ന്യൂഡല്‍ഹി: യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്.

പദവിയില്‍ താഴ്ന്ന ആളോടാണ് ചൈനയില്‍ കടകംപള്ളി ചര്‍ച്ച നടത്തേണ്ടിയിരുന്നത് എന്നതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് വി.കെ സിങ് വ്യക്തമാക്കി. പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തുന്നത് അഭിമാനകരമല്ലെന്നും രാജ്യത്തിന് അഭിമാനമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം പോകാനിരുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

യാത്രാനുമതി നിഷേധിച്ച തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. ചൈനയില്‍ നടക്കുന്ന ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സംസ്ഥാനമാണ് കേരളം. ഐക്യരാഷ്ട്രസഭ ടൂറിസം രംഗത്തെ പ്രാധാന്യം പരിഗണിച്ചാണ് കേരളത്തെ തിരഞ്ഞെടുത്തതെന്നും ഇതാരുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായല്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.