ഗോരഖ്പുര്‍: അധ്യാപിക ക്രൂരമായി ശിക്ഷിച്ചതില്‍ മനംനൊന്ത് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 'ഇനി ആരെയും ക്രൂരമായി ശിക്ഷിക്കരുതെന്ന' അഭ്യര്‍ഥന എഴുതി വെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.

യുപിയിലെ ഗോരഖ്പുരിലാണ് സംഭവം. സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച്‌ മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം.

'ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയൂ' എന്നാണ് ആഗ്രഹമായി നവനീത് എഴുതി വെച്ചത്.

സെപ്റ്റംബര്‍ 15ന് കുട്ടി പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയിരുന്നു. സ്‌കൂളില്‍ നിന്ന് വന്നതു മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. 

മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. 

കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ സ്‌കൂളിന് പരാതി നല്‍കിയിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പോലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.