തിരുവനന്തപുരം: ടി.പി. സെന്‍കുമാറാണ് പുതിയ സംസ്ഥാന പോലീസ് മേധാവി. വിരമിക്കുന്ന കെ.എസ്. ബാലസുബ്രഹ്മണ്യന് പകരമാണ് ഇപ്പോള്‍ ജയില്‍ മേധാവിയായ സെന്‍കുമാര്‍ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പി.യാകുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സെന്‍കുമാറിനെ ഡി.ജി.പി.യാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മഹേഷ്‌കുമാര്‍ സിംഗ്ല സംസ്ഥാനത്തേയ്ക്ക് തിരിച്ചുുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നെങ്കിലും മുഖ്യമന്ത്രി അത് നിരസിക്കുകയായിരുന്നു.

1983 ബാച്ചില്‍പ്പെട്ട സെന്‍കുമാറിന് 2017 ജൂണ്‍ വരെ സര്‍വീസ് ഉണ്ട്. തൃശൂര്‍ സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള സെന്‍കുമാര്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ നിന്നാണ് പോലീസ് സേനയിലെത്തിയത്. 2008ല്‍ കെ.എസ്. ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി. പിന്നീട് ഇന്റലിജന്‍സ് മേധാവിയായും സേവനം അനുഷ്ഠിച്ചു. 2013നാണ് അലക്‌സാണ്ടര്‍ ജേക്കബിന് പകരം ജയില്‍ ഡി.ജി.പിയുടെ അധികചുമതല ഏല്‍പ്പിക്കപ്പെട്ടത്.