കേരളത്തിലെ കോണ്‍ഗ്രസില്‍ ചെറുപ്പക്കാരുള്‍പ്പെടുന്ന പുതുതലമുറ നേതൃനിരയിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് പരാജയത്തേപ്പറ്റി വിശദമായ വിലിരുത്തല്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്നും തെറ്റുകള്‍ തിരുത്തി പുതിയ കാലത്തെ നേരിടാന്‍ സജ്ജമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാതൃഭുമി ഡോട്ട് കോമിനോട് പറഞ്ഞു. തോല്‍വി നല്‍കുന്നത് ചില മുന്നറിയിപ്പുകള്‍ കൂടിയാണ്. ആ മുന്നറിയിപ്പ് എന്താണെന്നത് തോല്‍വിയെ പറ്റി പഠിക്കുമ്പോഴാണ് നമ്മള്‍ക്ക് മനസിലാക്കാനാവുക. ഞങ്ങളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.  അഭിമുഖം വായിക്കാം...

? 15-ാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രീതികളില്‍ വലിയ വ്യത്യാസം കാണുന്നുണ്ടല്ലോ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും ഇറങ്ങിപ്പോകാതിരിക്കുക, സഭയില്‍ കൂടുതല്‍ ശക്തമായ വാദങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍. പുതിയ പ്രതിപക്ഷനേതാവിന്റെ കീഴില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമോ? 

പല വിഷയങ്ങളാണ് നമ്മള്‍ സഭയില്‍ കൊണ്ടുവരുന്നത്. വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് സമീപനങ്ങള്‍. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നീരുപാധികമായ പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധത്തിനായി ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങളുടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ക്കാരിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. 

സഭയില്‍ ആദ്യത്തെ ദിവസം ഞങ്ങള്‍ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചു. തീരപ്രദേശത്ത് ഗവണ്‍മെന്റിന്റെ പൂര്‍ണമായ അവഗണന ഉണ്ടായിരുന്നു. അക്കാര്യത്തില്‍ ഞങ്ങള്‍ വാക്കൗട്ട് ചെയ്തു. അടുത്ത ദിവസം മറ്റൊരു വിഷയമാണ് ഉന്നയിച്ചത്. കോവിഡ് മരണവുമായി ബന്ധപ്പെട്ടതായിരുന്നു അത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടാകുന്ന വീഴ്ചകളും തെറ്റും സംഭവിച്ചാല്‍ ഞങ്ങളത് ചൂണ്ടിക്കാണിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളവതരിപ്പിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് സഭയില്‍ കൊണ്ടുവന്നത്. പക്ഷെ അത് ചര്‍ച്ച ചെയ്തില്ല. എന്നാല്‍ വിഷയം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇതുവരെ മരണനിരക്ക് കുറച്ചുകാണിക്കുകയായിരുന്നു സര്‍ക്കാര്‍. ഇനിമുതല്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചതുപ്രകാരം ഡോക്ടര്‍മാരാണ് കോവിഡ് മരണം സ്ഥിരീകരിക്കുക. 

മൂന്നാമതായി കൊണ്ടുവന്നത് ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വിഷയമാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് സംസ്ഥാനത്ത് എഴ് ലക്ഷം കുട്ടികള്‍ പുറത്താണ്. മതിയായ സൗകര്യങ്ങളില്ലാത്തതിനാലോ, ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത മൂലമോ ഒക്കെ. അതൊക്കെ ഞങ്ങള്‍ ഉന്നയിക്കേണ്ടതല്ലെ. കഴിഞ്ഞ ഒരുവര്‍ഷമായി ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഒരു പരിശോധന പോലും നടത്തിയിട്ടില്ല. 40 ശതമാനത്തോളം കുട്ടികള്‍ പോലും ക്ലാസുകളില്‍ പങ്കെടുക്കുന്നില്ല. പഠന നിലവാരം പോകുന്നു. ഇതൊക്കെ നയപ്രഖ്യാപന സമയത്ത് ഞങ്ങള്‍ പറഞ്ഞതാണ്. പക്ഷെ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ അക്കാര്യത്തില്‍ ഗവണ്‍മെന്റ് ഗൗരവമായ സമീപനവുമായി മുന്നോട്ടുവന്നു. 

കോവിഡ് പോലെ നിരുപാധികപിന്തുണ ഗവണ്‍മെന്റിന് നല്‍കിയിട്ടുള്ള ഒരു വിഷയത്തില്‍ വാക്കൗട്ടുകള്‍ മനപൂര്‍വം ഒഴിവാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സംയമനം പാലിച്ച് ഞങ്ങള്‍ ജനങ്ങളോടൊപ്പം നിന്നു. 

? പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി, അധികാരം കൂടുതല്‍ പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍. അങ്ങനെയുള്ളപ്പോള്‍ 41 എംഎല്‍എമാര്‍ മാത്രമുള്ള പ്രതിപക്ഷം ദുര്‍ബലമാണെന്ന് കരുതുന്നുണ്ടോ?

കഴിഞ്ഞ ഒരാഴ്ച കൊണ്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ദുര്‍ബലമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? ഞാനറിഞ്ഞത്, അംഗബലം കുറവാണെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷമാണെന്ന ശക്തമായ വിലയിരുത്തല്‍ ഭരണപക്ഷത്തിനുണ്ട് എന്നാണ്. 41 അംഗങ്ങളെയുള്ളുവെന്നതിനാല്‍ ചെറുതായി കാണാവുന്ന പ്രതിപക്ഷമാണോ. ഒരാഴ്ചകൊണ്ട് ഞങ്ങള്‍ കൊണ്ടുവന്ന വിഷയം കൊണ്ടും അതിന്റെ വ്യാപ്തികൊണ്ടും പ്രതിപക്ഷം ദുര്‍ബലമാണെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

? കോണ്‍ഗ്രസിനും യുഡിഎഫിനും നിര്‍ണായകമായിരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടായത്‌​. വരുന്ന അഞ്ചുവര്‍ഷം നിലനില്‍പ്പിന്റേതായ നിര്‍ണായകമായ സമയമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി കണക്കാക്കുന്നതെന്താണ്?

പരാജയത്തെപ്പറ്റി കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയും പ്രവര്‍ത്തക സമിതിയും പ്രാഥമികമായി വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. കര്‍ശനമായ ലോക്ക്ഡൗണ്‍ പാലിച്ചതുകൊണ്ടാണ് മറ്റ് കമ്മിറ്റികളിലേക്ക് അത് പോകാതിരുന്നത്. എല്ലാ ജില്ലകളില്‍ നിന്നും തോല്‍വിയെ സംബന്ധിച്ച ഫീഡ്ബാക്കുകള്‍ കളക്ട് ചെയിതിരുന്നു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് വിശദമായ ഒരു യോഗം നടത്തുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി രണ്ടോ മൂന്നോ ദിവസം യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച വിശദമായ യോഗം അപ്പോഴാണ് നടക്കുക. 

പ്രാഥമികമായി ചില കാര്യങ്ങളേപ്പറ്റി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. തോല്‍വിയെന്ന് പറയുന്നത് ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന ചില മുന്നറിയിപ്പുകൂടിയാണ്. ഞങ്ങളത് തിരുത്തി മുന്നോട്ടുപോകാന്‍ വേണ്ടിയിട്ടാണ്. ഭരിക്കാന്‍ ഒരുപാര്‍ട്ടിക്ക് ഭുരിപക്ഷം നല്‍കുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് തോല്‍വി നല്‍കുന്നു. അങ്ങനെ തോല്‍വി നല്‍കുന്നത് ചില മുന്നറിയിപ്പുകള്‍ കൂടിയാണ്. ആ മുന്നറിയിപ്പ് എന്താണെന്നത് തോല്‍വിയെ പഠിക്കുമ്പോഴാണ് നമ്മള്‍ക്ക് മനസിലാക്കാനാവുക. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകും. 

തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കെ.പി.സി.സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അതില്‍ തീരുമാനമുണ്ടാകും. അതുകൂടി വന്നാല്‍ സംഘടനാ സംവിധാനം ഒന്നുകൂടി മെച്ചപ്പെട്ട് പുതിയ കാലത്തെ നേരിടാന്‍ തയ്യാറാകും. അഞ്ചുവര്‍ഷം ഭരണം കഴിഞ്ഞാല്‍ അഞ്ചുവര്‍ഷം പ്രതിപക്ഷത്താകും. ഇപ്പോള്‍ 10 വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. അടുത്ത അഞ്ചുവര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞൊരു സാഹചര്യമാണ്. അതൊരു പുതിയ കാലമാണ്. അപ്പോ പുതിയ കാലത്തിനെ നേരിടാന്‍ വേണ്ടി എല്ലാ സന്നാഹങ്ങളുമൊരുക്കി ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും.

? രണ്ടാം പിണറായി സര്‍ക്കാരിനെ നേരിടാന്‍ പുതിയ പ്രതിപക്ഷനേതാവ്. അതേപോലെ യുഡിഎഫ് മുന്നണിയുടെ നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസിലും നേതൃമാറ്റത്തിന് അരങ്ങുയരുന്നു. ഇത്തരം ഉപരിപ്ലവമായ മാറ്റങ്ങള്‍ കൊണ്ട് തിരിച്ചുവരവ് സാധ്യമാകുമോ?

എല്ലായിടത്തും മാറ്റം വരും. എന്നാല്‍ എല്ലാസ്ഥലത്തും തലമുറമാറ്റം പ്രായോഗികമല്ല. മുതിര്‍ന്ന തലമുറയെ പൂര്‍ണമായും മാറ്റി ഒരു തലമുറമാറ്റം സാധ്യമല്ല. കോണ്‍ഗ്രസില്‍ രണ്ടാം നിരയായും മൂന്നാം നിരയായും പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരുണ്ട്. കോണ്‍ഗ്രസിന്റെ പ്രതീക്ഷമുഴുവന്‍ അവരാണ്. എന്റെയും പ്രതീക്ഷ അവരാണ്. അവര്‍ നേതൃനിരയിലേക്ക് വരും. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട. കാരണം അവരെ ജനാധിപത്യ വിശ്വാസികളും കേരളത്തിലെ പൊതുസമൂഹവും ഇഷ്ടപ്പെടുന്നു. അവര്‍ നല്ല ബന്ധം ജനങ്ങളുമായി ഉണ്ടാക്കിയിട്ടുണ്ട്.  അവരെ കൈപിടിച്ച് കൊണ്ടുവരിക എന്ന ചുമതല ഞാനടക്കമുള്ള ആളുകള്‍ നിര്‍വഹിക്കും. മുതിര്‍ന്ന തലമുറയുടെ അനുഗ്രഹാശിസുകള്‍ കൂടി അവര്‍ വരുന്ന കാര്യത്തില്‍ ഉണ്ടാകുമെന്നുകൂടി എനിക്ക് ശുഭപ്രതീക്ഷയുണ്ട്. 


? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ ജനകീയ- അഴിമതി വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ നിയമസഭയില്‍ ചര്‍ച്ചയില്‍ മാത്രം അവ ഒതുങ്ങിപ്പോവുകയും ജനങ്ങളിലേക്ക് പ്രതിപക്ഷം എത്താതെ പോവുകയും ചെയ്തു എന്ന് കരുതുന്നുണ്ടോ?

നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും. നിയമസഭയ്ക്കൂള്ളില്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ പൊതുസമൂഹത്തിനുള്ളില്‍ ചര്‍ച്ചയാകണമെങ്കില്‍ അത് സംഘടനാ സംവിധാനത്തില്‍ കൂടെയും യുഡിഎഫിന്റെ സംവിധാനത്തില്‍ കൂടെയുമാണ് ചെയ്യേണ്ടത്. അത് വേണ്ട രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചില്ല എന്നൊരു വിലയിരുത്തല്‍ കഴിഞ്ഞ കാലത്തേക്കുറിച്ചുണ്ട്. അപ്പോള്‍ ഞങ്ങള്‍ തെറ്റുകള്‍ തിരുത്തുന്ന സമയത്ത് അതുംകൂടി തിരുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും നടത്തും.

? കോണ്‍ഗ്രസ് തകര്‍ന്നാല്‍ വളരുന്നത് ബിജെപിയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആ സാധ്യതയ്ക്ക് കുറയെങ്കിലും മങ്ങലേല്‍പ്പിച്ചു. ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം എത്രത്തോളം കോണ്‍ഗ്രസിന് ഭീഷണിയാണ് കേരളത്തില്‍?

ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു ഇപ്രാവശ്യം. ആ വോട്ടുമുഴുവന്‍ പോയത് സിപിഎമ്മിലേക്കാണ് എന്നാണ് വ്യക്തമായ തെളിവുകള്‍. ബിജെപി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കാതിരുന്നതിന് കാരണം കോണ്‍ഗ്രസും യുഡിഎഫുമാണ്. നേമത്ത് കെ. മുരളീധരന്‍ മത്സരിച്ചതുകൊണ്ടാണ് ബിജെപി ജയിക്കാതെ പോയത്. കാസര്‍കോടാണ് ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥലം. അവിടെ അവരെ തോല്‍പ്പിച്ചത് യുഡിഎഫാണ്. പാലക്കാടായിരുന്നു അവര്‍ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മറ്റൊരു സ്ഥലം. അവിടെ അവരെ തോല്‍പ്പിച്ചതും കോണ്‍ഗ്രസാണ്. ബിജെപി പ്രതീക്ഷിച്ചിരുന്ന എല്ലാ സീറ്റുകളിലും അവരെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസാണ്. 

നേമത്ത് മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. പക്ഷെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുരളീധരന്റെ സാന്നിധ്യമാണ് എല്‍ഡിഎഫ് വിജയിക്കാനും ബിജെപി തോല്‍ക്കാനും കാരണമായത്. അതെല്ലാവര്‍ക്കുമറിയാം. മറ്റ് സ്ഥലങ്ങളിലെല്ലാം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ബാന്ധവമുണ്ടായിരുന്നു. യുഡിഎഫിന് ബിജെപിയുടെ വോട്ട് കിട്ടിയെന്ന് മുഖ്യമന്ത്രിയൊരു കണക്ക് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. പക്ഷെ പറഞ്ഞ് വന്നപ്പോഴേക്കും വോട്ട് പോയത് എല്‍ഡിഎഫിലേക്കാണെന്ന് വ്യക്തമാകുന്ന കണക്കുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. കണക്കവതരിപ്പിച്ച് വാദി പ്രതിയാകുന്ന സാഹചര്യമാണ് നിയമസഭയിലുണ്ടായത്. 

എല്ലാ സ്ഥലങ്ങളിലും ആര്‍എസ്എസ് ആണ് സിപിഎമ്മിനെ ജയിപ്പിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയത്. കാരണം സംഘപരിവാറിന്റെ അജണ്ടയാണ് കോണ്‍ഗ്രസ് മുക്ത ഭാരതം. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെ തോല്‍പ്പിക്കാന്‍ അവര്‍ ഒരുമിച്ച് കൂടി.

? കേരളത്തില്‍ ബിജെപിയേ ആണോ, സിപിഎമ്മിനെ ആണോ എതിര്‍ക്കേണ്ടത് എന്ന ആശയ അവ്യക്തത യുഡിഎഫിനുള്ളിലുണ്ടോ?

ഒരു അവ്യക്തതയുമില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വന്നിരുന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളത്. ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം വേണമെന്ന് ഞങ്ങളാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ പ്രമേയം വന്നപ്പോള്‍ രാഷ്ട്രീയമായി ബിജെപിക്കെതിരെ സംസാരിച്ചത് ഞങ്ങളാണ്. 

അതേസമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും തിരുത്തുന്നതിനും അവരെ വിമര്‍ശിക്കുന്നതിനും ഞങ്ങളുണ്ടാകും. 

? മതേതര കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോളും ജാതി- മത ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. ഇത്തരം സമുദായ ശക്തികളോടുള്ള സമീപനം പ്രതിപക്ഷ നേതാവെന്ന തരത്തില്‍ എങ്ങനെയാകും? 

അക്കാര്യം വ്യക്തമായി പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടുകൂടി തന്നെ അക്കാര്യത്തില്‍ ഒരു നിലപാടുമായി മുന്നോട്ടുപോകും. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്ന എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുന്ന ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന സമുദായ മൈത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരിലും വിശ്വാസമുണ്ടാക്കാന്‍ കഴിയുന്ന ഒരു മതേതര കാഴ്ചപ്പാടാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അതില്‍ ഒരുകാരണവശാലും ഒരവസരത്തിലും വെള്ളം ചേര്‍ക്കില്ല. ആ ഉറപ്പാണ് കേരളത്തിന്റെ പൊതുസമൂഹത്തോട് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ യുഡിഎഫിന്റെ ചെയര്‍മാനെന്ന നിലയില്‍ എനിക്ക് നല്‍കാവുന്ന ഉറപ്പ്.