പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി യുവതിയ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും മുന്‍പ് പ്രതികളായ എബ്രഹാം വര്‍ഗീസ്, ജെയിസ് ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. രാജ്യം വിടാതിരിക്കാന്‍ ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും പിടിച്ചെടുത്തു. കേസില്‍ രണ്ട് വൈദികര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

അറസ്റ്റിലാവാനുള്ള രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോതി തള്ളിയിരുന്നു. ഇവര്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് വരെ അപേക്ഷ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം  ഇവരുടെ വീടുകളില്‍ അന്വേഷണം നടത്തിയിരുന്നു. വിദേശത്തേക്ക് ഇവര്‍ കടന്നുകളയാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇവരുടെ പാസ്‌പോര്‍ട്ടും രേഖകളും പോലീസ് പിടിച്ചെടുത്തത്. 

പിടികിട്ടാനുള്ള വൈദികരില്‍ ജെയിസ് ജോര്‍ജ് ഡല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇയാളും കേരളത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് വിവരം. തിങ്കളാഴ്ച്ച ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യത കണക്കിലെടുത്ത് അതിന് മുന്‍പായി അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. അതേ സമയം ഈ രണ്ട് വൈദികരോടും എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടതായാണ് വിവരം. ഇവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. 

content highlights: Orthodox Church Sexual Assault Case