രാമായണം വീണ്ടും പ്രദര്‍ശിപ്പിക്കുന്നതിനല്ല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഡി. രാജ.

മനസ്സു തകര്‍ക്കുന്ന കാഴ്ചകളാണ് ഡല്‍ഹിയിലും പരിസരങ്ങളിലും നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ''രണ്ടു ദിവസമായി ഞങ്ങള്‍ക്ക് ഭക്ഷമണമില്ല. കൊറോണ പിടിച്ചാലും കുഴപ്പമില്ല, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ പോയി മരിച്ചുകൊള്ളാം. '' എന്നാണ് കുടിയേറ്റ തൊഴിലാളികള്‍ പറയുന്നത്. ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പതിനായിരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പലായനത്തെക്കുറിച്ച് എന്ത് പറയുന്നു?

ഞെട്ടിപ്പിക്കുന്ന കാഴ്ചയാണിത്. മന:സാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനാവാത്ത ദൃശ്യങ്ങള്‍. തൊഴിലും ഭക്ഷണവുമില്ലാത്ത അവസ്ഥയില്‍ ഈ പാവങ്ങള്‍ അവരുടെ നാട്ടിലേക്ക് തിരിച്ചുപോവാനൊരുങ്ങും എന്ന് ഭരണകൂടം മുന്‍കൂട്ടിക്കാണണമായിരുന്നു.

ഈ പ്രതിസന്ധി ഇനിയിപ്പോള്‍ എങ്ങിനെയാണ് നേരിടാനാവുക?

ഇന്ത്യയിലെ ദരിദ്രരില്‍ ദരിദ്രരാണ് കുടിയേറ്റ തൊഴിലാളികള്‍. കൊറോണയ്ക്കെതിരായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ ഇവരെക്കുറിച്ച് ഒരാലോചനയുമുണ്ടായില്ലെന്നതാണ് വാസ്തവം. ഇനിയിപ്പോഴെങ്കിലും ചെയ്യേണ്ടത് ചെയ്യാന്‍ ഭരണകൂടം തയ്യാറാവണം.

എന്ത് നടപടികളാണ് താങ്കള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നത്?

കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസിക്കാനായി അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കണം. ഇതിനായി സ്‌കൂളുകളും മറ്റ് കേന്ദ്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇപ്പോള്‍ തെരുവിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ഗതാഗത സംവിധാനമേര്‍പ്പെടുത്തണം. ആയിരം ബസ്സുകള്‍ ഇറക്കുമെന്ന് യു പി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എവിടെയാണാ ബസ്സുകള്‍? വാസ്തവത്തില്‍ കേരളസര്‍ക്കാരിനെ മാതൃകയാക്കുകയാണ് കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ അങ്ങേയറ്റം സഹാനുഭൂതിയോടയാണ് കാണുന്നത്. ഈ സഹാനുഭൂതി ഇല്ലാതെ പോവുന്നതാണ് കാതലായ പ്രശ്നം.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന് വിമര്‍ശമുണ്ട് ?

ശരിയാണ്. നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തീര്‍ത്തും അപര്യാപ്തമാണ്. ഇവരുടെ മുന്‍ഗണനാപട്ടികയില്‍ രാമായണത്തിന്റെ പുന: സംപ്രേഷണമാണുള്ളത്. എല്ലാം വര്‍ഗ്ഗീയതയുടെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ്. രാമായണമല്ല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് മുഖ്യം.  എന്തിനാണ് കേന്ദ്ര മന്ത്രി ഇത്തരമൊരു പ്രഖ്യാപനവുമായി വരുന്നത്. ഇതിനാണോ  ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്. കൊറോണയ്ക്കെതിരെയുള്ള യുദ്ധം മഹാഭാരത യുദ്ധം പോലെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തു താരതമ്യമാണത്?