കാസര്‍കോട്: വികസനപ്രവര്‍ത്തനത്തിന് അത്യാവശ്യമെങ്കില്‍ വനം ഉപയോഗിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പക്ഷേ, ഉപയോഗിക്കുന്ന വനത്തിന് പകരമായി ഇരട്ടി മരം നടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നരേന്ദ്രമോദി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമമേഖലയിലെ ബസ്സ്റ്റാന്‍ഡ് അടക്കമുള്ള വികസനപ്രവര്‍ത്തനത്തിന് വനഭൂമി വിട്ടുനല്കണമെന്ന നിരവധി നിവേദനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതിനുള്ള മറുപടിയാണ് ഇരട്ടി വനവത്കരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വേഗത്തില്‍ തീരുമാനമെടുക്കുന്ന സര്‍ക്കാറാണ് മോദിയുടേത്. പ്രധാനമന്ത്രിയും മന്ത്രിമാരും ഒരു ടീം ആണ്. കള്ളന്മാര്‍പോലും മോഷ്ടിക്കാത്ത കല്‍ക്കരി കട്ടവരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മോദി ഉലകം ചുറ്റുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യകാലത്ത് മന്‍മോഹന്‍സിങ്ങും വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അത് ആരും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനം ലോകമാകെ അറിയുന്നു. കയ്യടികള്‍ക്കിടയിലൂടെയാണ് മോദിയുടെ യാത്രയെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. കേരളത്തില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുമുന്നണി ലീഗിന് വോട്ട് ചെയ്യുന്ന സ്ഥിതിയെ മന്ത്രി വിമര്‍ശിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, പ്രമീള സി.നായ്ക്, മടിക്കൈ കമ്മാരന്‍, എം.സഞ്ജീവ ഷെട്ടി, പി.രമേഷ്, എസ്.കുമാര്‍ എന്നിവര്‍ സംസാരിച്ചു.