2018ല്‍ നിപാ വൈറസിനെ വിജയകരമായി നേരിട്ടതിലൂടെയാണ് പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തില്‍ കേരളം അന്താരാഷട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത്. എങ്ങനെയാണ് ഈ കേരളമോഡല്‍ നടപ്പാക്കിയത്. എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍ കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നു

2018ല്‍ നിപാ വൈറസ് സ്ഥിരീകരിക്കുന്ന സമയത്ത്  ആ രോഗത്തെ കുറിച്ച് വേണ്ടത്ര ധാരണ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നില്ല. ഒരു പുതിയ തരം വൈറസായിരുന്നു. ലോകത്ത് മൂന്നോ നാലോ സ്ഥലത്താണ് ഇതിന് മുമ്പ് ഈ രോഗം കണ്ടിട്ടുള്ളൂ. എങ്ങനെയാണ് ഈ രോഗത്തിന് നിപ എന്ന് പേര് വന്നതെന്ന് പോലും അന്ന് ധാരണയുണ്ടായിരുന്നില്ല. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു കുടുംബത്തില്‍ വളരെ അസാധാരണമായിട്ടുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. അത് വളരെ അപൂര്‍വ്വമായ രോഗമാണെന്ന് എല്ലാവരും സംശയിച്ചു.

അങ്ങനെ ഇത്രയും അസ്വസ്ഥത ഉണ്ടാക്കുന്ന രോഗം ഏതാണെന്നറിയാന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് രോഗിയില്‍ നിന്നും സ്രവം എടുത്ത് പരിശോധനക്ക് അയക്കുന്നത്. അങ്ങനെയാണ് ഇത് നിപവൈറസാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ ആ രോഗത്തെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചു. എനിക്ക് വലിയ തോതിലുള്ള അസ്വസ്ഥത ആ സമയത്ത് തോന്നിയിരുന്നു. കാരണം ഇത്രയും അധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമവും നഗരവും തമ്മില്‍ വ്യത്യാസമില്ലാത്ത നമ്മുടെ കേരളത്തില്‍ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധി വന്നാല്‍ ബുദ്ധിമുട്ടായി തീരുമെന്ന് തോന്നിയിരുന്നു


പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം 

ഏറ്റവും വേഗം ഇത് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആദ്യം തോന്നിയത്. അതില്‍ അന്നത്തെ എന്റെ ആരോഗ്യസെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ ആരോഗ്യവകുപ്പ് ഡറക്ടര്‍ ഡോക്ടര്‍ സരിത, ഡിഎംഎ ആയിരുന്ന ഡോ. റംല ഇവരുമായെല്ലാം അടിയന്തരമായി ബന്ധപ്പെടുകയും ഞാന്‍ കോഴിക്കോടേക്ക് വരികയും അവിടെ താമസിക്കുകയും ചെയ്തു. അങ്ങനെ രോഗമുള്ള എല്ലായിടത്തും പോയി താമസിക്കണോ എന്ന് ചോദിച്ചാല്‍ വേണ്ട, പക്ഷെ ഇതൊരു അപൂര്‍വ രോഗമാണ് ആളുകള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണയില്ല. അതുകൊണ്ട് തന്നെ അവിടെ താമസിച്ച് ഗൈഡ് ചെയ്യണമെന്നാണ് തോന്നിയത്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം ഈ രോഗം സ്ഥിരീകരിച്ച വാര്‍ത്ത പത്രത്തില്‍ വന്നതോടെ ആളുകള്‍ വല്ലാതെ ഭയന്നു. ചങ്ങരോത്ത് ഗ്രാമത്തിലുള്ളവര്‍ കൂട്ടത്തോടെ നാടുവിട്ട് പോകാന്‍ തുടങ്ങി. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം എന്നെ അറിയിച്ചത്. ചങ്ങരോത്തെ പട്ടികള്‍ പോലും പേടിച്ച് നാടുവിടുന്നെന്നാണ് അവരന്ന് പറഞ്ഞത്. അതുകേട്ടപ്പോള്‍ ഞങ്ങള്‍ വീണ്ടും അസ്വസ്ഥരായി കാരണം അവിടെ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ അവര്‍ നാടുവിട്ടുപോയാല്‍ പോകുന്നിടത്തുള്ളവര്‍ക്കും രോഗം വരും. അതുകൊണ്ടുതന്നെ ആളുകള്‍ പോകുന്നത് തടയേണ്ടിയിരുന്നു. ഇതിനായി ഞാന്‍ നേരിട്ടുപോകണമെന്നാണ് ആ സമയത്ത് തോന്നിയത്.

പലരും എന്നെ ഉപദേശിച്ചു മിനിസ്റ്റര്‍ രോഗമുള്ളിടത്ത് പോകുന്നത് ശരിയല്ലെന്ന്. ഞാനും അന്ന് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണനും കൂടി അവിടെ പോകാന്‍ തീരുമാനിച്ചു. അവിടുത്തെ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോളേക്കും ഞങ്ങള്‍ വരുന്നതറിഞ്ഞ് ആളുകള്‍ അങ്ങോട്ട് ഓടിയെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുതെന്നും ക്വാറന്റൈനില്‍ പോകണമെന്നും എല്ലാവരോടും പറഞ്ഞു. ആവശ്യമുള്ള കാര്യങ്ങളെല്ലാം വൊളന്റിയര്‍മാര്‍ വീട്ടില്‍ എത്തിച്ചുതരുമെവന്നും അവരെ അറിയിച്ചു. ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഫസ്റ്റ് സ്റ്റെപ്പ്. 

കൂടുതല്‍ പേര്‍ക്ക് രോഗം വന്നാല്‍ എവിടെ ചികിത്സിക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കുകയാണ് അതിനായി ചെയ്തത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാര്‍ഡ് സെറ്റ് ചെയ്തത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ മീറ്റിംങ് വിളിച്ചു ചേര്‍ത്തത്. ആ മീറ്റിംങ് ഒരു വലിയ അനുഭവമായിരുന്നു. അന്നാണ് മാസ്‌ക് ഒക്കെ ധരിച്ച് ആദ്യമായി ഒരു യോഗത്തില്‍ ഇരുന്നത്.പിപിഇ കിറ്റ് ഉപയോഗിക്കാന്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും  പരിശീലനം നല്‍കാനാണ് യോഗത്തില്‍ ആദ്യം തീരുമാനിച്ചത്. 

പിന്നീട് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ രണ്ട് മുറികളും വരാന്തയും ഏറ്റെടുത്ത് അവിടെ കണ്‍ട്രോള്‍ റൂം തുറന്നു. തൊട്ടടുത്തുള്ള ദിവസങ്ങള്‍ ഏറെ അസ്വസ്ഥതാ ജനകമായിരുന്നു. കാരണം ഈ കുടുംബത്തിലെ ഒരാള്‍ ആദ്യം മരിച്ചു. മൂന്ന് പേര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നു. ഇവരുടെ മരണത്തിന് പിന്നാലെ വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 17 കേസുകളാണ് നമുക്ക് അന്ന് കിട്ടിയത്. ഒപ്പം ആദ്യം ഈ കുടുംബത്തില്‍ മരിച്ച സാബിത്തിന്റേത് ഇന്‍ഡക്‌സ് കേസായി അതില്‍ ഉള്‍പ്പെടുത്തി. അങ്ങനെ 18 കേസുകള്‍.

അതില്‍ നമ്മുടെ പ്രിയപ്പെട്ട നഴ്‌സ് ലിനിയും മരിച്ചു. അത് ഞങ്ങള്‍ക്കൊക്കെ വലിയ പേടിയുണ്ടാക്കി. കാരണം രോഗിയെ പരിചരിക്കുന്നതിനിടെയാണ് ലിനിക്ക് രോഗം പകര്‍ന്നത്. അങ്ങനെ നഴ്‌സുമാരെയെല്ലാം വിളിച്ച് നന്നായി ശ്രദ്ധിക്കണമെന്ന് വീണ്ടും നിര്‍ദ്ദേശം നല്‍കി. 

ആളുകള്‍ മരിക്കാന്‍ തുടങ്ങിയപ്പോള്‍ മൃതദേഹം എങ്ങനെ സംസ്‌കരിക്കും എന്നതായി അടുത്ത വെല്ലുവിളി. ആരും സെറ്റ് ചെയ്ത് വെച്ച ഒരു മാര്‍ഗ്ഗരേഖ ഇക്കാര്യത്തില്‍ ഇല്ലായിരുന്നു. മരിച്ചാല്‍ മൃതദേഹം ദഹിപ്പിച്ചാല്‍ പ്രശ്‌നം തീരുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് അതുവലിയ പ്രശ്‌നമായിരുന്നു.

അങ്ങനെയാണ് എബോളയുടെ പ്രോട്ടോക്കോള്‍ അതായത് ആഴത്തില്‍ മറവുചെയ്യുന്ന രീതി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അതേ ചൊല്ലിയും പ്രശ്‌നങ്ങള്‍ ഉണ്ടായി. മൃതദേഹം അടക്കം ചെയ്യാനായി പളളിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അവിടെയും ആളുകള്‍ എതിര്‍പ്പുമായി എത്തി. മണ്ണിലൂടെ വൈറസ് പകരുമെന്നായിരുന്നു അവരുടെ പേടി. അന്നത്തെ ജില്ലാ കളക്ടടറായിരുന്ന യു.വി.ജോസാണ് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയച്ചത്. 

നിപയ്ക്ക് ഒരു മരുന്നുണ്ടോ

എവിടെ എങ്കിലും നിപയ്ക്ക് ഒരു മരുന്നുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. അങ്ങനെയാണ് ആസ്ത്രലിയയില്‍ ഒരു മോണോക്ലോണല്‍ ആന്റിബോഡി ഉണ്ടെന്ന് അറിഞ്ഞത്. അങ്ങനെ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി തേടി. 24 മണിക്കൂര്‍ കൊണ്ടുതന്നെ അതിന് അനുമതി കിട്ടി. അങ്ങനെ വിമാന മാര്‍ഗം മരുന്ന് ഇവിടെ എത്തിച്ചു. പക്ഷെ അത് പ്രയോഗിക്കേണ്ടി വന്നില്ല. കാരണം 16 ആളുകള്‍ മരിച്ചു. ബാക്കിയുള്ള രണ്ട് പേരുടെ ആരോഗ്യസ്ഥിതി റിബാവൈറിന്‍ ഉപയോഗത്തിലൂടെ തന്നെ സുഖപ്പെട്ടിരുന്നു. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 40 ദിവസം കൊണ്ട് നിപ വിമുക്തമായി പ്രഖ്യാപിക്കാനായി. 

അന്നത്തെ ടീം


അന്നത്തെ ടീമില്‍ ഞാനും എനിക്കൊപ്പം ടി.പി. രാമകൃഷ്ണനും എ.കെ.ശശീന്ദ്രനുമാണ് മന്ത്രിമാരായി ഉണ്ടായത്. ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന്‍ തിരുവനന്തപുരത്ത് നിന്ന് കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുന്നുണ്ടായിരുന്നു. അന്നത്തെ എന്‍എച്ച്എം എസ്.എം.ഡി കേശവേന്ദ്ര കുമാര്‍ കൂടെ ഉണ്ടായിരുന്നു. ഹെല്‍ത്ത് ഡയറക്ടര്‍ സരിത ജില്ലാ കളക്ടര്‍ യു.വി ജോസ്, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജേന്ദ്രന്‍, ഡോ.സജിത്ത്, ഡോ.കുര്യാക്കോസ്, ഡോ.ചാന്ദിനി എന്നിവര്‍ ഉള്‍പ്പെട്ട സംഘം അവിടെ ഉണ്ടായിരുന്നു. കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ ഡാ.ഗോപകുമാര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അനൂപ്, ജയകൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 


രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്നോ

ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞിരുന്നു. ഇത് അടുത്ത വര്‍ഷം വീണ്ടും വരുമെന്ന്. കഷ്ടപ്പെട്ട് ഇതൊന്ന് ഒതുക്കിയതേയുള്ളൂ. അതിനിടെ ഇത് വീണ്ടും വരുമെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷവും കരുതിയിരുന്നു. ഡിസംബറില്‍ എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്തി.

അതുകൊണ്ടാണ് എറണാകുളത്തെ ആസ്റ്റര്‍ മിംസില്‍ ഈ രോഗലക്ഷണങ്ങളുള്ള ഒരുകേസ് വന്നപ്പോള്‍ അവര്‍ക്ക് കൃത്യമായി ഐസൊലേറ്റ് ചെയ്യാന്‍ കഴിഞ്ഞത്. ആ കുട്ടിയെ നന്നായി ചികിത്സിക്കുകയും കുട്ടി രക്ഷപ്പെടുകയും ചെയ്തു. 


വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ വിജയിച്ചോ

സൈന്റിഫിക് ആയിട്ടുള്ള കാര്യം ഉറപ്പായി, വവ്വാല്‍ തന്നെയാണ് രോഗത്തിന്റെ ഉറവിടം. വവ്വാലില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്. എന്നാല്‍ സാധാരണ രീതിയില്‍ വവ്വാല്‍ ഉപദ്രവകാരിയാകുന്നില്ല. ചില ഘട്ടങ്ങളില്‍ മാത്രമാണ് വവ്വാലിന്റെ ശ്രവത്തിലൂടെ വൈറസ് പുറത്തുവരുന്നത്. ചില രാജ്യങ്ങളില്‍ വവ്വാലിന്റെ ആവാസ വ്യവസ്ഥ തകര്‍ത്തതാണ് വൈറസ് പ്രവഹിക്കാന്‍ കാരണമായത്.

സിലിഗുരിയയില്‍ പടര്‍ന്നത് വവ്വാല്‍ പനങ്കള്ള് വവ്വാല്‍ മൊത്തിക്കുടിക്കുടിച്ച അതേ പാത്രത്തില്‍ നിന്ന് കള്ള് കുടിച്ചതിലൂടെയാണ്. വവ്വാലിലൂടെയാണ് രോഗം പടര്‍ന്നതെന്ന ഉത്തരം നമുക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് അവിടെ പഠനം നടത്തിയില്ല, സര്‍വേ നടന്നില്ല എന്നൊക്കെ പറയുന്നത് എന്തെങ്കിലും ഒരു പോരായ്മ കണ്ടെത്തി പറയാന്‍ പറയുന്നത് പോലെയാണ്.

കൃത്യമായി വൈറസ് എങ്ങനെ ശരീരത്തിലെത്തി എന്നറിയാന്‍ സാബിത്ത് ജീവിച്ചിരിപ്പില്ല. ഇപ്പോള്‍ മരിച്ച കുട്ടിയുടെ കേസിലും ഇതാണ് അവസ്ഥ. റംബൂട്ടാന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ചിലപ്പോള്‍ കുട്ടി കഴിച്ച റംബൂട്ടാനില്‍ മാത്രമേ വൈറസ് സാന്നിധ്യം ഉണ്ടാവൂ. ബാക്കിയുള്ളതില്‍ ഉണ്ടാവാണമെന്നില്ല. അതുകൊണ്ട് റംബൂട്ടാനിലൂടെയല്ല വൈറസ് പകര്‍ന്നത് എന്ന് പറയാനാകില്ല. 


വൈറോളജി സെന്ററിന്റെ നിര്‍മ്മാണം വൈകിയോ

ആളുകള്‍ ഇപ്പോളും ചോദിക്കുന്നുണ്ട് നിങ്ങള്‍ ഇത്രയും പത്രാസ് പറഞ്ഞിട്ട് കേരളത്തില്‍ എന്താണ് ഒരു വൈറോളജി ലാബ് ഇല്ലാത്തത് എന്ന്. കേരളത്തില്‍ ഒരു ലാബ് നിര്‍മ്മിക്കാന്‍ വേണ്ടപ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ വളരെ അപകടകാരികളായ വൈറസുകളെ കൈകാര്യം ചെയ്യുന്ന ലാബുകള്‍ എല്ലാ ജില്ലയിലും ഉണ്ടാക്കാനൊന്നും അനുമതി കിട്ടില്ല.

യുഎസ്എയില്‍ പോലും റീജ്യണലായി മാത്രമേ അത്തരം ലാബുകളുള്ളൂ. കാരണം അത്രയധികം ബയോസേഫ്റ്റി ഇക്കാര്യത്തില്‍ ഉറപ്പാക്കേണ്ടതായുണ്ട്. നമുക്ക് ഇപ്പോള്‍ ഉള്ള ലാബ് പൂനെയിലെ എന്‍ഐവി ലാബാണ്. ഇത് എന്തോ മഹാരാഷ്ട്രയുടെ മാത്രം ലാബാണെന്നാണ് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. 


മഹാമാരികള്‍ വരുമ്പോളെല്ലാം ആളുകള്‍ ശൈലജ ടീച്ചര്‍ തിരിച്ചുവരണമെന്ന് പറയുന്നു. മന്ത്രി സ്ഥാനം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ. 

ഒരിക്കലും ഇല്ല. നമുക്ക് എല്ലാ കാലത്തും ഒരേ ജോലി ഒരേ സ്ഥലത്തിരുന്ന് നമ്മുടെ മരണം വരെ ചെയ്യാന്‍ പറ്റില്ല. നമ്മളെ ഒരു ജോലി ഏല്‍പ്പിച്ചാല്‍ അത് കൃത്യമായി ചെയ്യും. എന്നെപ്പോലെ അത് ചെയ്യാന്‍ പറ്റുന്നവര്‍ എന്നെക്കൂടാതെ ഈ സമൂഹത്തിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഞാന്‍ അതുചെയ്തത് കൊണ്ട് എന്നെയാണ് എല്ലാവരും കണ്ടത്. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ആളുകള്‍ക്ക് ദേഷ്യമാണെങ്കില്‍ ഒരിക്കലും തിരിച്ചുവരരുതെന്ന് പറയും. ഇഷ്ടം തോന്നിയാല്‍ ശൈലജ ടീച്ചര്‍ തരക്കേടില്ല എന്നുപറയും. ഈ രണ്ടുകൂട്ടരും സമൂഹത്തിലുണ്ട്. അങ്ങനെ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് പറയുന്നവരായിരിക്കും ഞാന്‍ തിരിച്ചുവരണമെന്ന് പറയുന്നത്. അതില്‍ അര്‍ഥമേയില്ല.

എനിക്കറിയില്ല എത്രപേരങ്ങനെ പറയുന്നുണ്ടെന്ന്. എന്നെ കുറ്റം പറയുന്നവരും ഉണ്ട് അതാണല്ലോ ഞാന്‍ പോസ്റ്റിടുമ്പോളൊക്കെ തള്ള് എന്ന് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും വിഷമം വരും. ഞാന്‍ ചെയ്ത കാര്യങ്ങളേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അത് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതിനൊരു അംഗീകാരം കിട്ടുമ്പോള്‍ ഒരു സന്തോഷമുണ്ട്. പക്ഷെ അഭിനന്ദനം മാത്രമല്ല. കല്ലേറുകളും ഉണ്ടാവുമെന്നത് എല്ലാവരും ഓര്‍ക്കേണ്ടതാണ്. അത് എല്ലാവര്‍ക്കും അനുഭവവുമാണ്.

എന്റെ മനസ്സില്‍ ആത്മാര്‍ത്ഥത ഉള്ളതുകൊണ്ട് കല്ലേറ് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഞാന്‍ ഇപ്പോള്‍ മട്ടന്നൂരിന്റെ എംഎല്‍എയാണ്. അതില്‍ ഞാന്‍ നൂറ് ശതമാനം സംതൃപ്തയാണ്. പിന്നെ എന്റെ കണ്ണ് അവിടെ പോയിട്ട് ഞാന്‍ ഉണ്ടായിരുന്നെങ്കിലെന്ന് പറയേണ്ട കാര്യമില്ല. ഞാന്‍ ഇല്ലാഞ്ഞിട്ട് അവിടെ എന്താണ് കുറവ് പറ്റിയത്. കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടല്ലോ. അതിലൊന്നും അര്‍ത്ഥമില്ല. എല്ലാം ഭംഗിയായിട്ട് പറഞ്ഞിട്ടുണ്ട്. പിന്നെ എനിക്ക് എന്തെങ്കിലും ഒരു ആശയം തോന്നിയാല്‍ മുഖ്യമന്ത്രിയോടൊ സര്‍ക്കാരിനോടോ ഇതുകൂടെ ചെയ്തുകൂടെ എന്ന് ചോദിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് കരുതുന്നത്. എന്നാല്‍ നിലവില്‍ അതിന്റെ ആവശ്യമില്ല.

content higlights: shailaja teacher talks about her experience in first nipah case