തിരുവനന്തപുരം: 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍.ഇന്ദുവിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശാ റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ അപാകതകള്‍ കാരണം സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം വിജിലന്‍സ് അന്വേഷിക്കുകയും ഇന്ദുവില്‍നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആര്‍.ഇന്ദു തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ 1.39 കോടി രൂപ സര്‍ക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന്‍ തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി ആറുമാസത്തില്‍ നിന്ന് 11 മാസം കൂടി നീട്ടിനല്‍കി, മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിര്‍മിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തില്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരിജും നിര്‍മിക്കുന്ന കരാറുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. പിഡബ്ല്യുഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവദിച്ചു തുടങ്ങിയവയാണ് ആര്‍. ഇന്ദുവിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.

ഇത്തരത്തില്‍ ഭരണപരവും സാങ്കേതികപരവും സാമ്പത്തികപരവുമായ ഗുരുതര ക്രമക്കേടുകള്‍ക്ക് കാരണക്കാരിയായ ആര്‍ ഇന്ദുവിനെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ഇവര്‍ ചീഫ് എഞ്ചിനീയര്‍ എന്ന നിലയില്‍ നടപ്പിലാക്കി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണത്തിലെ അപാകതകള്‍ മൂലം സര്‍ക്കാരിനുണ്ടായ 1,39,53,244 രൂപയുടെ നഷ്ടം ഇന്ദുവില്‍ നിന്ന് ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

അതേസമയം ഇന്ദുവിനെതിരേ മുമ്പ് ആരോപണമുയര്‍ന്ന സമയത്ത് അവധിയില്‍ പോകാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍, അവധിയില്‍ പോയ ഇവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഹൗസിങ് ബോര്‍ഡില്‍ ഡപ്യൂട്ടേഷനില്‍ പ്രവേശിച്ചിരുന്നു.