തൃശ്ശൂര്‍: ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിനിയുടെ ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ തെളിവ് ലഭിക്കുന്നതു പ്രകാരം കൊലപാതക കുറ്റവും ഇവര്‍ക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ അയല്‍കാരുടെയും റിനിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരുടെയും മൊഴിയും സംഘം ശേഖരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ട റിനിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ പോലീസ് ശ്രമിച്ചതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി  പോലീസ് തിരുത്തിയതായാണ് ആരോപണം. 

പോലീസ് ആത്മഹത്യ എന്ന് എഴുതി തള്ളിയ റിനിയുടെ മരണത്തിന് ഏതാനും ദിവസം മുമ്പെടുത്ത റിനിയുടെ മൊഴി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു.  ഭര്‍ത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നായിരുന്നു റിനിയുടെ മൊഴി. എന്നാല്‍ ഭര്‍ത്താവും അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്നാണ് പോലീസ് രേഖപ്പെടുത്തിയ മൊഴി. തന്റെ മുന്നില്‍ വെച്ച് മകള്‍ കൊടുത്ത മൊഴി പോലീസ് മാറ്റുകയായിരുന്നെന്ന് റിനിയുടെ അമ്മ ആരോപിച്ചിരുന്നു.