തിരുവനന്തപുരം: വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. കേന്ദ്രങ്ങള്‍ സെപ്തംബര്‍ 7ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍ നാടിന് സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ  ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവർത്തനക്ഷമമാകുന്നത്.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് 'ടേക്ക് എ  ബ്രേക്ക് . എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്‌ട്രോയര്‍, അജൈവമാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 100 സമുച്ചയങ്ങള്‍ പൂർത്തികരിച്ചിരുന്നു. 524 എണ്ണം ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. 

ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ ഹരിതകേരളം  മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്.  ആ കുതിപ്പിന് കരുത്ത് പകര്‍ന്നുകൊണ്ടാണ് വൃത്തിയും ശുചിത്വവുമുളള പൊതു ശുചിമുറികള്‍ യാഥാര്‍ത്ഥ്യമാകുന്നത്. 

തിരുവനന്തപുരം 13, കൊല്ലം 13, പത്തനംതിട്ട 14, ആലപ്പുഴ 9,  കോട്ടയം 10, ഇടുക്കി 1, എറണാകുളം 19, തൃശ്ശൂര്‍ 4, പാലക്കാട് 1, കോഴിക്കോട് 2, കണ്ണൂര്‍ 4, കാസര്‍കോട് 10 എന്നിങ്ങനെയാണ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.