പത്തനാപുരം :കാട്ടുപത്തനാപുരമെന്ന അപഖ്യാതിയുണ്ടായിരുന്ന പ്രദേശത്ത് നല്ല റോഡുകളും പാലങ്ങളും സർക്കാർ ഓഫീസുകളും പൊതുഗതാഗത സംവിധാനങ്ങളുമുണ്ടായത് ആർ.ബാലകൃഷ്ണപിള്ള എം.എൽ.എ. ആയപ്പോഴാണ്.

1960-ൽ പത്തനാപുരത്തുനിന്നാണ് 25-ാം വയസ്സിൽ ബാലകൃഷ്ണപിള്ള ആദ്യമായി നിയമസഭാംഗമാകുന്നത്. പിന്നീട് എം.എൽ.എ., മന്ത്രി എന്നീനിലകളിൽ കൊട്ടാരക്കരയിലേക്ക് പ്രവർത്തനരംഗം മാറ്റിയെങ്കിലും സമുദായപ്രവർത്തനം പത്തനാപുരത്ത് തുടർന്നു. ആറുപതിറ്റാണ്ടിലേറെ അദ്ദേഹം എൻ.എസ്.എസ്.പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു.

യൂണിയനെ സംസ്ഥാനത്തെ സമ്പന്നമായ താലൂക്ക് യൂണിയനുകളിലൊന്നാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. യൂണിയനുകീഴിൽ സ്കൂളുകളും കോളേജുകളും ക്ഷേത്രങ്ങളും സ്ഥാപനങ്ങളുമുണ്ടായി. എല്ലാ കരയോഗങ്ങൾക്കും സ്വന്തം കെട്ടിടമുണ്ടായി. എൻ.എസ്.എസിന്റെ മിക്ക ക്ഷേമപ്രവർത്തനങ്ങളും ആദ്യമായി നടപ്പാക്കിയ താലൂക്ക് യൂണിയനാണ് പത്തനാപുരം.

സമുദായാംഗങ്ങളുടെ കുട്ടികൾക്ക് സ്കോളർഷിപ്പുകളും സമുദായാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തി. യൂണിയൻ വർഷംതോറും വിതരണം ചെയ്യുന്ന ലക്ഷക്കണക്കിന് രൂപയുടെ മംഗല്യസഹായനിധിയും ചികിത്സാസഹായനിധിയും നിർധനരായ നിരവധിപ്പേർക്കാണ് പ്രയോജനമായത്. പിള്ളയുടെ സ്ഥിരോത്സാഹത്താൽ പത്തനാപുരത്തിന്റെ പ്രധാനഭാഗത്ത് വർഷങ്ങൾക്കുമുൻപ് ഏക്കറുകണക്കിന് സ്ഥലം യൂണിയന് സ്വന്തമാക്കാനായി. യൂണിയൻ അവിടെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പലകാരണങ്ങൾകൊണ്ട്‌ നടന്നില്ല.

പതിനഞ്ചുകോടിയോളം രൂപ ബജറ്റിൽ വകയിരുത്തി മികച്ച കൺവെൻഷൻ സെന്ററും കെട്ടിടസമുച്ചയവും അവിടെ നിർമിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ യൂണിയൻ ആരംഭിച്ചിട്ടുണ്ട്.

പത്തനാപുരത്ത് വിവിധചടങ്ങുകളിൽ പങ്കെടുക്കാനെത്തുമ്പോൾ പഴമക്കാരിൽ മിക്കവരെയും പേരെടുത്തുവിളിക്കാൻ കഴിയുന്ന വിപുലമായ വ്യക്തിബന്ധത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ബന്ധങ്ങളാണ് 2001-ൽ മകൻ കെ.ബി.ഗണേഷ്‌കുമാർ ആദ്യമായി പത്തനാപുരത്ത് മത്സരിക്കാനെത്തുമ്പോൾ തുണയായത്.

ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന പ്രസംഗപാടവത്തിന് ഉടമയെന്നനിലയിൽ പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. ആർ.ബാലകൃഷ്ണപിള്ളയുടെ അവസാനത്തെ പൊതുപരിപാടിയും പത്തനാപുരത്തായിരുന്നെന്നത് യാദൃശ്ചികം. കഴിഞ്ഞ മാർച്ച് 19-ന് എൽ.ഡി.എഫ്.നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. പ്രായാധിക്യവും രോഗവും കാരണം ക്ഷീണിതനായ അദ്ദേഹത്തിന് അന്ന് പ്രസംഗിക്കാനായില്ല.