റു പതിറ്റാണ്ടിന് ശേഷം കരുനാഗപ്പള്ളിയിയില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ ലഭിച്ചിരിക്കുന്നു. ഇടതിന്റെ ഉറച്ച കോട്ടയെന്ന് വിധിയെഴുതിയിരുന്ന കരുനാഗപ്പള്ളിയെ 64 വര്‍ഷത്തിന് ശേഷമാണ് സി.ആര്‍.മഹേഷിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ തവണ 1759 വോട്ടിന് പരാജയപ്പെട്ട മഹേഷ് ഇത്തവണ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തിന് (29096) ആണ് മണ്ഡലം പിടിച്ചെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ഘട്ടത്തിലാണ് മഹേഷിന്റെ ഈ ഉജ്ജ്വല വിജയം. എന്നും തുറന്നിരിക്കുന്ന കടയില്‍ മാത്രമാണ് കച്ചവടം നടക്കുക എന്നാണ് മഹേഷിന് ഒറ്റവാക്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പറയാനുള്ളത്.  ഭരണപക്ഷത്തായിരിക്കുമ്പോള്‍ മാത്രം തുറക്കുകയും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കട അടച്ചിടുകയും ചെയ്താല്‍ ആളുകള്‍ സാധനം വാങ്ങാന്‍ വരില്ലെന്നും മഹേഷ് ഓര്‍മ്മപ്പെടുത്തുന്നു.

സി.ആര്‍.മഹേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.....

? എല്‍ഡിഎഫിന്റെ ഒരു കുത്തക മണ്ഡലമാണ് പിടിച്ചെടുത്തിരിക്കുന്നത്. വിജയത്തില്‍ എന്ത് തോന്നുന്നു. 

വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. കൂടുതല്‍ ഉത്തരവാദിത്തം വന്നു. ആത്മാര്‍ത്ഥതയോടെയും സത്യസന്ധമായും നിറവേറ്റണമെന്ന ആഗ്രഹമാണ് ഇനിയുള്ളത്.

? കേരളം ഒന്നടങ്കമുണ്ടായ എല്‍ഡിഎഫ് തരംഗത്തിലും 64 വര്‍ഷത്തിന് ശേഷമാണ് കരുനാഗപ്പള്ളി മഹേഷിലൂടെ കോണ്‍ഗ്രസിന് ലഭിക്കുന്നത്. എന്താണ് വിജയ രഹസ്യം...

കഴിഞ്ഞ തവണയും സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല തരംഗമായിരുന്നു. ഇതിനേക്കാള്‍ പ്രകടമായിരുന്നു അത്. എന്നിട്ടും കരുനാഗപ്പള്ളിയില്‍ കുറഞ്ഞ വോട്ടുകള്‍ക്ക് മാത്രമാണ് തോറ്റത്. അന്നു തന്നെ ജയിക്കുമെന്ന നല്ല പ്രതീക്ഷയുണ്ടായിരുന്നു. തങ്ങള്‍ ആഗ്രഹിച്ച ഒരു ഫലമല്ല 2016-ലുണ്ടായതെന്ന് കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ക്ക് തോന്നിയിരുന്നു.  അപവാദ പ്രചാരണം നടത്തി ചതിപ്രയോഗത്തിലൂടെയാണ് മഹേഷിനെ തോല്‍പ്പിച്ചതെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു വികാരമായി നിന്നിരുന്നു. 

2016-ല്‍ 1759 വോട്ടുകള്‍ക്ക് ഞാന്‍ തോറ്റെന്ന ഫലം വന്നതോടെ ഞാന്‍ വീട്ടില്‍ പോയി ഇരിക്കുക അല്ലായിരുന്നു. ഇരിന്നിടത്ത് നിന്ന് എണീക്കുകയായിരുന്നു. ആ നിമിഷം മുതല്‍ ഞാന്‍ സമൂഹത്തിലുണ്ടായിരുന്നു. ഓരോ ദിവസവും ജനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കാന്‍ തുടങ്ങി. ആളുകളില്‍ എനിക്കുണ്ടായിരുന്ന വിശ്വാസ്യതയും സ്വീകാര്യതയും മുന്നോട്ടുപോകാന്‍ വലിയൊരു ശക്തിയായി. അഞ്ചു വര്‍ഷ കാലം ആളുകള്‍ക്കിടയില്‍ അവരുടെ ചെറുതും വലുതമായ എല്ലാ പ്രശ്‌നങ്ങളിലും കൂടെ നിന്നു. പ്രളയ സമയത്തും മറ്റു ദുരിതങ്ങളിലും നിരവധി ആളുകളെ സഹായിക്കാനായി. ജനങ്ങള്‍ക്ക് കൈയെത്തും ദൂരത്ത് അവര്‍ക്ക് ഏത് സമയത്തും വിളിക്കാവുന്ന ഒരാള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് യാതൊരു വിധത്തിലുള്ള സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല. ആളുകളുടെ വിഷമം ഏറ്റെടുക്കുന്നതോടൊപ്പം എന്റെ വിഷമങ്ങളും  ജനങ്ങള്‍ക്ക് തുറന്ന പുസ്തകമായിരുന്നു. കുടുംബത്തിന് ഭദ്രത വരുത്താനും പൊതുപ്രവര്‍ത്തനം ഉപയോഗിച്ചിട്ടില്ല. ജീവിതം പരിമതപ്പെടുത്തി ഉള്ള ചുറ്റുപാടുകള്‍കൊണ്ട് ജീവിച്ച് പോകണമെന്നാണ് എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. അതെല്ലാം വിലയിരുത്തിയാണ് ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്തത്. ഓരോ വോട്ടര്‍മാരും എന്റെ പ്രചാരകരായി.

? കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി തുണച്ചോ...

എന്റെ മിടുക്കല്ല ഞാന്‍ ജയിച്ചതിന് പിന്നില്‍. സംഘടനാ തലത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും കരുനാഗപ്പള്ളിയില്‍ നല്ല കെട്ടുറപ്പുണ്ട്. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏത് ആവശ്യത്തിനും ഒപ്പം നിന്നതിന് അവര്‍ നന്നായി പ്രത്യുപകാരം ചെയ്തു.

? മഹേഷിന്റെ വിജയത്തില്‍ കോണ്‍ഗ്രസിലെ മറ്റു പലര്‍ക്കും ഒരു പാഠമില്ലേ....

വാക്കുകളായാലും പ്രവര്‍ത്തമായാലും ഹൃദയത്തില്‍ നിന്ന് വരണം. അങ്ങനെ ചിന്തിക്കുന്നവര്‍ വിജയിക്കും. എംഎല്‍എ ആകണം മന്ത്രിയാകണം എന്നും പറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ഇതൊക്കെ ആകുക കുറച്ച് ബുദ്ധിമുട്ടാണ്. ആളുകളെ സഹായിക്കുക എന്നതാണ് ഒരു പ്രവര്‍ത്തകന് ആത്യന്തികമായി ഉണ്ടാകേണ്ടത്. അത് പലവിധത്തിലാകാം. വാക്കു കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സാമ്പത്തികമായും ആളുകളെ സഹായിക്കാന്‍ സാധിക്കും. എന്നാല്‍ ഞാന്‍ എംഎല്‍എ ആകാന്‍ ഇറങ്ങി തിരിച്ചതാണെന്നും പറഞ്ഞ് പൊതുപ്രവര്‍ത്തനത്തിലേക്ക്  ഇറങ്ങിയാല്‍ ഇതൊന്നും ജനം അംഗീകരിക്കില്ല. നമ്മോടൊപ്പം നമ്മുടെ ആവശ്യത്തിന് കിട്ടുന്ന നമുക്കിടയിലുള്ള ഒരാളാണെന്ന് ജനങ്ങള്‍ക്ക് തോന്നണം. അങ്ങനെ തോന്നിപ്പിക്കണമെങ്കില്‍ പ്രവര്‍ത്തനവും വേണം. ജനങ്ങളൊന്നും മണ്ടന്‍മാരല്ല. 

? എംഎല്‍എ ആയതിന് ശേഷമുള്ള ജനങ്ങളുടെ പ്രതികരണം...

എനിക്ക് സത്യത്തില്‍ ഒരു അഭിമാനമാണ് തോന്നുന്നത്. വിജയിച്ചതിന് ശേഷം ആളുകളുടെ തുരുതുരാ വിളിയാണ്. കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും. ഒരു പഞ്ചായത്ത് മെമ്പറെ വിളിക്കുന്നത് പോലെയാണ് ആളുകള്‍ ഓരോ ആവശ്യത്തിനും വിളിച്ചുകൊണ്ടിരിക്കുന്നത്. മഹേഷേ കറണ്ടില്ല, തെങ്ങ് വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്നു. റേഷന്‍ കാര്‍ഡിന്റെ പ്രശ്‌നം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഓരോരുത്തരും വിളിച്ചറിയിക്കുന്നത്. സകലം നാട്ടുകാരുടെ കൈയിലും എന്റെ നമ്പറുണ്ട്. അതില്‍ അഭിമാനമുണ്ട്. അത്രയും താഴോട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിളികള്‍. അവരില്‍ ഒരാള്‍ എംഎല്‍എ ആയതിന്റെ പ്രതികരണമാണ് ലഭിക്കുന്നത്.

cr mahesh

? പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലുള്ള പരിമിതി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഭയമുണ്ടോ...

ഒരുപാട് പരിമിതികള്‍ ഉണ്ടാകാം. എന്നാല്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഭരണം യുഡിഎഫിന് അല്ലാത്തത് കൊണ്ട് സ്ഥലമാറ്റം അടക്കമുള്ള അനാവശ്യ ശുപാര്‍ശകള്‍ കുറഞ്ഞ് കിട്ടും. അതേ സമയം വികസനത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ന്യായമാണെന്ന് തോന്നിയാല്‍ ഒരു സര്‍ക്കാരിനും നിഷേധിക്കാന്‍ സാധിക്കില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 

? സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ എന്താണെന്നാണ് വിലയിരുത്തുന്നത്..

അകന്നുപോയ സാമൂഹിക-സമുദായ സംഘടനകളെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണം. ചിലര്‍ അടുക്കുമ്പോള്‍ മറ്റു ചിലര്‍ അകന്നോ എന്ന് പരിശോധിക്കണം. ഒരു കാലത്ത് യുഡിഎഫിനെ അന്തംവിട്ട് സഹായിച്ച ഒരുപാട് സംഘടനകളുണ്ട്. അവരെ വിശ്വാസ്യത്തിലെടുക്കണം.

മറ്റൊരു പ്രധാന കാരണം സംഘടനാപരമായ ദൗര്‍ബല്യമാണ്. തോല്‍ക്കുമ്പോള്‍ മാത്രം പരിശോധിക്കേണ്ട ഒന്നല്ല അത്. 2011-ല്‍ തന്നെ യുഡിഎഫ് ഇഴഞ്ഞാണ് ജയിച്ചത്. അന്ന് ആത്മപരിശോധന നടത്തേണ്ടിയിരുന്നതാണ്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. സാധാരണ മാറി മാറി സര്‍ക്കാരുകള്‍ വന്നിരുന്നത് നൂറിനടത്ത് സീറ്റുകളില്‍ ജയിച്ചാണ്. 2011-ല്‍ രണ്ടോ മൂന്നോ സീറ്റിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് അധികാരം നേടിയത്. അന്ന് ഒരു ആത്മപരിശോധന നടത്തണമായിരുന്നു. 

മറ്റൊന്ന് ഏത് ഘട്ടം വന്നാലും എല്‍ഡിഎഫിന് ജയിക്കാവുന്ന ചില കുത്തക മണ്ഡലങ്ങളുണ്ട്. മണ്ഡല പുനഃനിര്‍ണയ സമയത്ത് സ്ഥാപിച്ചെടുത്താതാണ് ഇത്. അന്ന് അതിനെതിരെ പ്രതികരിക്കാനോ പരാതിപ്പെടുന്നതിനോ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അന്നേരം നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് ചര്‍ച്ച എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന പോരായ്മ. അഞ്ചു വര്‍ഷം ഭരണം കിട്ടുമ്പോള്‍ അപ്പോഴത്തേത് മാത്രം ചിന്തിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് എന്ത് മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് ഒരു ചര്‍ച്ചയുമില്ല.

? പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം മറേണ്ടതുണ്ടോ...

അങ്ങനെ കരുതുന്നില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് എതിരാളികള്‍ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. സംഘടനാപരമായി ദൗര്‍ബല്യങ്ങളുണ്ട്. രണ്ടു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വിശ്വാസ്യത ഉണ്ടാകണം. രണ്ടാമത്തെ കാര്യ ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്നും തുറന്നിരിക്കുന്ന കടകളിലേ കച്ചവടം നടക്കൂ. രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍പ്രവര്‍ത്തനമാണ്. ജനങ്ങളുടെ മനസ്സ് മാറിയും മറിഞ്ഞുമൊക്കെയിരിക്കും. എന്നാല്‍ തോല്‍വിയാണ് നല്‍കുന്നതെങ്കില്‍ അത് ഏറ്റുവാങ്ങാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടാകണം. അധികാരം വരുമ്പോള്‍ മാത്രം കട തുറന്നിരിക്കുകയും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കട അടച്ചിടുകയും ചെയ്താല്‍ ആളുകള്‍ സാധനം വാങ്ങാന്‍ വരില്ല. എന്നും തുറന്നിരിക്കുന്ന കടകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയാലെ അവിടെ പ്രവര്‍ത്തനം നടക്കൂ.

? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറേണ്ടതുണ്ടോ...

കോണ്‍ഗ്രസിനകത്ത് എന്ത് പ്രശ്‌നമുണ്ടായാലും നേതൃത്വം മാറണമെന്ന ആവശ്യം ഉയരാറുണ്ട്. ഒരാളെ കണ്ടുകോണ്ടല്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനം നടത്തേണ്ടത്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിയുടെ ഘടകങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. നേതൃത്വത്തിന്റെ കുഴപ്പംകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. തമ്മിലടിക്കാതെ പരാജയത്തിന്റെ ശരിയായ കാരണം കണ്ടെത്തണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവം പുലര്‍ത്തുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന സന്ദേശങ്ങളെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാവൂ.

? ബിജെപിയെ എങ്ങനെ വിലിയിരുത്തുന്നു

ബിജെപിക്ക് ഒരു എംഎല്‍എ പോലുമില്ലാത്തത് കോണ്‍ഗ്രസിന് ഒരു പോസിറ്റീവ് ഘടകമാണ്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും വലിയ പ്രചാരണങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് ഒരിടത്തും ജയിക്കാനായിട്ടില്ല. സിപിഎം വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂവെന്ന വിലയിരുത്തലിന് പറ്റിയ അനുകൂല സാഹചര്യംകൂടിയുണ്ട്. പാര്‍ട്ടിയും നേതൃത്വം കൂടുത്തരവാദിത്തത്തോടെ പരിശ്രമിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാവുന്നതേ ഉള്ളൂ. ബിജെപി അഞ്ചോ ഏഴോ സീറ്റുകളില്‍ ജയിച്ചിരുന്നെങ്കില്‍ സിപിഎം അവരെ പ്രതിപക്ഷമാക്കി ഉയര്‍ത്തിക്കാട്ടുമായിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല.

? ബിജെപിയിലേക്ക് പോയ ബിജെപി വോട്ടുകള്‍ തിരിച്ചു വന്നോ....

സിപിഎമ്മിനും കോണ്‍ഗ്രസിനും ഉള്ളത് പോലെ കേരളത്തില്‍ ഒരു പാരമ്പര്യ വോട്ട് ബാങ്ക് അവകാശപ്പെടാവുന്ന പാര്‍ട്ടിയല്ല ബിജെപി. ബിജെപിക്ക് പാരമ്പര്യ വോട്ട് പരിമിതമാണ്. ഇടതിനേയും വലതിനേയും വേണ്ടെന്ന് വിലയിരുത്തുന്നവരും മറ്റു പല കാരണങ്ങള്‍ കൊണ്ടുമാണ് ബിജെപിക്ക് വോട്ട് ലഭിക്കുന്നത്. ചില മാനസികാവസ്ഥയില്‍ പോകുന്ന ആ വോട്ടുകള്‍ തിരിച്ച് ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ കേഡര്‍ വോട്ടുകളല്ല ഇത്തരത്തില്‍ തിരിച്ചുപിടിക്കുന്നത്. പല മാനസിക അവസ്ഥയിലും മുന്നണികളില്‍ നിന്ന് പോയ വോട്ടുകള്‍ മാത്രമാണ് തിരിച്ചുപിടിക്കുന്നത്. അത് വോട്ട് കച്ചവടമാണെന്ന് വിലയിരുത്തുന്നതിനോട് യോജിപ്പില്ല.

? മഹേഷ് ഇടക്കാലത്ത് കോണ്‍ഗ്രസില്‍ രാജിവെക്കുന്ന സാഹചര്യമുണ്ടായി...അത്തരം തര്‍ക്കങ്ങളൊക്കെ മാറിയോ..

പി.സി.വിഷ്ണുനാഥുമായി എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. കെപിസിസി അധ്യക്ഷനില്ല. കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റോഡില്‍ തമ്മിലടിക്കുന്നു. രാഹുല്‍ ഗാന്ധി ഉള്‍വലിഞ്ഞത് പോലെ ഒരു തോന്നല്‍. ഈ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി കുറച്ചുകൂടി സജീവമായി രംഗത്തിറങ്ങണമെന്ന എന്റെ ഒരു പരാമര്‍ശം ബിജെപിയെ സഹായിക്കാനാണെന്ന് വളച്ചൊടിച്ചു. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു അപ്പോള്‍. എന്റെ ഉത്തരവാദിത്തം എന്ന നിലയില്‍ അഭിപ്രായം തുറന്നുപറയേണ്ടതാണെന്ന ഉറച്ച വിശ്വാസത്തിലാണ് അങ്ങനെ പ്രസ്താവന നടത്തിയത്. എന്നാല്‍ ഇത് വളച്ചൊടിച്ച് ഞാന്‍ സംഘപരിവാറിനെ സഹായിക്കുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രചാരണം വന്നപ്പോള്‍ എനിക്ക് വിഷമമുണ്ടായി. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് തിരിച്ചെത്തിയ ഞാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവും ഇപ്പോള്‍ എംഎല്‍എയുമായി. ഞാന്‍ പറഞ്ഞ കാര്യം ന്യായമാണെന്നും നിലപാടില്‍ കാപട്യമില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആയത്. അതിന് ശേഷം രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടു സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്ന് അന്ന് രാഹുല്‍ ചോദിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലുമടക്കം തനിക്ക് വലിയ പിന്തുണ നല്‍കി. ഒരാള്‍ പോലും തള്ളി പറഞ്ഞില്ല. എ.കെ.ആന്റണിക്കെതിരെയും പ്രസ്താവന നടത്തിയിരുന്നു. അദ്ദേഹവും രണ്ടുദിവസം കഴിഞ്ഞ് വിളിച്ച് പിന്തുണ നല്‍കി. എല്ലാ ഘട്ടത്തിലും ആന്റണിയടക്കമുള്ള നേതാക്കള്‍ എന്നെ തുണച്ചിട്ടുണ്ട്.