ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയേയും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത് ദാസിനെയും പുറത്താക്കണമെന്ന് ബിജെപി നേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. '' പി കെ മിശ്രയെ പുറത്താക്കി പ്രധാനമന്ത്രിയുടെ ഓഫിസ് ശുദ്ധീകരിക്കണം. '' He is crooked and sadistic. ( അദ്ദേഹം വക്രബുദ്ധിയും മറ്റുള്ളവരുടെ വേദനയില്‍ ആഹ്ളാദിക്കുന്നയാളുമാണ്. ) ''  ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ശുദ്ധീകരിക്കണമെന്നാണ് താങ്കള്‍ ആവശ്യപ്പെടുന്നത്?

തീര്‍ച്ചയായും. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ ഇതേ ആവശ്യം ഞാന്‍ ഉന്നയിച്ചിരുന്നു. മൊത്തം ഒരു ശുദ്ധികലശം വേണമെന്നാണ് ഞാന്‍ ചന്ദ്രശേഖറിനോടാവശ്യപ്പെട്ടത്. ചന്ദ്രശേഖര്‍ തിരിച്ചെന്നോട്  അതിനാവശ്യമുള്ള നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. താങ്കളുടെ ഓഫിസാണെന്നും താങ്കളാണ് ശുദ്ധീകരിക്കേണ്ടതെന്നും ഞാന്‍ ചന്ദ്രശേഖറിനോട് പറഞ്ഞു. എന്നാല്‍ അടുത്തറിയാവുന്നവരെ പറഞ്ഞുവിടാന്‍ തനിക്കാവില്ലെന്നായിരുന്നു ചന്ദ്രശേഖറിന്റെ മറുപടി. ഒടുവില്‍ ഞാന്‍ തന്നെയാണ് ശുദ്ധികലശം നടത്തിയത്. മൊണ്ടെക്സിങ്, റൊണെന്‍സെന്‍,  ക്യാബിനറ്റ് സെക്രട്ടറി എന്നിവരെയൊക്കെ ഞാനാണ് പറഞ്ഞു വിട്ടത്. നാളെ മുതല്‍ നിങ്ങളുടെ സേവനം ആവശ്യമില്ലെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

subramanian swamyഒമ്പത് വര്‍ഷം ശരദ് പവാറിന്റെ കൂടെയായിരുന്നു പി കെ മിശ്ര. പല സത്യസന്ധരായ  ഉദ്യോഗസ്ഥരെയും അനാവശ്യമായി ലക്ഷ്യമിടുകയാണ് പി കെ മിശ്ര. വാസ്തവത്തില്‍ നൃപേന്ദ്ര മിശ്രയെ പിഎംഒയിലേക്ക് തിരിച്ചു കൊണ്ടുവരണം. കാര്യപ്രാപ്തിയുള്ള മിടുക്കരായ ചെറുപ്പക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വേണം. എന്നോട് ചോദിച്ചാല്‍ കുറച്ചുപേരുടെ പട്ടിക ഞാന്‍ കൊടുക്കാം.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്ന് ശക്തികാന്ത് ദാസിനെയും അടിയന്തരമായി പുറത്താക്കണം. വെറും മണ്ടത്തരങ്ങളാണ് ദാസ് പറയുന്നത്.  വരുന്ന ജൂണോടെ ഏകദേശം എട്ടു ലക്ഷം കോടി രൂപയെങ്കിലും റിസര്‍വ്വ് ബാങ്കില്‍ വിവിധ ബാങ്കുകളുടെ നിക്ഷേപമായുണ്ടാവും. ലോക്ക്ഡൗണിനു മുമ്പ് ഇത് 40,000 കോടി രൂപ മാത്രമായിരുന്നു. ഇത്രയും പണം കൈയ്യിലുള്ളപ്പോഴാണ് വായ്പ കൊടുക്കണമെന്ന് ദാസ് ബാങ്കുകളെ ഉപദേശിക്കുന്നത്. ബാങ്കുകളുടെ പണം റിസര്‍വ്വ്ബാങ്കിന്റെ കൈയ്യിലാണ്. ബാങ്കുകള്‍ എവിടെ നിന്നെടുത്താണ് വായ്പ കൊടുക്കുക. തമിഴ്നാട്ടില്‍ ഉദ്യോഗസ്ഥനായിരുന്ന കാലം മുതല്‍ ദാസിനെ എനിക്കറിയാം. ഹീ ഈസ് എ ക്രൂക്ക്. അരുണ്‍ജെയ്റ്റ്ലിയാണ് ദാസിനെ കൊണ്ടുവന്നത്. ഒരു തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്ത ജെയ്റ്റ്ലി.

ഡോക്ടര്‍ സ്വാമി കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി മോദിയെയും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനെയും താങ്കള്‍ പ്രശംസിക്കുന്നുണ്ട്?

തീര്‍ച്ചയായും. ഇന്ത്യയില്‍ ഇന്ന് കൊവിഡ് 19 മരണങ്ങള്‍ ഇത്രയും കുറഞ്ഞതിന്റെ ബഹുമതി ഇവര്‍ രണ്ടുപേര്‍ക്കും വലിയതോതില്‍ അവകാശപ്പെട്ടതാണ്. ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന് ഭാരതരത്നം കൊടുക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുക.

പക്ഷേ, വെറും നാലു മണിക്കൂര്‍ മാത്രം നോട്ടിസ് നല്‍കി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ് ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞത്?

ലോക്ക്ഡൗണിന് ഫലമുണ്ടായത് കാണാതിരിക്കരുത്.

പക്ഷേ, നാലുമണിക്കൂര്‍ മാത്രമുള്ള മുന്‍കൂര്‍ നോട്ടിസ്?

ആ വാദത്തില്‍ ഒരു പോയിന്റുണ്ട്. അതെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാനില്ല. ജനവരി 30ന് കേരളം ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തു. അതു കഴിഞ്ഞിട്ടാണ് പാര്‍ലമെന്റ് സമ്മേളനം നടന്നത്. ഞാനതില്‍ പങ്കെടുത്തില്ല.

നമസ്തേ ട്രംപ് നടന്നത് ഫെബ്രുവരി 24നാണ്?

തബ് ലീഗ് ജമാ അത്തിനെക്കുറിച്ച് പറയാത്തതെന്താണ്. നിങ്ങളെപ്പോലുള്ള വ്യാജ മതേതര വാദികള്‍ക്ക് അതെക്കുറിച്ച് പറയാന്‍ മടിയായിരിക്കും.

കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ നിശിത വിമര്‍ശമാണ് താങ്കള്‍ ഉയര്‍ത്തുന്നത്?

കാര്യങ്ങള്‍ അറിയാവുന്നവരാണ് അവിടെ വേണ്ടത്. കഴിവുള്ളവരെ കേന്ദ്ര ധനമന്ത്രാലയത്തിലേക്ക് കൊണ്ടുവരണം.

താങ്കളെ എന്തുകൊണ്ട് ധനമന്ത്രിയാക്കുന്നില്ല എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്?

എനിക്കറിയാം. ഒരുപക്ഷേ, ഞാനുമായി ബന്ധപ്പെട്ട് ഒരു വിവാദമില്ലാത്ത സംഗതി ഇതായിരിക്കാം. ഇക്കാര്യത്തില്‍ ഒരഭിപ്രായം പറയാന്‍ ഞാനില്ല. പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്.

താങ്കളെ ധനമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മടിക്കുന്നത്?

Subramanian Swamyഇതിന് ഞാന്‍ അഭിപ്രായം പറയുന്നില്ല. എനിക്ക് മറ്റുള്ളവരെപ്പോലെ പ്രവര്‍ത്തിക്കാനാവില്ല. ചന്ദ്രശേഖറും നരസിംഹറാവുവും  തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. അത്തരം പ്രവര്‍ത്തന പരിസരമാണ് വേണ്ടത്. ധനമന്ത്രിയായി ആരെക്കൊണ്ടുവരണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ജനങ്ങളുടെ ശബ്ദം കേള്‍ക്കണം.

ഈ നിലയ്ക്ക് കാര്യങ്ങള്‍ പോയാല്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി എന്താവും?

വന്‍ തകര്‍ച്ചയാണ് നമ്മളെ കാത്തിരിക്കുന്നത്.

എട്ടു ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജാണ് താങ്കള്‍ മുന്നോട്ടു വെയ്ക്കുന്നത്?

പ്രധാനമായും മൂന്നു മാര്‍ഗ്ഗങ്ങളിലൂടെ എട്ട് ലകഷം കോടി രൂപ കണ്ടെത്താനാവും. റിസര്‍വ്വ് ബാങ്ക് കൂടുതല്‍ നോട്ട് അച്ചടിക്കുക എന്നതാണ് ഒരു വഴി.  ആവശ്യം ( ഡിമാന്റ് ) ലഭ്യത ( സപ്ലൈ ) യെ മറികടക്കുന്നില്ലെന്ന് മാത്രമാണ്  ഇവിടെ ഉറപ്പുവരുത്തേണ്ടത്. വരുന്ന ജൂണോടെ റിസര്‍വ്വ് ബാങ്കിന്റെ റിസര്‍വ്വ് റിപ്പൊ ഡെപ്പോസിറ്റില്‍ ബാങ്കുകള്‍ എട്ടു ലക്ഷം കോടി രൂപയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടാകും. മൂന്നര ശതമാനം പലിശയാണ് ഇതിന് ബാങ്കുകള്‍ക്ക് ലഭിക്കുക. വ്യവസായ ശാലകളുടെ വേതന ഇതര പണമിടപാടുകള്‍ ഈ അക്കൗണ്ടില്‍പെടുത്തി ചെക്കായി നല്‍കുകയാണ് ചെയ്യേണ്ടത്‌. സാമ്പത്തിക ഉത്തേജനത്തിനുള്ള രണ്ടാമത്തെ വഴി ആദായ നികുതി പൂര്‍ണ്ണമായും റദ്ദാക്കുകയാണ്‌. പഴയ വായ്പകളുടെ കുടിശ്ശികയും ജി എസ് ടി കുടിശ്ശികയും മരവിപ്പിക്കുന്നതും സമ്പദ് മേഖലയെ ഉത്തേജിപ്പിക്കും.

2016 മുതലിങ്ങോട്ട് ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ മിക്കവാറും എല്ലാ തലങ്ങളിലും വളര്‍ച്ച കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കൊവിഡ് 19 അതിന്റെ വേഗം കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.  2019 ഏപ്രിലിനും  2020 ഫെബ്രുവരിക്കുമിടയില്‍ ഈ തളര്‍ച്ച കൂടുതല്‍ പ്രകടമായിരുന്നു. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ നിലവിലുള്ള പ്രതിസന്ധി മറികടക്കാനാവില്ല.

2012ല്‍ ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെ 22 ശമാനം പേരുണ്ടായിരുന്നുവെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ (എന്‍ എസ് എസ് ഒ ) പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തിയത്. 2017 - 18 ല്‍ എന്‍ എസ് എസ് ഒ സര്‍വ്വെ നടത്തിയെങ്കിലും കണക്കുകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നൊബേല്‍ സമ്മാന ജേതാവ് പോള്‍ സാമുവല്‍സനുമൊത്ത് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍  ഞാന്‍ രൂപം നല്‍കിയ മാതൃക പ്രകാരം കൊറോണ അനന്തര ഇന്ത്യയില്‍ 51 കോടി ജനങ്ങള്‍ (40 ശതമാനം) ദാരിദ്ര്യ രേഖയ്ക്കു കീഴിലെത്തിയിട്ടുണ്ടാവും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ആഗോള ശക്തിയാവാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ അപമാനമാണിത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി 50,000 കോടി രൂപ വിതരണം ചെയ്യണം.

ചൈനയിലും അമേരിക്കയിലും വിപുലമായ ബന്ധങ്ങള്‍ താങ്കള്‍ക്കുണ്ട്. കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
കൊറോണ വൈറസ് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നും പുറത്തുവന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. അത് പക്ഷേ, അബദ്ധത്തില്‍ സംഭവിച്ചതാവാനാണ് സാദ്ധ്യത. ചൈന കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്. ഇത്തരം കാര്യങ്ങള്‍ അവിടെ രാഷ്ട്ര രഹസ്യമാണ്. തങ്ങള്‍ക്ക് പറ്റിയ അബദ്ധം അവര്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. മാര്‍ക്കറ്റില്‍ നിന്ന് വന്നതാണ് വൈറസ് എന്ന് കരുതാനാവില്ല.