കണ്ണൂര്‍ : തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്രസേന കേരളത്തിലെത്തി. പത്ത് കമ്പനി ബിഎസ്എഫ് ജവാന്‍മാരാണ് വിവിധ ജില്ലകളിലേക്ക് എത്തിയത്.  കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ബിഎസ്എഫ് ജവാന്‍മാരുടെ അഞ്ച് കമ്പനി ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. 

ആദ്യഘട്ടത്തില്‍ ഛത്തീസ്ഗഢില്‍ നിന്നും ഒഡീഷയില്‍ നിന്നുമായാണ് കേന്ദ്രസേന കേരളത്തിലെത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സുരക്ഷയ്ക്കായുള്ള കേന്ദ്ര സേന കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു. സ്ഥലത്തെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്താന്‍ കാരണം.

സ്ഥലത്തെ കുറിച്ച് പഠിച്ചശേഷം റൂട്ട് മാര്‍ച്ച് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബിഎസ്എഫ് കമാന്‍ഡന്റ് ബി.കെ സിംഗ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

 പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേന മാത്രമായിരിക്കും സുരക്ഷാ ചുമതലയ്ക്ക് ഉണ്ടാവുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

content highlights: 10 BSF companies reach Kerala ahead of assembly election