കോഴിക്കോട് മാവൂരില്‍ 12 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ച വാര്‍ത്ത രക്ഷിതാക്കളിലുണ്ടാക്കിയ ആശങ്കകള്‍ ചെറുതല്ല. കുട്ടികള്‍ക്ക് നിപ വരില്ലെന്ന പ്രചാരണങ്ങളാണ് ഈ സംഭവത്തോടെ ഇല്ലാതായത്. കുട്ടികള്‍ക്ക് നിപ വരാനുള്ള  സാധ്യതകളെക്കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ഇ.കെ  സംസാരിക്കുന്നു. നിപ ബാധിച്ച് മരിച്ച കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ കൂടിയാണ് സുരേഷ് കുമാര്‍ ഇ.കെ.  
..........................
കുട്ടികള്‍ക്ക് നിപ വരില്ലെന്ന് 2018ല്‍ കേരളത്തില്‍ ആദ്യം നിപ സ്ഥിരീകരിച്ചതുമുതല്‍ പലരും പറയുന്നതാണ്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്‌?

കുട്ടികള്‍ക്ക് നിപ വരില്ലെന്ന ധാരണ തെറ്റാണ്. ഈ  രോഗത്തിന്റെ ഇതുവരെയുള്ള ഹിസ്റ്ററി പരിശോധിച്ചാല്‍ രോഗംവന്ന കുട്ടികളുടെ എണ്ണം കുറവായത് കൊണ്ടാവാം ഈ ഒരു തെറ്റിദ്ധാരണ ഉണ്ടായത്. നിപ വന്ന സ്ഥലങ്ങളില്‍ ചിലയിടത്തൊക്കെ കുട്ടികള്‍ക്ക് നിപ വന്നിട്ടുണ്ട്. മറ്റേത് പ്രായക്കാരേയും പോലെ തന്നെ കുട്ടികള്‍ക്കും നിപ വരാം. രോഗത്തിന്റെ ഉറവിടവുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയോ നിപ ബാധിച്ച ആളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ രോഗം വന്നേക്കാം. പക്ഷെ ഇന്നത്തെ കാലത്ത് കുട്ടികള്‍ പുറംലോകവുമായി അധികം ബന്ധപ്പെടാതിരിക്കുകയും പുറത്തിറങ്ങി കളിക്കാതിരിക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ട് നിപ വരാനുള്ള സാധ്യത മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്ന് മാത്രം. 

കുട്ടികള്‍ക്ക്  കോവിഡ് വന്നാല്‍ ഗുരുതരമാകാനുള്ള സാധ്യത തീരെ കുറവാണ്. നിപ എങ്ങനെയാണ് ?
നിപ എല്ലാ പ്രായക്കാരിലും ഒരു പോലെയാണ്. രോഗലക്ഷണങ്ങള്‍ സമാനമാണ്. അതുപോലെ തന്നെ ഈ രോഗം കുട്ടികള്‍ക്ക് വന്നാലും മുതിര്‍ന്നവര്‍ക്ക് വന്നാലും  മരണ സാധ്യതകൂടുതലാണ്. ചില  സാഹചര്യങ്ങളില്‍ 46 ശതമാനം വരെയും ചിലപ്പോള്‍ 96 ശതമാനം വരെയും മരണ നിരക്കുള്ള ഒരുരോഗമാണ് നിപ. ഇതുവരെ ഈ രോഗം സ്ഥിരീകരിച്ച കുട്ടികളിലും മരണ നിരക്ക് കൂടുതലാണ്. 

ആദ്യമായാണ് ഒരു കുട്ടിക്ക് കേരളത്തില്‍ നിപ  വരുന്നത്. എന്തൊക്കെയായിരുന്നു കുട്ടി പ്രകടിപ്പിച്ച ലക്ഷണങ്ങള്‍ ഏത് രീതിയാലായിരുന്നു  ചികിത്സ?

കുട്ടി ഇവിടെ എത്തുമ്പോള്‍ തന്നെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പനിയും ചര്‍ദ്ദിയുമാണ്  കുട്ടിക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത്. വളരെ പെട്ടന്നുതന്നെ കുട്ടിക്ക് അപസ്മാരം വന്നു. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതായി. ഹൃദയത്തിന്റെ ആരോഗ്യം മോശമായി. അങ്ങനെകുട്ടിയെ വെന്റിലേറ്റ് ചെയ്യേണ്ടിവന്നു. വെന്റിലേറ്റ്  ചെയ്ത അവസ്ഥയിലാണ് കുട്ടി ഇവിടെ എത്തിയത്. വെന്റിലേറ്റ് ചെയ്ത അവസ്ഥയിലും മരുന്ന്കൊടുത്ത് നിയന്ത്രിക്കാനാവാത്ത അവസ്ഥയില്‍ അപസ്മാരം വരുന്നുണ്ടായിരുന്നു. 

നിപ എന്ന സംശയത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത് എങ്ങനെയാണ്?

സെപ്റ്റംബര്‍ ഒന്നാം തിയ്യതി ഉച്ചയ്ക്കാണ്  കുട്ടി  ഇവിടെ എത്തിയത്. ഇവിടെ എത്തുമ്പോള്‍ അപസ്മാരം വളരെ കൂടുതലായിരുന്നു. സാധാരണ എന്‍സഫലൈറ്റസില്‍ നിന്നും വ്യത്യസ്തമായിരുന്നു  കുട്ടിയുടെ അവസ്ഥ. കടുത്തപനി, ഹൃദയമിടിപ്പ്  വളരെ കൂടുതല്‍, വിശദമായി പരിശോധിച്ചപ്പോള്‍ ഹൃദയം, ശ്വാസകോശം, തലച്ചോര്‍ അങ്ങനെ എല്ലാ ഭാഗങ്ങളിലും പ്രശ്നം കണ്ടു. കുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ചപ്പോളും ചില സംശയങ്ങള്‍ തോന്നി. കാരണം കുട്ടി പറമ്പിലിറങ്ങി നടക്കുന്ന പ്രകൃതം ഉള്ളയാളായിരുന്നു. അങ്ങനെയാണ് നിപ എന്ന സാധ്യത കൂടുതല്‍ ഉറപ്പിച്ചത്. ഉടന്‍ സ്രവങ്ങള്‍  ശേഖരിച്ചു. ആരോഗ്യവകുപ്പിനെ വിവരം  അറിയിച്ചു. സ്രവങ്ങള്‍ ആലപ്പുഴ വൈറളോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ നിപ സ്ഥിരീകരിച്ചപ്പോളേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടികളില്‍ കൃത്യസമയത്ത് ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ പറ്റുമോ?

പ്രാഥമിക ലക്ഷണങ്ങള്‍വെച്ച് നിപ കണ്ടെത്താനുള്ള  സാധ്യത വളരെ കുറവാണ്. മിക്കപ്പോഴും പനിയും ഛര്‍ദ്ദിയുമാണ് ആദ്യം കാണുക. ഇത്  മറ്റ് പലകാരണംകൊണ്ടും ഉണ്ടാകുന്നതിനാല്‍ എല്ലാവരിലും നിപ സംശയിക്കാന്‍ പറ്റില്ല. പിന്നീടങ്ങോട്ട് രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുന്നതുകൊണ്ടാണ് നിപ വന്നാല്‍ ജീവന്‍രക്ഷിക്കുക എന്നത് പ്രയാസമാകുന്നത്. 

എന്താണ് രക്ഷിതാക്കള്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍?
കുട്ടികള്‍ പുറത്ത് പോകുമ്പോള്‍ ശ്രദ്ധിക്കുക. കാരണം വവ്വാല്‍ ഇവിടെയുണ്ട്. നിപ വൈറസിന്റെ സാന്നിധ്യവും ഇവിടെ ഉണ്ട്. കുട്ടികള്‍ പുറത്തുനിന്നും പഴങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ രക്ഷിതാക്കളെ കാണിച്ച ശേഷമേ അത് കഴിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കുക. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രംകുട്ടികള്‍ക്ക്  പഴങ്ങള്‍ നല്‍കുക. കേടുള്ളതോ എന്തെങ്കിലും കടിച്ചതിന്റെ പാടുകളുള്ളതോ ആയ പഴങ്ങള്‍ നല്‍കാതിരിക്കുക. കുട്ടികളില്‍ വ്യക്തി ശുചിത്വം ശീലിപ്പിക്കുക. പുറത്ത് പോയി വന്നാല്‍ കൈയ്യുംകാലും സോപ്പിട്ട് കഴുകി വൃത്തിയാക്കുക. ഇത് കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ശീലിക്കുക.

content highlights : nipha virus in kids