കല്‍പ്പറ്റ: 'എന്റെ മകനാണിത്. ഇവന്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. നിങ്ങളൊക്കെ കാണുന്നതിന് മുന്‍പ് ഞാനാണ് ഈ മുഖം കണ്ടത്', രാഹുലിനോടൊപ്പമുണ്ടായിരുന്നവരോട് രാജമ്മ പറഞ്ഞു. തുടര്‍ന്ന് കൈയ്യിലിരുന്ന ചോക്ലേറ്റ് രാഹുലിന് നല്‍കി. 

'ഇത് തരുന്നതിന് എനിക്ക് ആരുടെയും അനുവാദം വേണ്ട. ഇത് അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്', സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു താക്കീതും.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയപ്പോഴായായിരുന്നു നാടകീയവും വികാരഭരിതവുമായ രംഗങ്ങള്‍ അരങ്ങേറിയത്. രാഹുലിന്റെ ജനന സമയത്ത് പരിചരിച്ച നേഴ്സ് ആണ് ബത്തേരി നായ്ക്കട്ടി സ്വദേശി വാവത്തില്‍ രാജമ്മ. രാഹുല്‍ ഗാന്ധിയെ കാണുന്നതിനും സ്നേഹം പുതുക്കുന്നതിനും വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു അവർ.

രാജമ്മ ഡല്‍ഹിയില്‍ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. അന്ന് രാജമ്മയാണ് ആശുപത്രിയില്‍ രാഹുലിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ആ സ്‌നേഹവും കരുതലുമാണ് രാഹുലിനോടുള്ള സ്‌നേഹത്തിന് പിന്നില്‍.

'തന്നയയ്ക്കാന്‍ ഒരുപാട് സംഗതികളുണ്ട്. എന്നാല്‍ താങ്കള്‍ക്ക് സമയമില്ലെന്ന് അറിയാം', രാജമ്മ പറഞ്ഞു. സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സുഖവിവരങ്ങള്‍ അന്വേഷിച്ച രാജമ്മ, അമ്മയ്ക്കും സഹോദരിക്കും ആശംസകള്‍ കൈമാറുകയും ചെയ്തു. നെറുകയില്‍ ചുംബനം നല്‍കിയാണ് രാഹുല്‍ ഗാന്ധിയെ യാത്രയാക്കിയത്. 

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

rahul gandhi
2019ല്‍ കല്‍പറ്റ റസ്റ്റ്ഹൗസില്‍ രാഹുല്‍ ഗാന്ധി നഴസ് രാജമ്മയെ ആശ്ലിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടര്‍മാരോട് നന്ദിപറയാനായി വയനാട്ടിലെത്തിയ ആദ്യ വരവില്‍ത്തന്നെ രാഹുല്‍ രാജമ്മയെ കണ്ടിരുന്നു. കല്പറ്റയിലെ ഗവ. റെസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. ആശുപത്രിവിടുംവരെ കുഞ്ഞുരാഹുലിനെ ഏറെ എടുത്തുനടന്ന കാര്യം അന്ന് രാജമ്മ അനുസ്മരിച്ചിരുന്നു. രാജമ്മ താന്‍ ഉണ്ടാക്കിയ ചക്ക ഉപ്പേരിയും ചോക്ലേറ്റുകളും അന്ന് രാഹുലിന് നല്‍കുകയും ചെയ്തിരുന്നു.

Content Highlights: ‘He’s my son’, says nurse Rajamma, hands over sweets to Rahul Gandhi