ചെന്നൈ: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്ക് (ചരക്ക് സേവന നികുതി) കീഴിലാക്കണമെന്നും എന്നാല്‍ വിവിധ വിഭാഗക്കാര്‍ക്ക് വ്യത്യസ്ത വിലകള്‍ ഈടാക്കണമെന്നും മുന്‍ സീനിയര്‍ ഐഎഎസ് ഓഫീസറും ബിജെപി നേതാവുമായ സി വി ആനന്ദബോസ് പറയുന്നു. ''40 ശതമാനം ജിഎസ്ടി ഈടാക്കിയാല്‍ പോലും ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയില്‍ താഴെ വില്‍ക്കാനാവും. പക്ഷേ, ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം. ''ഡെല്‍ഹിയില്‍ നിന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദബോസ് ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴിലാക്കുന്ന കാര്യം ഇന്ന് (17-09-21 )ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയാണ്. താങ്കള്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്?

നമ്മള്‍ മുമ്പൊരിക്കല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പെട്രോള്‍ വില കുറയ്ക്കാനുള്ള ഒരു വഴി ജിഎസ്ടി നടപ്പാക്കുകയാണെന്ന് അന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. അതിന്റെയൊപ്പം ചൂണ്ടിക്കാട്ടിയ ഒരു പ്രധാന കാര്യം വ്യത്യസ്ത വിലകള്‍ (differential pricing) നടപ്പാക്കണമെന്നാണ്. നിലവില്‍ ജിഎസ്ടിക്ക് കീഴില്‍ ചുമത്താവുന്ന ഏറ്റവും കൂടിയ നികുതി 28 ശതമാനമാണ്. പക്ഷേ, ചില ഭേദഗതികളിലൂടെ ഇതില്‍ മാറ്റം വരുത്താനാവും. 40 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയാലും ഒരു ലിറ്റര്‍ പെട്രോള്‍ 70 രൂപയ്ക്ക് താഴെ വില്‍ക്കാനാവും.

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പൊതു വാഹനങ്ങള്‍ക്കും കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും ലഭ്യമാക്കണം. എന്നാല്‍ ആഡംബര വാഹനങ്ങള്‍ക്ക് വില കുറച്ച് കൊടുക്കരുത്.  ഇത്തരം വാഹന ഉടമകള്‍ കൂടുതല്‍ വില കൊടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. മൂന്നും നാലും കാറുകളുള്ളവര്‍ക്കും വിലക്കുറവില്‍ ഇന്ധനം കൊടുക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമല്ല. വേണമെങ്കില്‍ ആഡംബര കാറുകള്‍ക്ക് സെസ ്(നികുതിക്ക് പുറമെയുള്ള നികുതി ) ഏര്‍പ്പെടുത്തുകയുമാവാം.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വളരെ എളുപ്പത്തില്‍ കിട്ടുന്ന വന്‍ വരുമാനമാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി. അഞ്ച് ലക്ഷം കോടിയോളം രൂപയാണ് ഈ ഇനത്തില്‍ ഒരു വര്‍ഷം ഖജനാവിലേക്ക് വരുന്നത്. ഇതില്‍ ഇടിവ് വരുത്താന്‍ സാമ്പത്തിക നില വല്ലാതെ മോശമായിരിക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാരുകള്‍ തയ്യാറാവുമോ?

വരുമാനം കുറയാതിരിക്കാനാണ് വ്യത്യസ്ത വിലകള്‍ ഏര്‍പ്പെടുത്തണമെന്ന് പറയുന്നത്. ബെന്‍സിനും മാരുതിയുടെ ചെറു കാറുകള്‍ക്കും ഒരേ വിലയില്‍ പെട്രോള്‍ കൊടുക്കുന്നതെന്തിനാണ്? കാശുള്ളവര്‍ കൂടുതല്‍ കാശു കൊടുക്കട്ടെ. ആഡംഭര കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയിലെ കാര്‍ വിപണിയും ഉഷാറാവും. കൂടുതല്‍ ഇന്ത്യന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ വന്‍കിട കാര്‍ കമ്പനികള്‍ നിര്‍ബ്ബന്ധിതരാവും. ആ നിലയ്ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍  കുതിപ്പുണ്ടാവും.

വ്യത്യസ്ത വില ഏര്‍പ്പെടുത്തുന്നത് എത്ര മാത്രം പ്രായോഗികമാണ് ?

ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇതൊന്നും  പ്രയാസമുള്ള സംഗതിയല്ല. ആധാര്‍ പെട്രോളിയം വിപണന സംവിധാനവുമായി ബന്ധിപ്പിച്ചാല്‍ വ്യത്യസ്ത വിലകള്‍ നടപ്പാക്കാനാവും. ബാങ്കില്‍ വ്യത്യസ്ത പലിശകള്‍ ഈടാക്കുന്നതു പോലെ ഇതും ചെയ്യാനാവും. സാങ്കേതിക വിദഗ്ദര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളേ ഇതിലുള്ളു. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സാങ്കേതിക വിദഗ്ദര്‍ക്ക് പരിഹരിക്കാനാവും. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇതൊക്കെ നടപ്പാക്കാനാവും. ഇംഗ്ളണ്ടിലും ഓസ്ട്രേലിയയിലും പെട്രോളിന് വ്യത്യസ്ത വിലകള്‍ ഈടാക്കുന്നുണ്ടെന്നാണ് എനിക്കുള്ള വിവരം.  ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍. അത് കഴിഞ്ഞിട്ടാണ് വാഹനം വരുന്നത്. അവശ വിഭാഗങ്ങളെ സഹായിക്കാനാണോ അതോ ആഡംബര വാഹന ഉടമകളെ സഹായിക്കാനാണോ സര്‍ക്കാര്‍ നിലകൊള്ളേണ്ടത് എന്നതാണ് ചോദ്യം.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളാണുള്ളത് ?

ഗുജറാത്തിനെയും രാജസ്ഥാനെയും അസമിനെയും പോലുള്ള എണ്ണ ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ഇതിനോട് യോജിപ്പുണ്ടാവില്ല. അവര്‍ക്ക് നഷ്ടമുണ്ടാവും. ഇവിടെയാണ് രാഷ്ട്രീയ ഇച്ഛാശക്തി വേണ്ടത്. മന്‍മോഹന്‍സിങ്ങിനെ ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. അദ്ദേഹമാണ് എണ്ണ വിലയുടെ നിയന്ത്രണം എടുത്തു കളഞ്ഞത്. അതൊരു ദിര്‍ഘദര്‍ശനത്തോടെയുള്ള നടപടിയായിരുന്നു. പക്ഷേ, ജനപ്രീണന നയം കൊണ്ടു നടക്കുന്ന രാഷ്ട്രീയ നേതൃത്വം അതിലേക്ക് വീണ്ടും സബ്സിഡി കൊണ്ടുവന്നു. ഓയില്‍ ബോണ്ടുകള്‍ വന്നത് അങ്ങിനെയാണ്. എണ്ണക്കമ്പനികള്‍ക്ക് വന്‍ ബാദ്ധ്യതയാണ് അതിലൂടെ ഉണ്ടായത്.

c v anandabose
സി.വി ആനന്ദബോസ് അമിത് ഷായോടൊപ്പം| ഫയല്‍ ഫോട്ടോ:  പി.പി രതീഷ്, മാതൃഭൂമി

ഓയില്‍ ബോണ്ടുകളുടെ ബാദ്ധ്യതയും മറികടക്കുന്ന നികുതി വര്‍ദ്ധനവല്ലേ സമീപ കാലത്തുണ്ടായത്?

ഇവിടെയാണ് ജിഎസ്ടിയുടെ പ്രസക്തി. ഇതിനൊപ്പം വ്യത്യസ്ത വിലകള്‍ ഏര്‍പ്പെടുത്തിയാല്‍ ഇലയ്ക്കും മുള്ളിനും പ്രശ്നമില്ലാതെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനാവും. അടുത്തിടെ കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള പരിസരം സൃഷ്ടിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് ഇക്കാര്യത്തില്‍ പങ്കില്ലേ?

ജനസമ്മര്‍ദമുണ്ടെന്നത് കാണാതിരിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവും. ജിഎസ്ടി കൗണ്‍സില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി വേണ്ടെന്നാണ് തീരുമാനിക്കുന്നതെങ്കില്‍  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏകപക്ഷീയമായ നടപടിയെടുക്കാനാവും. യോഗിയുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ യുപിയില്‍ മാത്രമായി ഇക്കാര്യത്തില്‍ ജിഎസ്ടി റേറ്റ് നടപ്പാക്കും.

അത് സാദ്ധ്യമാണോ?

ജിഎസ്ടി നടപ്പാക്കുന്ന കാര്യമല്ല വില കുറയ്ക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്.

ഉള്ള വരുമാനം കളഞ്ഞുകുളിക്കുന്ന പരിപാടിയല്ലേ അത്?

വോട്ടു കിട്ടും. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വോട്ടാണ് വേണ്ടത്.  ഈ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് വ്യത്യസ്ത വില. സര്‍ക്കാരിന് വരുമാനം കുറയുകയില്ല അതേ സമയം അര്‍ഹിക്കുന്നവര്‍ക്ക് വിലക്കുറവവില്‍ പെട്രോള്‍ കിട്ടുകയും ചെയ്യും.

യുപിയില്‍ ബിജെപിക്ക് എന്തെങ്കിലും പേടിയുണ്ടോ?

അതിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല.

ജിഎസ്ടി സംവിധാനം തന്നെ പരാജയപ്പെട്ടിരിക്കുകയാണെന്ന വിമര്‍ശം ശക്തമാണ്. ജിഎസ്ടി പൂര്‍ണ്ണമായും വേണ്ടെന്ന് വെയ്ക്കണമെന്നാണ് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.  ജിഎസ്ടിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക കൂടിക്കൂടി വരികയാണ്?

തമിഴ്നാട് ധനമന്ത്രി ഉന്നത വിദ്യാഭ്യാസമുള്ളയാളാണ്. പക്ഷേ, അതുകൊണ്ട് അദ്ദേഹം പറയുന്ന എല്ലാ കാര്യവും ശരിയാവണമെന്നില്ല. അദ്ദേഹം നേരത്തെ സിംഗപ്പൂരില്‍ കോര്‍പറേറ്റ് മാനേജരായിരുന്നു. ഇപ്പോഴും അതേ കോര്‍പറേറ്റ് ചിന്തയാണ് അദ്ദേഹത്തിനുള്ളത്.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതുകൊണ്ടുള്ള പ്രശ്നമല്ലേ ഇത്?

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തില്‍ നിന്നും അര്‍ഹമായത് ചോദിച്ച് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയണം. കേന്ദ്രം നല്‍കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണം. 28 സംസ്ഥാനങ്ങള്‍ക്ക് ഒരു കേന്ദ്ര സര്‍ക്കാരിനെ നേരിടാനാവില്ലേ.

28 സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഇതര സംസ്ഥാനങ്ങളുടെ ശബ്ദത്തിന് പ്രാധാന്യമില്ലാതാവുന്ന അവസ്ഥയല്ലേ ഉള്ളത്?

ഇന്ത്യന്‍ ഭരണഘടന സംസ്ഥാന സര്‍ക്കാരുകളക്കോള്‍ അധികാരം കേന്ദ്ര സര്‍ക്കാരിനാണ് നല്‍കുന്നത്. ഇത് പുതിയ സംഗതിയല്ല. നെഹ്രുവിന്റെ കാലം മുതലുള്ള സംഗതിയാണിത്. ഇതിന് മാറ്റം വേണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ചോദിക്കേണ്ടതു പോലെ ചോദിച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാവും. അതിനാണ് ഇവിടെ സുപ്രീംകോടതിയുള്ളത്.

കോടതികള്‍ ഇടപെടേണ്ടതുപോലെ  ഇടപെടുന്നില്ലെന്ന വിമര്‍ശം കാണാതിരിക്കാനാവുമോ?

ഈ പരാതിയും പുതുതല്ല. ഇതൊക്കെ ഇവിടെ എപ്പോഴുമുണ്ടാവും. നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമുണ്ടോ എന്നാണ് നമ്മള്‍ നോക്കേണ്ടത്. അവിടെയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തണമെന്നും അതേസമയം വ്യത്യസ്ത വിലകള്‍ ഈടാക്കണമെന്നും പറയുന്നത്.