തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്സിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സീറ്റനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സ്വാശ്രയ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാക്കി. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

സാമ്പത്തിക സംവരണം വരുമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവുവരരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 

ഇതിന്റെ നടപടികളുമായി മുന്നോട്ടുപോകവെയാണ് എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് കൂടി തീരുമാനം ബാധകമാക്കിയത്. എന്നാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ഉത്തരവാണ് ഇന്നലെ വൈകുന്നേരം ഇറങ്ങിയത്. 

ഇന്നലെയായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി. ഉത്തരവില്‍  എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു. പ്രിന്‍സിപ്പല്‍മാര്‍ മുഖേനെയും പ്രിന്‍സിപ്പല്‍മാര്‍ നേരിട്ടും ഇപ്പോള്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. 

25 ശതമാനം സീറ്റുവര്‍ധനയോടെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. പക്ഷെ സംവരണ സീറ്റിലെ ഫീസ് ആര് നല്‍കുമെന്നതിലുള്ള ആശയക്കുഴപ്പം ഈ ഉത്തരവിന് ശേഷം നിലനില്‍ക്കുന്നു.   

Content Highlights: 10% Economic Reservation order for MBBS Seat