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ അമ്മ രജനിക്ക് മുഴുമിപ്പിക്കാനാവുന്നില്ല. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച എത്തിച്ചെങ്കിലും കിടത്തിച്ചികിത്സ കിട്ടിയില്ല. അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സൈക്യാട്രിസ്റ്റിനെ കാണിച്ച് മടക്കി അയച്ചു. കുഴപ്പം ഇല്ലെന്നാണ് അവര്‍ പറഞ്ഞത്.

ഓഗസ്റ്റ് 13-നാണ് കുട്ടിയെ പട്ടി കടിച്ചത്. അന്ന് ആദ്യം പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. രാവിലെ 7.30-ന് ബൈക്കിലായിരുന്നു യാത്ര. ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ രജനി സമീപത്തെ കടയില്‍നിന്ന് പണം കടം വാങ്ങി മകളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പോയി. അവിടെ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും നല്‍കി. രണ്ടുദിവസം കിടത്തി. മുറിവ് ആശ്വാസമായതോടെയാണ് വിട്ടത്.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ശാരീരിക പ്രയാസം തോന്നിയതോടെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയാണ് വേണ്ട ചികിത്സ കിട്ടിയില്ലെന്ന് കുടുംബം ആരോപിക്കുന്നത്. അന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം അസുഖം കൂടി വൈകീട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. എല്ലാവിധ പരിഗണനയും മികച്ച ചികിത്സയും കോട്ടയത്ത് കിട്ടിയെന്ന് കുടുംബം പറഞ്ഞു. കുഞ്ഞ് രക്ഷപ്പെടുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ...

നെഞ്ചുപിളര്‍ന്ന് രജനിയുടെ രോദനം

'എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാന്‍ വരില്ല, അവള്‍ക്ക് ഒറ്റയ്ക്ക് പേടിയാ, അവളെന്നെ പിരിഞ്ഞ് ഒരിടത്തും പോയിട്ടില്ല.' അഭിരാമിയുടെ മൃതദേഹം മോര്‍ച്ചറിയില്‍വെച്ച ശേഷം വീട്ടിലേക്കു പോകാന്‍ കാറില്‍കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോകാന്‍ തയ്യാറാകാതെ അമ്മ രജനി പൊട്ടിക്കരയുകയായിരുന്നു.

ഭര്‍ത്താവ് ഹരീഷിന് രജനിയെ കെട്ടിപ്പിടിച്ച് ഒപ്പം വിതുമ്പാനല്ലാതെ ആശ്വസിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ആന്റോ ആന്റണി എം.പി.യും പ്രമോദ് നാരായണ്‍ എം.എല്‍.എ.യും അഭിരാമിയുടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ രണ്ടുപേരും ചേര്‍ന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞ് ഇവരെ കാറില്‍ കയറ്റുകയായിരുന്നു.

റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയല്‍നിന്ന് മൃതദേഹം 5.30-നാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോര്‍ച്ചറി വരാന്തയിലേക്ക് എടുത്തിട്ടും പുറത്തിറങ്ങാതെ ഹരീഷും രജനിയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ആംബുലന്‍സില്‍തന്നെ ഇരുന്നു.

15 മിനിട്ടിലധികം ആംബുലന്‍സില്‍ ഇരുന്ന മാതാപിതാക്കളെ പ്രമോദ് നാരായണ്‍ എം.എല്‍.എ.യാണ് ആശ്വസിപ്പിച്ച് പുറത്തിറക്കിയത്. എം.എല്‍.എ.യും കെ.പി.സി.സി.സെക്രട്ടറി റിങ്കു ചെറിയാനും ആംബുലന്‍സെത്തുന്നതും കാത്ത് ആശുപത്രിയിലുണ്ടായിരുന്നു. ചികിത്സയില്‍കഴിയുന്ന ബന്ധുവിനെ കാണാന്‍ ആശുപത്രിയിലെത്തിയ വൃന്ദാവനം സ്വദേശിയായ പ്രസാദ് തന്റെ കാറില്‍ ഹരീഷിനെയും രജനിയെയും വീട്ടിലെത്തിക്കാന്‍ തയ്യാറായി. ഈ കാറിലാണ് ഇവരെ റാന്നിയില്‍നിന്ന് പെരുനാട്ടിലെ വീട്ടിലെത്തിച്ചത്.

അമ്മൂമ്മയെ മരണവാര്‍ത്ത അറിയിക്കാനാവാതെ...

തന്റെ പ്രിയപ്പെട്ട കുഞ്ഞ് തിരിച്ചുവരുന്നതിനായി പ്രാര്‍ഥനയില്‍കഴിഞ്ഞിരുന്ന അമ്മൂമ്മ കമലമ്മയെ മരണവാര്‍ത്ത അറിയിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു എല്ലാവരും. ഇതോടെ, ഇവിടെ എത്തിയ ബന്ധുക്കളും, നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും വീടിനകലെ മാറിനിന്നു. അഭിരാമിയ്ക്ക് അപകടമുണ്ടായതിനു ശേഷം അച്ഛനും അമ്മയും അവള്‍ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഹരീഷിന്റെ അമ്മ കമലമ്മയും അഭിരാമിയുടെ സഹോദരന്‍ ആറുവയസ്സുകാരന്‍ കാശിനാഥുമാണ് വീട്ടിലുണ്ടായിരുന്നത്.

രണ്ടുദിവസമായി ബന്ധുമിത്രാദികള്‍ വീട്ടിലേക്ക് വിവരമറിയാന്‍ എത്തുന്നുണ്ടായിരുന്നു. അഭിരാമി ആരോഗ്യത്തോടെ എത്തുമെന്ന് എല്ലാവരും കമലമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നതായി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചശേഷം സന്ധ്യയോടെ ഹരീഷും രജനിയും വീട്ടിലെത്തിയതോടെ വീട്ടില്‍ കൂട്ടക്കരച്ചിലായി. ഈ സമയത്താണ് അത്യാഹിതം സംഭവിച്ചകാര്യം അമ്മൂമ്മ അറിയുന്നത്.


Content Highlights: 12-year-old girl dies of rabies despite taking 3 shots of vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented