ബംഗലൂരു: അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന കാര്യത്തില്‍ കേരളം ഇന്നും ഇരുട്ടിലാണെന്ന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് വിവാദം സൃഷ്ടിച്ച കന്നഡ ചലച്ചിത്രതാരം ജയമാല. കാലം മാറി, ഇനി ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കൊന്നും സ്ഥാനമില്ല. സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഞങ്ങള്‍ക്കായി ഒരു ദിനം ശബരിമല സന്നിധി തുറന്നിടണം. മകരവിളക്കിന്റെ തിരക്കുകളും സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കണം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വലിയ ബഹുമതിയാകും. ജയമാല പറയുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിക്കൂടേയെന്ന സുപ്രീം കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 28-ന് ആരംഭിക്കുന്ന ബംഗലൂരു അന്താരാഷ്ട്ര ചലചിത്രമേളയുടെ സംഘാടകരില്‍ ഒരാളാണ് ജയമാല ഇപ്പോള്‍.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു കൂടെയെന്ന് പരമോന്നത നീതിപീഠം തന്നെ ചോദിച്ചിരിക്കുന്നു. ഒരിക്കല്‍ ഈ വിഷയത്തില്‍ വിവാദത്തില്‍പെട്ട ആളെന്ന നിലയില്‍ ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്?
ഞാന്‍ കോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. ആ അഭിപ്രായം വളരെ ശരിയാണ്. നമ്മുടെ ഭരണഘടന പൗരന്മാര്‍ക്ക് ലിംഗസമത്വം ഉറപ്പു നല്‍കുന്നുണ്ട്. അത് നടപ്പാക്കുകയാണ് വേണ്ടത്. ആണിനൊരു ദൈവവും പെണ്ണിനൊരു ദൈവവും ഇല്ല. ദൈവത്തിനു മുന്നില്‍ എല്ലാവര്‍ക്കും ഒരേ അവകാശം. നമുക്ക് സ്വാത്രന്ത്യം ലഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. അന്ന് ആണിനും പെണ്ണിനും ഒരുപോലെയാണ് സ്വാതന്ത്ര്യം ലഭിച്ചത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നത് അന്ധവിശ്വാസമാണെന്നാണോ?
തീര്‍ച്ചയായും. ഞാനങ്ങനെ കരുതുന്നു. ഇത് മൂഢവിശ്വാസം തന്നെയാണ്. ഇതുപോലുള്ള മൂഢവിശ്വാസങ്ങള്‍ മുമ്പും നിലനിന്നിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ സതി, ദേവദാസി സമ്പ്രദായങ്ങള്‍. പക്ഷെ, മനുഷ്യര്‍ കൂടുതല്‍ അറിവുകള്‍ നേടിയ പ്പോള്‍ അതെല്ലാം ദുരാചാരങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇവയ്‌ക്കൊന്നും ശാസ്ത്രീയ പിന്‍ബലമില്ലെന്ന് വാദിച്ചു. ഒടുവില്‍ ഈ ദുരാചാരങ്ങളെല്ലാം നിയമം മൂലം നിരോധിച്ചു. ഇല്ലാത്ത വാദമുഖങ്ങള്‍ ഉയര്‍ത്തി നമ്മള്‍ അതിനു മുമ്പ് കുറേ സ്ത്രീജന്മങ്ങളെ കുരുതി കൊടുത്തു. എനിക്ക് പറയാനുള്ളത് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളും സംവാദങ്ങളും പഠനങ്ങളും നടക്കണമെന്നാണ്. എന്തു കൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് ശാസ്ത്രീയമായി പഠിക്കണം. പഠനത്തിന് ആധാരമാക്കേണ്ടത് പുരാണങ്ങളല്ല.
ശബരിമലയുടെ കാര്യത്തില്‍ തീരുമാനം ദേവസ്വം ബോര്‍ഡിനും തന്ത്രി കുടുംബത്തിനുമല്ലേ?
ഭക്തനും ദൈവത്തിനുമിടയില്‍ ചിലര്‍ മദ്ധ്യസ്ഥന്റെ റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അവരാണ് പ്രശ്‌നക്കാര്‍. അവരാണ് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്. ദേവസ്വം ബോര്‍ഡിനെ മാനിക്കുന്നു.
ജയമാല ഇപ്പോഴും അയ്യപ്പഭക്തയാണോ?
അയ്യപ്പന്‍ എന്റേതാണ്. എന്റെ എല്ലാ ഉയര്‍ച്ചകള്‍ക്കു പിന്നിലും അയ്യപ്പനാണ്. അയ്യപ്പനോടുള്ള ഭകതിയുടെ തലം എനിക്ക് വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ഞാന്‍ ചെറുപ്പം മുതല്‍ അയ്യപ്പനായി പൂജകള്‍ ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക അയ്യപ്പക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നു. ഭക്തരെ ആണെന്നോ പെണ്ണെന്നോ അയ്യപ്പന്‍ വര്‍ഗ്ഗീകരിക്കുന്നില്ല. ഭക്തിയോടെ ആരു ചെന്നാലും അനുഗ്രഹിക്കും. അയ്യനെ ശബരിമലയില്‍ ചെന്നു തൊഴുതു പ്രാര്‍ത്ഥിക്കാന്‍ ഒരു പാട് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവും അച്ഛനും ആണ്‍മക്കളും സഹോദരങ്ങളുമൊക്കെ മലചവിട്ടാന്‍ യാത്ര പറയുമ്പോള്‍ വീട്ടില്‍ പ്രാര്‍ത്ഥിച്ചിരിക്കാനെ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് കഴിയുന്നുള്ളൂ. മറ്റു അയ്യപ്പക്ഷേത്രങ്ങളിലൊന്നും സ്ത്രീകള്‍ക്ക് വിലക്കില്ല. പക്ഷേ ശബരിമലയിലെ അയ്യപ്പനെ കാണാനേ പാടില്ലെന്ന് പറയുന്നത് കഷ്ടമാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം കാണാനാണ് കണ്ണുകള്‍. പെണ്‍കാഴ്ച്ചകളില്‍നിന്ന് എന്തിന് അയ്യനെ മറച്ചു നിര്‍ത്തുന്നു.
ശബരിമലയില്‍ പോയി അയ്യപ്പ വിഗ്രഹം തൊട്ടു പ്രാര്‍ത്ഥിച്ചെന്ന് ജയമാല വെളിപ്പെടുത്തിയിരുന്നു. അന്നെന്താണ് സംഭവിച്ചത്?
1986ല്‍ ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ഞാന്‍ ശബരിമല ദര്‍ശനം നടത്തിയത്. അന്നെനിക്ക് 27 വയസായിരുന്നു. അതിന്റെ പേരില്‍ കേരളം എന്നെ വിവാദങ്ങളില്‍ കുരുക്കി. ആറര വര്‍ഷക്കാലം കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ചു. ഞാനാകെ തകര്‍ന്നു പോയി. ദൈവത്തെ കാണുന്നത് വലിയ കുറ്റമാണെന്ന് ഞാന്‍ അറിഞ്ഞു. സര്‍ക്കാര്‍ കൊടുത്ത കേസ് ശക്തമായിരുന്നു. അയ്യപ്പ വിഗ്രഹമല്ല മറ്റൊരു വിഗ്രഹമാണ് തൊട്ടതെന്ന് പറഞ്ഞാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചു. ഞാന്‍ സത്യത്തില്‍ ഉറച്ചു നിന്നു. തൊട്ടത് അയ്യപ്പ വിഗ്രഹമാണ്. നിങ്ങളുടെ അറിവിലേക്കായി ഞാനൊരു കാര്യം പറയാം. ഞാന്‍ ശബരിമലയില്‍ പ്രവേശിച്ച കാലത്ത് അങ്ങനെയൊരു വിലക്കൊന്നും നിയമത്തില്‍ ഇല്ലായിരുന്നു. 1991ല്‍ ജസ്റ്റിസ് പരിപൂര്‍ണന്റെ സിങ്കിള്‍ ബെഞ്ചാണ് ഇങ്ങനെയൊക്കെ ഉത്തര വിട്ടത്. 2006ലാണ് ഞാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അപ്പോള്‍ എങ്ങനെയാണ് 1986ല്‍ സന്ദര്‍ശിച്ചതിന് എന്റെ പേരില്‍ കേസെടുക്കുക. കേസ് ഞാനാണ് ജയിച്ചത്. അതും അയ്യപ്പകൃപ തന്നെ.
ശബരിമലയില്‍ പ്രവേശിക്കാന്‍ അന്നു നിങ്ങള്‍ പ്രായം കൊണ്ട് യോഗ്യയായിരുന്നില്ല. ഇപ്പോള്‍ അമ്പത് പിന്നിട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ശബരിമല പ്രവേശത്തിന് വിലക്കുകളില്ല. ഇനി ശബരിമല സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമുണ്ടോ?
അന്നത്തെ സംഭവങ്ങള്‍ക്കു ശേഷം ഞാന്‍ വീട്ടിലിരുന്നു അയ്യപ്പനെ ആരാധിക്കുകയാണ്. ശബരിമലയില്‍ പോകണമെന്ന് തോന്നിയിട്ടില്ല. ഇനി തോന്നാതിരിക്കണമെന്നുമില്ല. അതൊക്കെ ഭക്തക്കും ദൈവത്തിനുമിടയിലെ കാര്യമല്ലേ. ദൈവഹിതം നടക്കട്ടെ.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് എന്താണ് അഭ്യര്‍ത്ഥിക്കാനുള്ളത്?
ഏതു പാര്‍ട്ടി ഭരിച്ചാലും ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം ഉറപ്പു വരുത്തണം. കേരളം എനിക്ക് വളരെയേറെ ഇഷ്ടമാണ്. നിരവധി പ്രഗല്‍ഭരായ ചലചിത്രകാരന്മാരും എഴുത്തുകാരും കായികതാരങ്ങളും ഇച്ഛാശക്തിയുള്ള രാഷ്ട്രീയക്കാരുമെല്ലാം ഉള്ള നാടാണ് കേരളം.