സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായ കേസ്
താഹ: യു.എ.പി.എക്കെതിരെ സംസാരിക്കുകയും അതേ സമയം മറ്റൊരു നിലപാട് എടുക്കുകയും ചെയ്യുന്ന സി.പി.എം സംവിധാനത്തെ ഞങ്ങള്‍ക്കും സമൂഹത്തിനും മനസ്സിലാക്കാന്‍ പറ്റിയത് ഈ കേസിലൂടെയാണ്. കമ്മ്യൂണിസം പറയുകയും യു.എ.പി.എക്കെതിരെ സംസാരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ എടുക്കുന്ന ഒരു നിലപാടില്‍ വ്യത്യാസമുണ്ട്. 

അലന്‍: കേരളത്തില്‍ ആദ്യമായി യു.എ.പി.എ കൊണ്ടുവരുന്നത് സിപിഎം ആണ് വിഎസ്.അച്ച്യുതാനന്ദന്റെ കാലത്ത്. ദേശീയ തലത്തില്‍ സി.പി.എം യു.എ.പി.എ കേസുകള്‍ ഒരു വലിയ പ്രശ്‌നമായി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവിടെ സംഭവിക്കുന്നതോ എന്‍.ഐ.എ കേസില്‍ പെട്ട ഇബ്രാഹിം ഇപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ഇബ്രാഹിം ജയിലില്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്.  സ്റ്റാന്‍ സ്വാമിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവരാണ് ഇവിടെ അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം കേസുകള്‍ എടുത്തുക്കുന്നത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്.

താഹ: അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം വലിയ രീതിയില്‍  ഉണ്ട്. അതാണ് ഈ കേസില്‍ പ്രകടമായത്. 

മുഖ്യമന്ത്രിയുടെ പ്രസ്താവന പാടില്ലാത്തതായിരുന്നു

താഹ: ഞങ്ങളുടെ അറസ്റ്റിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്  ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റിലായത് എന്നാണ്. ഞങ്ങള്‍ എന്തിനുപോയി എന്നതല്ല വിഷയം അന്വേഷണം നടക്കുന്ന ഒരു ഘട്ടത്തില്‍ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആള് പറായാന്‍ പാടുള്ളതല്ല അദ്ദേഹം സംസാരിച്ചിട്ടുള്ളത്. 

അലന്‍: ഇനി ചായ കുടിക്കാന്‍ പോയാല്‍ തന്നെ ഞങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തുമോ എന്ന ഒരു ചോദ്യം കൂടി ഉണ്ട്. കാരണം പല കേസുകളിലും കോടതി പറയുന്നുണ്ട് ഏത് ആശയത്തില്‍ വിശ്വസിച്ചാലും യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന്. 

ഇപ്പോളും പാര്‍ട്ടിയില്‍ വിശ്വസിക്കുന്നുണ്ടോ?
അലന്‍: രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കല്ല, ചിലകാര്യങ്ങളെ ഞങ്ങള്‍ നോക്കികാണുന്ന രീതിക്കാണ് മാറ്റം വന്നത്. കേസ് വന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി, പാര്‍ട്ടിയില്‍ ഇല്ല എന്നത് കൊണ്ട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റല്ലാതാവുന്നില്ല. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ്, അതിലൊരു മാറ്റവും സംഭവിക്കുന്നില്ല. സിപിഎമ്മില്‍ ഇപ്പോള്‍ ഒരു ജാഥയ്ക്ക് കയറുന്നതും ഇറങ്ങുന്നതും പോലെയാണ് കാര്യങ്ങള്‍ അതോട് കൂടി കഴിഞ്ഞു പ്രവര്‍ത്തനം. ഞങ്ങള്‍ അങ്ങനെയല്ല, രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുകയും അത് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. 

ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു
അലന്‍: ഞങ്ങളുടെ കേസില്‍ ഒരു രാഷ്ട്രീയനിലപാടിന്റെ കൂടി പ്രശ്‌നമുണ്ട്. പോലീസിന്റെ ഭാഗത്ത് കുറേ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും മറ്റും വന്നത് കൊണ്ട് കൂടിയാണ് ഈ കേസ് ഇങ്ങനെയായത്. ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നത് തന്നെയാണ് യാഥാര്‍ഥ്യം. കെ.എ.നജീബിന്റെ കേസില്‍ സുപ്രീംകോടതിയുടെ ഒരു പരാമര്‍ശം ഉണ്ട്. ഒരാളുടെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ടാല്‍ പോലും അയാളെ അനന്തമായി ജയിലില്‍ അടക്കാന്‍ പറ്റില്ല, ഒരു കൊല്ലം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയോ ജാമ്യം നല്‍കുകയോ വേണം എന്നതാണ്. അത് ഒന്നുകൂടി ഉറപ്പിക്കുന്ന വിധിയാണ് ഞങ്ങളുടേത്, ഇന്ത്യയിലുള്ള മറ്റെല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും, യു.എ.പി.എ ആക്ടീവിസ്റ്റുകള്‍ക്കും എന്‍.ഐ.എ കേസിലുള്ളവര്‍ക്കും എല്ലാ ഉപകാരപ്പെടുന്നതാണ് ഈ വിധി.

മാവോയിസം പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ
താഹ: നിലവിലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളില്‍ അസ്വസ്ഥതപ്പെടുന്നവരാണ് ഞങ്ങള്‍. അത്തരം പ്രശ്‌നങ്ങള്‍ എങ്ങനെ പഠിക്കണമെന്ന് ആലോചിക്കുകയും ആ രീതിയില്‍ പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ക്‌സിനേയും അംബേദ്ക്കറിനേയും മാവോയേയും ലെനിനേയും ഭഗത് സിങിനേയും എല്ലാം വിമര്‍ശനാത്മകമായി പഠിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. 

അലന്‍: അത് എല്ലാ മനുഷ്യരും അല്ലെങ്കില്‍ യുവാക്കളും നടത്തുന്ന പഠനങ്ങളും അന്വേഷണങ്ങളും ആണ്. 

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ യു.എ.പി.എ ഉപയോഗിക്കുന്നുണ്ടോ ?
അലന്‍: ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാം എന്ന രീതിയിലാണ് നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതും മനസ്സിലാക്കപ്പെടേണ്ടതും ആണ്. 
താഹ: നിലവില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുന്നവരേയും വിമത ശബ്ദങ്ങളേയും എല്ലാം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം ആളുകള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്, ആ രീതി പുനപരിശോധിക്കപ്പെടുക എന്നാല്‍ ഈ നിയമം തന്നെയാണ് ഇല്ലാതാക്കപ്പെടേണ്ടത്. 

ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍
താഹ: ഒരു സിസ്റ്റം മുഴുവന്‍ എന്നും നമ്മുടെ മുകളില്‍ മുള്ളുവെച്ചു കുത്തുന്ന അനുഭവമാണ് ജയിലിലേത്, മാനസിക പീഡനങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ജാമ്യം റദ്ദ് ചെയ്ത് വീണ്ടും ജയിലിലേക്ക് പോയപ്പോള്‍ അഞ്ച് മാസത്തോളം ഒറ്റസെല്ലില്‍ കോവിഡ് സാഹചര്യം പറഞ്ഞ് അടച്ചുപൂട്ടുകയാണ് ചെയ്തത്, പുസ്തകങ്ങളില്ല, പത്രം ഇല്ല, വീട്ടില്‍ നിന്നും പഠിക്കാനുള്ള പുസ്തകങ്ങള്‍ അയക്കുന്നത് പോലും കിട്ടിയില്ല. ഇതൊന്നും ചോദിച്ചിട്ടും കാര്യമില്ല. മറ്റുള്ള തടവുകാര്‍ക്ക് ശാരീരിക പീഡനങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട്. എല്ലാ തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ് ജയില്‍. 
അലന്‍ : കേരളത്തിലെ ജയിലുകള്‍ കുറേക്കൂടി ഭേദമല്ലെ എന്ന് പലരും ചോദിക്കാറുണ്ട്. കേരളത്തില്‍ ഒട്ടും മോശമല്ല, ഞങ്ങള്‍ കാക്കനാട് ജയിലില്‍ കിടക്കുന്ന സമയത്ത്  സിപിഎമ്മുകാര്‍ പറഞ്ഞിരുന്നത് എന്‍.ഐ.എ കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്നായിരുന്നു. എന്നാല്‍ ജയില്‍ ഭരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ജയിലില്‍ അടിസ്ഥാനമായിട്ടുള്ള മനുഷ്യാവകാശങ്ങള്‍ പോലും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാരോ ശ്രമിക്കുന്നില്ല. നിയമ വിദ്യാര്‍ത്ഥിയായ എനിക്ക് എന്റെ കരിയറിന് കൂടി മുതല്‍ക്കൂട്ടാവുന്നതാണ് ജയിലിലെ അനുഭവങ്ങള്‍. പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ജയിലിന്റെ വെള്ള പൂശിയ ഭാഗംമാത്രമേ കാണാനാകൂ. ഇത് അതിനപ്പുറമുള്ള കറുത്ത ചിത്രം കൂടി കാണാന്‍ പറ്റി
താഹ: ജയിലില്‍ പലരേയും അടിക്കുന്നതും മര്‍ദ്ദിക്കുന്നതും കൃത്യമായ ചികിത്സ കൊടുക്കാത്തതും നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് പോലും പല്ലിന് ചികിത്സ കിട്ടിയത് പലതവണ കോടതിയില്‍ പറഞ്ഞിട്ടാണ്. പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനങ്ങള്‍ ഉണ്ട്. മനുഷ്യാവകാശ ലംഘനങ്ങള്‍ നമുക്ക് ചുറ്റും ലൈവായി ഉണ്ട്, 

അലനും താഹയേയും സമൂഹം പരിഗണിച്ചത് രണ്ട് രീതിയിലാണ് അത് എന്തുകൊണ്ടാവാം?
താഹ: ഇത്തരം കേസുകളില്‍ പെടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങള്‍ പരസ്പരം ആശ്വാസമാകുന്ന രീതിയില്‍ ഒരു ബന്ധം ഉണ്ടാവാറുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ അത് ഉണ്ടായിട്ടില്ല. അത് 
എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. എനിക്കുവേണ്ടി സംസാരിച്ചവര്‍ അലനുവേണ്ടിയോ അലനുവേണ്ടി സംസാരിച്ചവര്‍ എനിക്കുവേണ്ടിയോ സംസാരിച്ചിട്ടില്ല. 
അലന്‍: താഹ വീണ്ടും ജയിലിലായപ്പോള്‍ എനിക്ക് വേണ്ടി സംസാരിച്ച പലരും ഒന്നും പറഞ്ഞിട്ടില്ല. ജയിലിന് അകത്ത് പോലും അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താഹയെ തല്ലിയിട്ടുണ്ട്. അതിന് ശേഷം ജയിലിനകത്ത് വെച്ച് താഹയുടെ കൈ പിടിച്ചുവെച്ചിട്ടുണ്ട്. കാക്കനാട് ജയിലില്‍ പോലും താഹയക്ക് അധികം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പ്രിവിലേജ് ആണ് ഇതില്‍ പ്രശ്‌നമായത്. അങ്ങനെ ഒരു പ്രിവിലേജ് ഞാന്‍ ആഗ്രഹിച്ചിട്ടില്ലെങ്കില്‍ പോലും അത് ഉണ്ടായിട്ടുണ്ട്.

ഭാവി എന്തായി തീരും?
അലന്‍ ഞാന്‍ നിയമവിദ്യാര്‍ത്ഥിയാണ്. നേരത്തെ അഭിഭാഷകനാകണം എന്നത് ഒരു ആഗ്രഹം മാത്രം ആയിരുന്നു. ഈ കേസ് വന്ന ശേഷം ആളുകള്‍ക്ക് അവരുടെ ഭാഗത്ത്  നിന്നും സംസാരിക്കുന്ന അഭിഭാഭാഷകരെ എത്രത്തോളം ആവശ്യമുണ്ടെന്ന് മനസ്സിലായി. രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയും യു.എ.പി.എ ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടിയും എത്രത്തോളം മുന്നിട്ടിറങ്ങണം എന്ന് മനസ്സിലായി. സി.ആര്‍.പി.യും ഐ.പി.സി.യും എല്ലാം ആഴത്തില്‍ വായിച്ചു. അതൊക്കെ ജയില്‍ ജീവിതം തന്ന മുതല്‍ക്കൂട്ടാണ്. പഠനം പൂര്‍ത്തിയാക്കുക, സമൂഹത്തിന് എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യുക. 

താഹ: സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ആളുകള്‍ എത്രത്തോളം പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് ജയിലില്‍ പോകും മുമ്പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഭരണകൂടത്തിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടവര്‍ ജയിലില്‍ എത്രത്തോളം പ്രയാസം അനുഭവിക്കുന്നു എന്ന് കേസിന് ശേഷം മനസ്സിലായി ഇത്തരം ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യും.