തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസ് മല എലിയെ പ്രസവിച്ച പോലെയെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. കവർച്ചാ കേസിൽ പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു അംശം തെളിവ് പോലും കാണിക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതിവെച്ചിരിക്കുന്നത്. പരസ്പര വിരുദ്ധങ്ങളായ രണ്ട് മൊഴികളാണ് ധർമ്മരാജന്റെ പേരിൽ എഴുതി വെച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അന്വേഷണ ഏജൻസി ധർമ്മരാജന്റെ രഹസ്യമൊഴി എടുത്തില്ല എന്നും സുരേന്ദ്രൻ ചോദിച്ചു.

കുറ്റപത്രത്തിലൂടെ പുറത്ത് വന്നത് 'ഹിസ് മാസ്റ്റേഴ്സ് വോയ്സാണ്'. അത് കുറ്റപത്രമല്ല ഒരു രാഷ്ട്രീയ പ്രമേയമാണ്. സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയം കുറ്റപത്രമാക്കി കോടതിയിൽ നൽകിയിരിക്കുകയാണെന്നും ഈ കേസിൽ ബി.ജെ.പിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ സാധിക്കില്ല. തങ്ങൾ ഒരു തരത്തിലുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നും ഏത് കോടതിയിലും ഇത് തെളിയിക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം കരുവന്നൂർ ബാങ്ക് കവർച്ച കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും ബന്ധമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ബാങ്കിലെ പണം നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും എ വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ ബിന്ദു മത്സരിച്ച മണ്ഡലത്തിലും ഈ പണമെത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

കരുവന്നൂരിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ട കേസല്ല ഇത്. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ പലരും വിദേശത്താണ്. അന്വേഷണം നടത്തിയാൽ പല സി.പി.എം. നേതാക്കളും കുടുങ്ങും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം. നേതാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഇത് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷപകർ ഉറപ്പിച്ചു പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അന്വേഷിക്കണമെന്നും ബി.ജെ.പി പരാതി നല്‍കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Content Highlights: 'his master's voice': bjp state president k surendran says about kodakara hawala case charge sheet