രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ കമ്പനികളിലൊന്നായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഇൻഷുറൻസ് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ലൈഫ് ഇൻഷുറൻസ് കമ്പനി തുടങ്ങാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ് കമ്പനി. ആർ.ബി.ഐ.യിൽനിന്ന് എൻ.ഒ.സി. (എതിർപ്പില്ലാരേഖ) ലഭിച്ചുകഴിഞ്ഞാലുടൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുമെന്ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട് ആസ്ഥാനമായുള്ള മണപ്പുറം ഫിനാൻസിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.പി. നന്ദകുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. അനുമതി ലഭിച്ചാൽ കേരളം ആസ്ഥാനമായുള്ള ആദ്യ ഇൻഷുറൻസ് കമ്പനിയായി അത് മാറും.

എന്തുകൊണ്ടാണ് ഇൻഷുറൻസ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്?

മണപ്പുറത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,500-ഓളം ശാഖകളാണുള്ളത്. നിലവിൽ 50 ലക്ഷത്തോളം ഇടപാടുകാരുണ്ട്. ഇത് ഇൻഷുറൻസ് കമ്പനി തുടങ്ങുന്നതിന് മുതൽക്കൂട്ടാകും. മാത്രമല്ല, ഞങ്ങളുടെ ഇടപാടുകാർക്ക് കൂടുതൽ ധനകാര്യ സേവനങ്ങൾ എത്തിക്കാനും സാധിക്കും. ഇൻഷുറൻസ് ബ്രോക്കിങ് രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്ത് സ്വന്തം ഇൻഷുറൻസ് കമ്പനി രൂപവത്കരിക്കുന്നതിൽ കരുത്താകുമെന്നാണ് പ്രതീക്ഷ. 300 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പ്രാഥമിക മൂലധനത്തിനായി നീക്കിവയ്ക്കുക.

ജനറൽ ഇൻഷുറൻസ് രംഗത്തേക്കും പ്രവേശിക്കുമോ?

ലൈഫ് ഇൻഷുറൻസ് കമ്പനി തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ ജനറൽ ഇൻഷുറൻസ് കമ്പനി കൂടി തുടങ്ങാനാണ് പദ്ധതി.

ബാങ്കിങ് ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യതയുള്ള ചുരുക്കം ചില സ്വർണപ്പണയ സ്ഥാപനങ്ങളിലൊന്നാണ് മണപ്പുറം. ബാങ്കിങ് ലൈസൻസ് ലക്ഷ്യംവയ്ക്കുന്നുണ്ടോ?

സ്വന്തം നിലയിൽ ബാങ്കായി മാറാൻ ഇപ്പോൾ താത്പര്യമില്ല. പക്ഷേ, വലിയ എൻ.ബി.എഫ്.സി.കൾ ബാങ്കായി മാറണമെന്ന് ആർ.ബി.ഐ. നിർബന്ധപൂർവം നിർദേശിച്ചാൽ ഞങ്ങൾക്കു മുന്നിൽ വേറെ മാർഗങ്ങളുണ്ടാവില്ല.

ബാങ്കുകളും എൻ.ബി.എഫ്.സി.കളും ലയിച്ചൊന്നാകുന്ന പല ഇടപാടുകളും ഈയിടെ കണ്ടു. ആർക്കെങ്കിലും മണപ്പുറം ഫിനാൻസിൽ കണ്ണുണ്ടോ?

രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകളിൽ ചിലത് പല ഘട്ടങ്ങളിൽ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. നല്ല വിലയും പറഞ്ഞു. പക്ഷേ, ഞങ്ങൾ അത്തരം ഇടപാടുകൾക്ക് ഇല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്ത് സ്വർണപ്പണയത്തിന് ഡിമാൻഡ് കൂടുകയാണല്ലോ?

ലോക്ഡൗൺ സമയത്ത് ശാഖകൾ അടച്ചിടേണ്ടി വന്നത് ബിസിനസിനെ താത്കാലികമായി ബാധിച്ചിരുന്നെങ്കിലും സ്വർണപ്പണയ വായ്പയിൽ ഈ സാമ്പത്തിക വർഷം 19 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 10-15 ശതമാനം വളർച്ച ലക്ഷ്യമിട്ട സ്ഥാനത്താണ് ഇത്.

കിട്ടാക്കട പ്രതിസന്ധിയുണ്ടോ?

സ്വർണപ്പണയ വായ്പകളിൽ അര ശതമാനത്തിനു താഴെയാണ് കിട്ടാക്കടം. മണപ്പുറത്തിന്റെ മൊത്തം ലോൺ ബുക്കിൽ 73 ശതമാനവും സ്വർണപ്പണയമാണ്. മൈക്രോ ഫിനാൻസ്, വാണിജ്യ വാഹന വായ്പ, ചെലവ് കുറഞ്ഞ വീടുകൾക്കുള്ള വായ്പ എന്നിവയാണ് ശേഷിച്ച 27 ശതമാനം. ഇവയിൽ മൈക്രോ ഫിനാൻസ് രംഗത്തെ കിട്ടാക്കടം 10 ശതമാനത്തിനടുത്ത് എത്തിയിരുന്നു. എന്നാൽ, അത് ആറു ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾക്ക് ബസ് വാങ്ങാൻ നൽകിയ വായ്പകളാണ് വാണിജ്യ വാഹന വായ്പകളിൽ കിട്ടാക്കടം ഉണ്ടാകാൻ കാരണം. ഈ മേഖലയിലെ കിട്ടാക്കടം ആറു ശതമാനമാണ്. അഫോർഡബിൾ ഹൗസിങ്ങിലെ കിട്ടാക്കടം നാലു ശതമാനവും. ഇതൊക്കെ കുറഞ്ഞുവരികയാണ്.

സ്വർണപ്പണയ രംഗത്തേക്ക് ബാങ്കുകൾ വൻതോതിൽ ഇറങ്ങുന്നത് വെല്ലുവിളിയാകുമോ?

സ്വർണ വിലയുടെ 90 ശതമാനം വരെ വായ്പ നൽകാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഗ്രാമിന് 5,000 രൂപ വിലയുണ്ടായിരുന്നപ്പോൾ 4,500 രൂപ വരെ പല ബാങ്കുകളും നൽകി. എന്നാൽ ഇപ്പോൾ വില 4,200 രൂപയ്ക്ക് താഴെയാണ്.

roshan@mpp.co.in