ന്യൂഡല്‍ഹി: സംസ്‌കൃതഭാഷ പ്രോത്സാഹിപ്പിക്കാനായി മോഹന്‍ലാലിന്റെ ആമുഖത്തോടെ തയ്യാറാക്കിയ ഗാനസമാഹാരം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. സംസ്‌കൃത സപ്താഹോത്സവത്തിന്റെ ഭാഗമായാണ് തൃശ്ശൂര്‍ ആസ്ഥാനമായ 'സംസ്‌കൃതഭാരതി'യുടെ നേതൃത്വത്തില്‍ ഗാനസമാഹാരമൊരുക്കിയത്. മോഹന്‍ലാല്‍ സംസ്‌കൃതത്തില്‍ ഗാനങ്ങള്‍ പരിചയപ്പെടുത്തുന്നുവെന്നതാണ് ബി.ആര്‍. ശങ്കരനാരായണനും സതീഷ് രഘുനാഥനും ഒരുക്കിയ ഗാനസമാഹാരത്തിന്റെ പ്രത്യേകത. കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ പ്രകാശനംചെയ്തു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലുമുള്ള 'amaravaani.org' എന്ന വെബ്‌സൈറ്റും മന്ത്രി പ്രകാശനംചെയ്തു. ഗാനങ്ങളും അവയുടെ വരികളും വെബ്‌സൈറ്റിലുണ്ട്. സമാഹാരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി ആദരിച്ചു. ശങ്കര്‍ മഹാദേവന്‍, സുജാത, മധു ബാലകൃഷ്ണന്‍, ഹരിണി, കല്പന രാഘവേന്ദര്‍, അരുണാ സായിറാം, രമേഷ് വിനായകന്‍, വൈശാലി ശങ്കര്‍ കാര്‍ത്തിക എന്നിവരാണ് പാടിയത്. ഏഴുപാട്ടുകളാണ് ഇതിലുള്ളത്. ഏഴും പരിചയപ്പെടുത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.