ചെന്നൈ : '' സത്യം വിളിച്ചുപറഞ്ഞ അമേരിക്കയിലെ പോലീസ് മേധാവിക്ക് അഭിവാദ്യങ്ങള്‍. ഇവിടെ ഇന്ത്യയില്‍ ഇതുപോലെ സത്യം വിളിച്ചുപറഞ്ഞ എന്റെ ഭര്‍ത്താവ് കഴിഞ്ഞ 20 മാസമായി ജയിലിലാണ്. '' ഗുജറാത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ വാക്കുകളില്‍ രോഷവും സങ്കടവും ഒരുപോലെ അതിരിടുന്നുണ്ടായിരുന്നു. അമേരിക്കയിലെ ഹൂസ്റ്റണില്‍ പോലിസ് മേധാവിയായ ആര്‍ട്ട് സിവാഡൊ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍ വായ മൂടണമെന്നാവശ്യപ്പെടുന്ന വീഡിയൊ വൈറലാവുന്നതിനിടയിലാണ് ശ്വേതയെ വിളിച്ചത്. അഹമ്മദാബാദിലെ വീട്ടില്‍ നിന്നും ശ്വേതയുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍ നിന്ന്:
ഹൂസ്റ്റണിലെ പോലിസ് മേധാവി ആര്‍ട്ട് സിവാഡൊ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ജനാധിപത്യത്തെക്കുറിച്ചും സമൂഹത്തിലെ അസമത്വങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന വീഡിയൊ സാമൂഹിക മാദ്ധ്യമങ്ങളില്‍ പടരുകയാണ്. ആഫ്രിക്കന്‍ അമേരിക്കനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് മര്‍ദ്ദനം മൂലം കൊല്ലപ്പെട്ടതിനെതിരെ നടന്നുകൊണ്ടിരിക്കുന്ന കലാപം അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട പ്രസിഡന്റ് ട്രംപിനോട് ജനങ്ങളുടെ ഹൃദയത്തിലിടം പിടിക്കുകയാണ് വേണ്ടതെന്നും കലാപം പോലീസുകാരുടെ മോശം നടപടികള്‍ക്കെതിരെ മാത്രമല്ലെന്നും അമേരിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെകൂടിയാണെന്നുമാണ് സി എന്‍ എന്‍ അവതാരിക ക്രിസ്റ്റ്യാന്‍ അമന്‍പൊറിനോട് ആര്‍ട്ട് സിവാഡൊ പറഞ്ഞത്. ഈ പരിസരത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
അമേരിക്കയിലെ ജനാധിപത്യമാണിത്. ഒരു പോലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്. ഇവിടെ എന്റെ ഭര്‍ത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലില്‍ കിടക്കുന്നത്. 2018 സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതുവരെ അദ്ദേഹത്തിന് ജാമ്യം കിട്ടിയിട്ടില്ല. ജാമ്യമാണ് നിയമമെന്നും ജയില്‍ അപവാദമാണെന്നുമാണ് ( Bail is the rule, jail is the exception ) നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രമാണങ്ങളിലൊന്ന്. പക്ഷേ, ഭരണകൂടത്തിന്റെ അപ്രീതിക്കിരയായ ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ഇനിയിപ്പോള്‍ വേറെയേതെങ്കിലും പോലിസ് ഓഫീസര്‍ ഇതുപോലൊരു നിലപാടെടുക്കാന്‍ ധൈര്യപ്പെടുമോ? സത്യത്തിന്റെ ഭാഗത്തു നിന്നതിന് സഞ്ജീവിന് കിട്ടിയ പ്രതിഫലമാണിത്.
സഞ്ജീവിനെ ഏറ്റവുമൊടുവില്‍ നേരിട്ടുകണ്ടത് എപ്പോഴാണ്?
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന്. ഗുജറാത്തിലെ ബനാസ്‌കണ്ട ജില്ലയിലെ പലന്‍പൂര്‍ ജയിലിലാണ് സഞ്ജീവുള്ളത്. അവിടെ നിന്ന് കോടതിയില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് എനിക്ക് അദ്ദേഹത്തെ കാണാനാവുന്നത്.
ജയിലില്‍ പോയി സഞ്ജീവിനെ കാണാന്‍ അനുമതി കിട്ടാറില്ലേ?

സഞ്ജീവ് ഭട്ടിന്റെ ഫയല്‍ ചിത്രം.
കാണാന്‍ അനുമതി ചോദിച്ചാല്‍ ജയിലധികൃതര്‍ തരില്ല എന്നു പറയില്ല. പകരം കൂടിക്കാഴ്ച നടക്കാതിരിക്കാനുള്ള വിധത്തിലായിരിക്കും അവര്‍ പ്രതികരിക്കുക. ഇവിടെ അഹമ്മദാബാദില്‍ നിന്നും മൂന്നര മണിക്കൂര്‍ യാത്ര ചെയ്താലേ പലന്‍പൂരിലെത്താനാവുകയുള്ളു. ഫോണില്‍ വിളിക്കുന്നതിനോ വീഡിയൊകോള്‍ ചെയ്യുന്നതിനോ അനുമതിയില്ല. കോടതിയില്‍ എത്തുമ്പോള്‍ മാത്രമാണ് അതുകൊണ്ട് സഞ്ജീവിനെ കാണാനാവുന്നത്.
സഞ്ജീവിന്റെ ആരോഗ്യനില എങ്ങിനെയുണ്ട് ?
ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതില്‍ സഞ്ജീവ് അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട്. നിത്യേന കൃത്യമായി വ്യായാമം ചെയ്യും. അദ്ദേഹം വളരെയധികം ഇച്ഛാശക്തിയുള്ള മനുഷ്യനാണ്. അങ്ങിനെയൊന്നും അദ്ദേഹത്തെ തകര്‍ക്കാനോ തളര്‍ത്താനോ ആവില്ല. അവസാനം കണ്ടപ്പോള്‍ അദ്ദേഹം എന്നെ നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. എത്രയോ വര്‍ഷമാണ് മണ്ടേല ജയിലില്‍ കിടന്നത്.
സഞ്ജീവിന് ശാരീരിക പീഡനങ്ങള്‍ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?
ഇല്ല. ജയിലധികൃതര്‍ക്കും മറ്റ് പോലീസുകാര്‍ക്കുമൊക്കെ അദ്ദേഹത്തോട് ബഹുമാനമാണ്. സത്യത്തിനുവേണ്ടിയാണ് സഞ്ജീവ് നിലകൊള്ളുന്നതെന്ന് അവര്‍ക്കറിയാം. പലന്‍പൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലെ എസ് പിയായിരുന്നു നേരെത്ത സഞ്ജീവ്. അക്കാലമൊക്കെ ഇപ്പോഴും പല ഉദ്യോഗസ്ഥര്‍ക്കും ഓര്‍മ്മയുണ്ട്.
സഞ്ജീവിനെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് താങ്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിശ്വസിക്കുന്നത്?
തീര്‍ച്ചയായും. 1990 ല്‍ എല്‍ കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ജാംനഗറിലുണ്ടായ കലാപത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രഭുദാസ് വൈഷ്ണാനി എന്ന വി എച്ച് പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ സഞ്ജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഐ പി എസ് കിട്ടി പരിശിലനം കഴിഞ്ഞ് സഞ്ജയിന് ആദ്യമായി കിട്ടിയ നിയമനമായിരുന്നു ജാംനഗറിലെ എ എസ് പി പദവി. ജോലിയില്‍ പ്രവേശിച്ച് 15 ദിവസമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. കലാപത്തിലേര്‍പ്പെട്ടവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രഭുദാസിനെ അറസ്റ്റ് ചെയ്തത് ലോക്കല്‍ പോലിസാണ്. ആ സംഘത്തില്‍ സഞ്ജീവുണ്ടായിരുന്നില്ല. പ്രഭുദാസിനെ ചോദ്യം ചെയ്ത ടീമിലും സഞ്ജീവുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്തശേഷം പ്രഭുദാസിനെ പോലിസ് വിട്ടയച്ചിരുന്നു. പിന്നീട് 18 ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രഭുദാസ് മരിച്ചത്. വൃക്കരോഗമാണ് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍. പക്ഷേ, കസ്റ്റഡിയില്‍ പോലിസ് പീഡിപ്പിച്ചതാണ് പ്രഭുദാസിന്റെ മരണത്തിന് കാരണമായതെന്നും ഇതിന് സഞ്ജീവ് നേതൃത്വം നല്‍കിയെന്നുമാണ് കേസ്.
1996 ല്‍ ബനാസ്‌കണ്ടയില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് അയാളുടെ മുറിയില്‍ ലഹരമിരുന്ന് കൊണ്ടുവെച്ചു എന്ന കേസിലാണ് 2018 സ്പെറ്റംബറില്‍ സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. ഈ രണ്ടു കേസുകളും കള്ളക്കേസുകളാണ്. 2015 ലാണ് സര്‍ക്കാര്‍ സഞ്ജീവിനെ സര്‍വ്വിസില്‍ നിന്നും പിരിച്ചുവിട്ടത്. 27 വര്‍ഷത്തെ സത്യസന്ധമായ സേവനത്തിനൊടുവില്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ സഞ്ജീവ് പ്രതികരിച്ചത് ഫ്രഞ്ച് ചിന്തകന്‍ വോള്‍ട്ടയറെ ഉദ്ധരിച്ചുകൊണ്ടാണ് ''ഭരണകൂടം തെറ്റുചെയ്യുമ്പോള്‍ ശരിയുടെ ഭാഗത്തു നില്‍ക്കുക അപകടകരമാണ്. ''
എപ്പോഴാണ് ഭരണകൂടം താങ്കളുടെ ഭര്‍ത്താവിനെതിരെ തിരിഞ്ഞത്?
2011 മെയില്‍ സുപ്രിംകോടതിയില്‍ സഞ്ജീവ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കി. അന്നുതൊട്ടാണ് സഞ്ജീവിനെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയത്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും ബോധപൂര്‍വ്വമായ നിഷ്‌ക്രിയത്വമാണ് ഗുജറാത്ത് സര്‍ക്കാര്‍ പുലര്‍ത്തിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ സഞ്ജീവ് പറഞ്ഞത്. 2002 ല്‍ ഗോധ്രയില്‍ 59 ഹിന്ദു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ പോലിസ് ഇടപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി മോദി പറഞ്ഞതായും സഞ്ജീവ് ആരോപിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി ഹരെന്‍ പാണ്ഡ്യയും ഈ ആരോപണം ഉന്നയിച്ചിരുന്നു. പാണ്ഡ്യ പിന്നീട് കൊല്ലപ്പെട്ടു.
സഞ്ജീവിനെതിരെയുള്ള കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
കീഴ്ക്കോടതിയും ഹൈക്കോടതിയും സഞ്ജീവിന് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍. കോവിഡ് 19 കാരണം കോടതികളുടെ പ്രവര്‍ത്തനം ഇനിയും സാധാരണ നിലയിലായിട്ടില്ല.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ഈ പോരാട്ടത്തില്‍ കൂടെയില്ലേ?
ബിജെപിക്കുള്ളില്‍ നിന്നു പോലും പലരും അനകൂലമനോഭാവമുള്ളവരാണ്. സത്യസന്ധനായ ഒരു പോലിസ് ഓഫീസര്‍ക്ക് ഒരിക്കലും സംഭവിക്കരുതാത്തതാണിതെന്നാണ് അവരെല്ലാവരും പറയുന്നത്. പക്ഷേ, പരസ്യമായി രംഗത്തുവരാന്‍ ഇവര്‍ക്കൊക്കെ പേടിയാണ്. ഇതൊരു രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവുമാണ്. നിയമതലത്തിലുള്ള പോരാട്ടം ഞങ്ങള്‍ കുടുംബക്കാര്‍ നേരിട്ടാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ഒരു സാമ്പത്തിക സഹായവും ഒരിടത്തു നിന്നും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല.
മക്കളുടെ പഠനം കഴിഞ്ഞോ?
ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. മകന്‍ ലണ്ടനില്‍ ആര്‍ക്കിടെക്ചര്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. മകള്‍ ഒക്സ്ഫൊഡ് സര്‍വ്വകലാശാലയില്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു.
ഇനിയിപ്പോള്‍ സഞ്ജീവിനെ എന്നാണ് കാണാന്‍ കഴിയുക?
ഒരു പിടിയുമില്ല. പക്ഷേ, ഞങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ട്. ആത്യന്തികമായി നീതി പുലരുക തന്നെ ചെയ്യുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
content highlights: Interview with Sanjiv Bhatt wife shweta bhatt