ന്യൂഡല്‍ഹി: പോലീസ് വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തി  ഇന്ത്യന്‍ ഭരണഘടനയുടേയും മനുസ്മൃതിയുടേയും  കോപ്പികള്‍ നല്‍കി ഏതെങ്കിലും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടാനായിരുന്നു സമരക്കാരുടെ ലക്ഷ്യം. സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് തഞ്ഞു. നിരവധി പേരെ അറസ്റ്റ് ചെയ്തു.

'യൂത്ത് ഹുങ്കാര്‍' എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. ഞങ്ങള്‍ ഇന്ത്യയുടെ നിയമവ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ലൗ ജിഹാദുകളല്ല. സ്‌നേഹത്തിന്റെയും പ്രണയത്തിന്റേയും വാക്താക്കളാണ്. ഫെബ്രുവരി 14-ന് പ്രണയദിനം ആഘോഷിക്കുമെന്നും മേവാനി റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. സര്‍ക്കാര്‍ തന്നെ ലക്ഷ്യമിട്ടിരിക്കുകയാണ്. പുണെ സംഘര്‍ഷത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നീ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റിവെച്ചാണ് ലൗജിഹാദും പശുവും ഘര്‍വാപസിക്കും ഇടം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റാലി ആരംഭിച്ചത്. ജിഗ്നേഷ് മേവാനിക്കൊപ്പം ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹല റാഷിദ്, ഉമര്‍ ഖാലിദ്, അസം കര്‍ഷക നേതാവ് അഖില്‍ ഗൊഗോയ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരും പങ്കെടുത്തു.

ദളിത് സംഘടനയായ ഭീം ആര്‍മി സ്ഥാകന്‍ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്. ദളിത്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.