തിരുവനന്തപുരം : മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെ.കരുണാകരന്റെ ജന്മദിനത്തില്‍ കെ.പി.സി.സി. ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധം ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍ ജനാധിപത്യമാര്‍ഗ്ഗത്തിലേക്ക് വരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നക്‌സലുകളെ നേരിടുന്നതില്‍ കെ.കരുണാകരന്‍ കാട്ടിയ ധീരതയാണ് കേരളം ചത്തിസ്ഗഡോ ഒറീസയോ ആയി മാറാതിരിക്കാന്‍ കാരണമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അതേസമയം പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിയണമെന്നും ചടങ്ങില്‍ അധ്യക്ഷനായ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച ജനപ്രിയ പദ്ധതികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം.അരുവിക്കര ഫലം ഉള്‍ക്കൊണ്ട് വേണ്ട തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കേരളത്തിലെ സി.പി.എമ്മിന് പശ്ചിമബംഗാളിലെ അനുഭവം ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

1977 ല്‍ കെ.കരുണാകരന്‍ നേടിയെടുത്ത മുന്നണിയുടെ ഭരണത്തുടര്‍ച്ച വീണ്ടും കൈവരിക്കാനുള്ള അവസരം അരുവിക്കര ഉപതിരഞ്ഞെടുപ്പ ഫലം നല്‍കുന്നുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. അരുവിക്കരയില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയടക്കമുള്ള മന്ത്രിമാരും പ്രചാരണത്തിനുണ്ടായിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പില്‍ ഇതാകില്ല സ്ഥിതി. ഇതുമനസ്സിലാക്കി സംഘടനയെ സജ്ജമാക്കണം. കെ.കരുണാകരന്റെ ശ്രമഫലമായി ഉണ്ടായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യം സാക്ഷാത്കരിക്കപ്പെടാത്തതില്‍ ദുഃഖമുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, മന്ത്രി വി.എസ്.ശിവകുമാര്‍, നേതാക്കളായ തലേക്കുന്നില്‍ ബഷീര്‍, എം.എം ഹസ്സന്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, കരകുളം കൃഷ്ണപിള്ള, ബിന്ദുകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.