തിരുവനന്തപുരം:
അറബിക്കടലില്‍ ഇതേവരെ സാന്നിധ്യം സ്ഥിരീകരിക്കാത്ത രണ്ടിനം കടല്‍പ്പക്ഷികളെ പൊന്നാനി ഭാഗത്ത് അറബിക്കടലില്‍ കണ്ടെത്തി. ഷോര്‍ട്ട് ടെയില്‍ഡ് ഷിയര്‍വാട്ടര്‍( കുറുവാലന്‍ തിരവെട്ടി), വെഡ്ജ് ടെയില്‍ഡ് ഷിയര്‍വാട്ടര്‍ എന്നീ കടല്‍ പക്ഷികളെയാണ് പതിനഞ്ചംഗ പക്ഷി നിരീക്ഷക സംഘം കണ്ടെത്തിയത്.

കുറുവാലന്‍ തിരവെട്ടിയുടെ സാന്നിധ്യം ഇന്ത്യയില്‍ ഇതിന് മുമ്പ് പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2013-ല്‍ ആണ് അത് രേഖപ്പെടുത്തിയത്. ചാലക്കുടി അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ പ്രവീണ്‍ ഇ.എസ്., പീച്ചിയിലെ കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സന്ദീപ് ദാസ്, കാലടി ശ്രീശങ്കര സര്‍വകലാശാല സോഷ്യോളജി വകുപ്പിലെ ദിലീപ് കെ.ജി. എന്നിവരുടെ ഈ കണ്ടെത്തല്‍ ഇന്ത്യന്‍ ബേര്‍ഡ്‌സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള വനംവകുപ്പ് ഗ്രീന്‍ പാര്‍ട്ട്‌ണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി കടല്‍പ്പക്ഷികളെ നിരീക്ഷിക്കാന്‍ നടത്തിയ യാത്രക്കിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പക്ഷികള്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് അവ ഇന്ത്യയില്‍ അപൂര്‍വമായെത്തുന്നവയാണെന്ന് കണ്ടെത്താനായതെന്ന് വനം മേധാവി ഡോ. ബ്രാന്‍സ്ഡണ്‍ കോറി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ സാധാരണ കാണുന്ന കടല്‍പ്പക്ഷിയാണ് ഷോര്‍ട്ട് ടെയില്‍ഡ് ഷിയര്‍വാട്ടര്‍. ടാസ്മാനിയ, ദക്ഷിണ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഉഷ്ണകാലത്ത് ഉത്തരാര്‍ധ ഗോളത്തിലേക്ക് ദേശാടനം നടത്തുന്നവയാണ് ഇവ. വെറും ആറാഴ്ച കൊണ്ട് ഇരുദിശകളിലേക്കുമായി 15,000 കിലോമീറ്ററാണ് ഇവ പറക്കുന്നത്. പൊന്നാനി തീരത്തുനിന്ന് 12 കിലോമീറ്റര്‍ ഉള്ളില്‍ െവച്ചാണ് കേരളത്തില്‍ നിന്നുള്ള സംഘം പക്ഷിയെ കണ്ടെത്തിയത്. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട ഷിയര്‍വാട്ടര്‍ പക്ഷികളുടെ കൂട്ടങ്ങള്‍ ഉണ്ടായിരുെന്നങ്കിലും അവയില്‍ നിന്ന് വേറിട്ടായിരുന്നു കുറുവാലന്‍ തിരവെട്ടിയെ കണ്ടെത്തിയത്. ഒരു പക്ഷി മാത്രമാണുണ്ടായിരുന്നത്. ഇടയ്ക്ക് വെള്ളത്തിനടിയിലേക്ക് മുങ്ങിയ പക്ഷി 15-20 സെക്കന്‍ഡുകള്‍ക്ക് ശേഷം ജലോപരിതലത്തില്‍ എത്തി. മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി കണ്ടതിനെ തുടര്‍ന്ന് തുടരെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നെന്ന് പ്രവീണ്‍ ഇ.എസ്. പറഞ്ഞു. തുടര്‍ന്നാണ് പക്ഷിയെ തിരച്ചറിയാനുള്ള ശ്രമം നടത്തിയത്. പൊന്നാനി തീരത്തേക്ക് മടങ്ങും വഴിയാണ് വെഡ്ജ് ടെയില്‍ഡ് ഷിയര്‍വാട്ടര്‍ പക്ഷിയെ കണ്ടെത്തിയത്. ഈ പക്ഷിയുടെ ചിത്രം 2011-ല്‍ കണ്ണൂര്‍ ഭാഗത്ത് കടലില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ട്.
ചില പക്ഷികള്‍ സാധാരണ ദേശാടനം നടത്തുന്ന സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് ദേശാടനം നടത്തുന്നതാകം അറബിക്കടലില്‍ ഇവയുടെ സാന്നിധ്യം ഉണ്ടായതിന് കാരണമെന്ന് പ്രവീണ്‍ ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ കാറ്റില്‍പ്പെട്ടോ മറ്റോ അപ്രതീക്ഷിതമായി എത്തിയതാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.