രു പകലൊടുങ്ങുന്നതിന് മുന്‍പേ അവകാശവാദങ്ങള്‍ മാറിമറിഞ്ഞു. ഇത്തവണത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ അവകാശി കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറാണ് ജയപാലന്‍. ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലായിരുന്നു ഈ വമ്പന്‍ ട്വിസ്റ്റ്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ആരാണ് ആ ഭാഗ്യശാലി

saithalavi
സൈതലവി

ടി.ഇ. 645465 നമ്പറിനാണ് ഒന്നാം സമ്മാനമെന്ന ഫലപ്രഖ്യാപനം വന്നത് ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ്. തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് സ്ഥിരീകരിച്ചു. അതോടെ ആരാണ് ആ ഭാഗ്യശാലിയെന്ന് അറിയാനുള്ള അന്വേഷണം കൊണ്ടുപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സൈതലവി രംഗത്തെത്തി. അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 കാരനായ സൈതലവി. സൈതലവി അറിയിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് സൈതലവിയുടെ ഭാര്യ സുഫൈറത്ത് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചിരുന്നു.  

പാലക്കാടുകാരനായ സുഹൃത്തുവഴിയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നായിരുന്നു സൈതലവി പറഞ്ഞത്. രണ്ട് ടിക്കറ്റ് എടുത്തെന്നും രണ്ടു ടിക്കറ്റിന്റെയും വിലയായ അറുന്നൂറുരൂപ സുഹൃത്തിന് ഗൂഗിള്‍ പേ വഴി അയച്ചു കൊടുത്തെന്നും പറഞ്ഞിരുന്നു. ടിക്കറ്റ് എടുത്തതിന് പിന്നാലെ അതിന്റെ ഫോട്ടോ സുഹൃത്ത് വാട്സാപ്പിലൂടെ തനിക്ക് അയച്ചു തന്നെന്നും സൈതലവി കൂട്ടിച്ചേര്‍ത്തിരുന്നു. ആറ് വര്‍ഷമായി ദുബായിലാണ് സൈതലവി. 

ജയപാലന്‍ പറയുന്നത് 

5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്. ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ മാതൃഭൂമി ന്യൂസിനെ കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലന്‍ പറഞ്ഞു.

ടിക്കറ്റ് വിറ്റ കടയ്ക്കു മുന്നില്‍ ആള്‍ക്കൂട്ടം, തിക്ക് തിരക്ക് 

ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഓണം ബമ്പര്‍ നറുക്കെടുപ്പ്. തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് തിരിച്ചറിഞ്ഞതോടെ, ടിക്കറ്റ് വിറ്റ കട മീനാക്ഷി ലോട്ടറീസിനു മുന്നില്‍ വന്‍ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. ആരാണ് ആ ഭാഗ്യശാലി എന്നറിയുക തന്നെ ലക്ഷ്യം. വന്നവര്‍ക്കെല്ലാം ലഡു  നല്‍കി കടയിലെ ജീവനക്കാര്‍ സന്തോഷം പങ്കിട്ടു. ഇനി എങ്ങാനും ഭാഗ്യം തുണച്ചാലോ എന്ന പ്രതീക്ഷയില്‍ ചിലര്‍ കടയില്‍നിന്ന് ടിക്കറ്റും വാങ്ങി. 

ആ ഭാഗ്യവാന്‍ ഞാനല്ല... സത്യം- ഷിജാര്‍  

shijar
ഷിജാര്‍  

അതേസമയം ഓണം ബമ്പറടിച്ചെന്ന വ്യാജപ്രചാരണം കാരണം മനഃസമാധാനം നഷ്ടപ്പെട്ടൊരാളുമുണ്ട്. ആലപ്പുഴ കായംകുളം സ്വദേശിയായ ഷിജാര്‍ ആണത്. ഇദ്ദേഹത്തിനാണ് ലോട്ടറിയടിച്ചതെന്ന വ്യാജപോസ്റ്റു കാരണം ഫോണ്‍വിളികള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഷിജാര്‍. ഇതുവരെ താന്‍ ലോട്ടറി എടുത്തിട്ടില്ലെന്നാണ് ഷിജാര്‍ പറയുന്നത്. ഇന്നലെ ലോട്ടറി ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഷിജാറിന് വിളികള്‍ വന്നുതുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ തനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആരോ ഒരാള്‍ തനിക്ക് ഒരു പണി തന്നു. നാട്ടുകാര്‍ മൊത്തം അത് ഏറ്റെടുത്തുവെന്നാണ് ഷിജാറിന്റെ പ്രതികരണം.

content highlights: 12 crore onam bumper winner jayapalan