തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറാനുള്ള താത്പര്യം പ്രകടിപ്പിച്ച് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംസ്ഥാനത്തെ ഇരുമുന്നണികളും തുടര്‍ച്ച മാത്രമാണെന്നും അവരുടെ ഇത്രയും കാലത്തെ ഭരണം കൊണ്ട് സംസ്ഥാനത്തിനുണ്ടായത് പുരോഗതി അല്ലെന്നും ജേക്കബ് തോമസ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഇരുമുന്നണികളും താനാഗ്രഹിക്കുന്ന നല്ലൊരു കേരളം എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും സ്വാഭാവികമായും സംസ്ഥാനത്ത് നിലവിലുള്ള, പരീക്ഷിക്കപ്പെടാവുന്ന സാധ്യത ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ജേക്കബ് തോമസുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനോട് ഇപ്പോള്‍ പരസ്യമായി ആഭിമുഖ്യം പ്രകടിപ്പിക്കാന്‍ കാരണമെന്താണ്?
തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും ജനങ്ങള്‍ക്ക് വേണ്ടി നയങ്ങള്‍ രൂപീകരിക്കുക, അത് നടപ്പാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട ഭാഗമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഒരു പൗരനെന്ന നിലയില്‍ നമുക്കൊരു സദ്ഭരണം കിട്ടുന്നില്ലായെങ്കില്‍ അതിന് വെറുതെ പഴിചാരി ഇരിക്കുന്നതിന് പകരം ക്രിയാത്മകമായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയായി ഈ നാട്ടിലെ നയരൂപീകരണത്തിലും നിയമ നിര്‍മാണത്തിലും പങ്കാളിയാകാനുള്ള ചുമതലയിലേക്കെത്തുന്നതല്ലേ കൂടുതല്‍ നല്ലതെന്ന ചിന്ത എന്റെ മനസിലുണ്ട്. ഇത്രയും കാലം സിവില്‍ സര്‍വീസിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം നമുക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയുടെ നിയന്ത്രണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് മാത്രമേ പ്രാതിനിധ്യമുള്ളു. നയരൂപീകരണത്തിന്റെ ഭാഗമാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല.
സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഴിമതി ഉണ്ടാകാതെ, വീഴ്ചകള്‍ ഉണ്ടാകാതെ അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറണമെങ്കില്‍, അതിന്റെ ഭാഗമാകുകയല്ലെ നല്ലത് എന്ന ചിന്ത മനസിലുണ്ടായി. അങ്ങനെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകണം എന്ന തീരുമാനത്തിലേക്ക് എത്തിയത്. സര്‍വീസില്‍ ആയിരുന്നതുകൊണ്ട് ഇത്രയും കാലം അങ്ങനെയൊരു തീരുമാനത്തിലേക്കെത്തുന്നതിന് സാധ്യതയോ സാധുതയോ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് നല്ല ഭരണം വേണമെന്ന കാഴ്ചപ്പാട്, അത് സര്‍വീസിലിരുന്നപ്പോഴും ഉണ്ടായിരുന്നു. പക്ഷെ, അതിന് പരിമിതികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വീസില്‍നിന്ന് വിട്ടതിനാല്‍ സാധാരണ ഒരു പൗരന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് നല്ല ഭരണം ഉണ്ടാകണമെങ്കില്‍ അതിന് തീരുമാനമെടുക്കുന്ന സംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടണം. അതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്താണ് താങ്കള്‍ ഒരു ഏറ്റുമുട്ടലിന്റെ പാതയിലേക്കെത്തുന്നത്. വിവാദങ്ങളും സസ്പെന്‍ഷനും ഒക്കെയെത്തി. ഈയൊരു സമയത്താണോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തണമെന്ന ചിന്ത ശക്തിപ്പെട്ടത്?
സര്‍ക്കാരുമായി ഞാന്‍ ഏറ്റുമുട്ടലിലേക്ക് എത്തിയെന്ന് പറയുന്നത് അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ നിരീക്ഷിക്കുന്നതു കൊണ്ടാണ്. 34 വര്‍ഷത്തോളമാണ് സര്‍വീസില്‍ ഉണ്ടായിരുന്നത്. അത്രയും കാലം സര്‍ക്കാരിന്റെ ഭാഗം തന്നെയായിരുന്നു ഞാനും. ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനു മുമ്പ് ഒരു സര്‍ക്കാരുമായും ഏറ്റുമുട്ടലുണ്ടായതായി കേട്ടിട്ടുണ്ടോ? അങ്ങനെയുണ്ടായിട്ടില്ല. അപ്പോള്‍ എറ്റുമുട്ടലുണ്ടായത് എന്റെ കുഴപ്പമാണോ അതോ ഭരണത്തിന്റെ കുഴപ്പമാണോ എന്ന ലോജിക്കുകൂടി അതിലില്ലെ?.
സര്‍ക്കാരിന്റെ നയങ്ങളോട് എനിക്ക് പൂര്‍ണ യോജിപ്പാണ്. 'സീറോ ടോളറന്‍സ് ടു കറപ്ഷന്‍ വിച്ച് ഈസ് വിസിബിള്‍ ആന്‍ഡ് ഫെല്‍റ്റ് ബൈ എവരിവണ്‍' എന്നതായിരുന്നു 2016 ജൂണ്‍ 24-ലെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറയുന്നത്. അതായത് അഴിമതിയോട് പൂര്‍ണമായും അസഹിഷ്ണുതയാണ് ഈ സര്‍ക്കാരിന് എന്നാണ് പ്രഖ്യാപിച്ചത്. അത് ജനങ്ങള്‍ക്ക് കാണാനും ബോധ്യപ്പെടാനും സാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ആ നയം, അതെനിക്ക് വളരെ സ്വീകാര്യമായിരുന്നു. അന്ന് വിജിലന്‍സിന്റെ ചുമതല ഉണ്ടായിരുന്നതിനാല്‍ അത് നടപ്പിലാക്കുന്ന ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു.
ബന്ധു നിയമന വിവാദം ഉണ്ടായ സമയത്ത് അതിന്റെ മന്ത്രി തന്നെ അന്ന് രാജിവെക്കുന്ന സാഹചര്യമുണ്ടായി. അത് അഴിമതിക്കെതിരായ സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായിരുന്നു. പക്ഷെ, പിന്നീട് എന്തെല്ലാം അഴിമതികളേപ്പറ്റിയാണ് നമ്മള്‍ കേട്ടത്. 2016-ലെ ആ നയം മാറ്റിയെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നാല്‍, അത് നടപ്പാക്കാതെ വരുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതല്ലേ. അതാണ് ഒരേറ്റുമുട്ടലിന്റെ പാതയിലേക്ക് എത്തിച്ചത്.
അടുത്ത കാലത്തായി ബി.ജെ.പിക്ക് അനുകൂലമായ പരോക്ഷമായ പരാമര്‍ശങ്ങള്‍ താങ്കളുടെ ഭാഗത്തുനിന്നുണ്ടായി, ഈ ആഭിമുഖ്യം എങ്ങനെ ഉണ്ടായി?
പാലാ ഇരാറ്റുപേട്ടയ്ക്കടുത്തുള്ള തീക്കോയി ആണ് എന്റെ സ്വദേശം, സ്‌കൂള്‍ പഠനകാലത്ത് രാവിലെയും വൈകിട്ടുമൊക്കെ പുഴയിലായിരുന്നു കുളിച്ചിരുന്നത്. മാത്രമല്ല, ഫാന്‍ ഉപയോഗിക്കേണ്ടതില്ലാത്ത, സ്വാഭാവികമായ തണുപ്പുണ്ടായിരുന്ന കൊതുകു ശല്യമില്ലാതിരുന്ന സ്ഥലമായിരുന്നു അത്. തേയിലയായിരുന്നു വീടിന് ചുറ്റുമുണ്ടായിരുന്ന കൃഷി. സര്‍ക്കാര്‍ ഇടപെടല്‍ വളരെ കുറവായിരുന്നു. 40 കൊല്ലം മുമ്പുള്ള എന്റെ അനുഭവമാണ് ഈ പറയുന്നത്. എന്നാല്‍ ഇന്ന് അതേ സ്ഥലത്ത് എത്തിയാല്‍ ഫാനില്ലാതെ കിടക്കാന്‍ സാധിക്കില്ല, കൊതുക് കടികൊണ്ട് ജീവിക്കാന്‍ സാധിക്കില്ല. പുഴ മുഴുവന്‍ ഉണങ്ങി വരണ്ടു. കുടിവെള്ളം പൈപ്പിലൂടെ എത്തിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇതൊക്കെ ഒരു പുരോഗതിയാണെന്ന് എനിക്ക് തോന്നുന്നില്ല.
മുന്നോട്ടല്ല, പിറകോട്ട് പോയി എന്നാണ് എന്റെ അഭിപ്രായം. ഈ കഴിഞ്ഞ 40 വര്‍ഷവും ഈ നാട് ഭരിച്ചത് യു.ഡി.എഫും എല്‍.ഡി.എഫുമായിരുന്നു. എന്റെ ഒരനുഭവത്തില്‍ നാട്ടിലുണ്ടായത് പുരോഗതി അല്ല എന്ന് പറയേണ്ടിവരും. നമ്മുടെ വലിയൊരു സ്വത്താണ് കാലാവസ്ഥ. അത് ഇപ്പോള്‍ കളഞ്ഞു കുളിച്ചിരിക്കുന്നു. തിരികെ കൊണ്ടുവരാന്‍ പറ്റാത്ത രീതിയില്‍ ഒരു നാശം ഈ നാട്ടില്‍ കഴിഞ്ഞ 40 വര്‍ഷമായി ഉണ്ടാക്കിയത് ആരാണ്? തീര്‍ച്ചയായും അന്ന് ഭരണത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്തവും. എല്‍.ഡി.എഫ്.- യു.ഡി.എഫ്. എന്ന രീതിയില്‍ ഇവിടം ഭരിച്ചു കൊണ്ടിരുന്നാല്‍ ഇനിയും ഇങ്ങനെ നമ്മള്‍ താഴേക്ക് പൊയ്ക്കൊണ്ടിരിക്കും. അതിനൊരു മാറ്റമുണ്ടായേ പറ്റൂ.
താങ്കള്‍ കരുതുന്ന രീതിയില്‍ കേരളത്തിന് ഒരു മാറ്റം വരണമെങ്കില്‍ അത് ബി.ജെ.പിയിലൂടെയെ സാധ്യമാകു എന്ന് കരുതുന്നുണ്ടോ?
മാറ്റം എന്നത് ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്ന് അവരുമായി സംവദിക്കേണ്ടതുണ്ട്. ജനങ്ങള്‍ ചിലപ്പോള്‍ അത് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. ചില കാര്യങ്ങളില്‍ നമ്മള്‍ മുന്നോട്ടല്ല, മുന്നോട്ട് പോയെന്ന് കരുതുന്നതിന് ഈ വേഗമാണോ വേണ്ടിയിരുന്നത്, ഇങ്ങനെ ആയിരുന്നോ വേണ്ടത് എന്നുള്ളത് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. നല്ലൊരു നാട്, നല്ല പരിസ്ഥിതി, നല്ലൊരു കമ്മ്യൂണിറ്റി, റോഡിലിറങ്ങിയാല്‍ തിരിച്ച് വീട്ടിലെത്തുമെന്നുറപ്പുള്ള അവസ്ഥ... ഇതൊക്കെയല്ലെ പുരോഗതിയെന്ന് കരുതുന്നത്. അതൊക്കെ നടപ്പാക്കണം. ഇത്രയും കാലത്തിനിടയില്‍ അത് നടപ്പായോ?
ഞാന്‍ ബി.ജെ.പിയുടെ ഭാഗമാകുകയും അവര്‍ എന്നെ അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ നല്‍കുന്ന സന്ദേശം എന്തായിരിക്കും? എന്റെ നിലപാടുകള്‍ അവര്‍ക്ക് സ്വീകാര്യമാണ് എന്നാണ്. അത് നല്ലകാര്യമല്ലേ. എനിക്ക് വിശ്വാസമുള്ള വികസനത്തിന്റേതായ, പരിസ്ഥിതിയുടേതായ, സാമൂഹ്യ മനോഭാവത്തിന്റേതായ കാഴ്ചപ്പാടുകള്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും സ്വീകാര്യമാണെങ്കില്‍ അതെനിക്ക് അനുയോജ്യമാണെന്ന് തോന്നുന്നു.
നിലവില്‍ ബി.ജെ.പിയുടെ ആശയങ്ങളും അതിന്റെ നയങ്ങളുമൊക്കെ രാഷ്ട്രീയം എങ്ങനെ ആയിരിക്കണം എന്ന് താങ്കള്‍ ആഗ്രഹിക്കുന്ന ഒരു പരിതസ്ഥിതിയിലാണോ?
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണി കേരളം ഇതുവരെ ഭരിച്ചിട്ടില്ല. എന്റെയൊരു പ്രവര്‍ത്തന മണ്ഡലമെന്നത് കേരളമാണ്. ഇനിയുള്ള കാലം ഞാന്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നതും ഇവിടെ തന്നെയാണ്. അപ്പോള്‍ ഇതുവരെ അധികാരത്തില്‍ എത്താത്ത ഒരു പാര്‍ട്ടിയെ എന്റെ സ്വപ്നത്തിലുള്ള തരത്തില്‍ മാറ്റിയെടുത്ത് നല്ലൊരു ഭരണത്തിനല്ലേ ഞാന്‍ ശ്രമിക്കേണ്ടത്.
നിലവിലുള്ള മറ്റ് മുന്നണികളിലും ഈയൊരു സാധ്യതയില്ലേ, അവര്‍ കേരളം ഭരിച്ചിരുന്നുവെന്നത് അയോഗ്യതയാകുന്നതെങ്ങനെ?
ഇത്രയും കാലം ജനങ്ങള്‍ തിരഞ്ഞെടുത്തത് അവരെ തന്നെയായിരുന്നു. ദീര്‍ഘകാലമായി ഇവര്‍ തന്നെയാണ് ഇവിടം ഭരിച്ചത്. അവര്‍ ഒരു തുടര്‍ച്ചയായിരുന്നു. ഇതെല്ലാം തുടര്‍ച്ചയായിരുന്നുവെന്ന് പറയാന്‍ കാരണം, 2016 ജനുവരിയിലോ ഫെബ്രുവരിയിലോ മറ്റോ ഒരു ജംബോ കാബിനറ്റ് നടക്കുകയും അതില്‍ നൂറോളം കാര്യങ്ങളില്‍ തീരുമാനമെടുത്തുവെന്നും അതില്‍ പല പ്രശ്നങ്ങളും ഉണ്ടായെന്നും ആരോപണമുയര്‍ന്നിരുന്നു. അന്നത്തെ പല തീരുമാനങ്ങളിലും അഴിമതിയാണെന്ന് പറഞ്ഞാണല്ലോ ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും ജനങ്ങള്‍ അവരെ അധികാരത്തിലെത്തിക്കുകയും ചെയ്തത്.
2016-ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ആ തീരുമാനങ്ങളൊക്കെ പരിശോധിക്കാന്‍ അഞ്ച് മന്ത്രിമാരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍ നാലര വര്‍ഷം കഴിഞ്ഞു, ആ കമ്മിറ്റിയെപ്പറ്റി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതിന്റെ അര്‍ഥം ഇരുമുന്നണികളും ഒരു തുടര്‍ച്ച തന്നെയാണന്ന് തന്നെയല്ലെ. രണ്ടു മുന്നണികള്‍ ഭരിക്കുമ്പോഴും ഒരേ വകുപ്പില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ടുകൂടിയാണ് ഇക്കാര്യം പറഞ്ഞത്.
അപ്പോള്‍ പുതിയൊരു രാഷ്ട്രീയം പരീക്ഷിക്കുന്നതില്‍ തെറ്റില്ല, പുതിയ സംവിധാനം ബി.ജെ.പി. ആകുന്നതില്‍ തെറ്റില്ലെന്നാണോ കരുതുന്നത്?
എസ്റ്റാബ്‌ളിഷ്ഡ് പൊളിറ്റിക്സ് എന്ന നിലയില്‍ സ്വാഭാവികമായും എന്‍.ഡി.എ. സംവിധാനമല്ലേ ഒരു ഒപ്ഷനായി നമുക്ക് മുന്നിലുള്ളു. വേറൊരു പൊളിറ്റിക്കല്‍ ഫോര്‍മേഷന്‍ കേരളത്തിലില്ലല്ലോ. ചില പുതിയ തലമുറ സംവിധാനങ്ങളൊക്കെ വന്നിട്ടുണ്ട്. ട്വന്റി-20 പോലെ. പക്ഷെ, അതൊക്കെ പ്രാഥമിക തലത്തില്‍ മാത്രമേ അവയ്ക്ക് പ്രാതിനിധ്യമുള്ളു. അതൊക്കെ നല്ല പരീക്ഷണങ്ങളാണ്. അവയൊക്കെയും നമുക്ക് ആവശ്യമാണ്. ഇത്തരം പരീക്ഷണങ്ങളില്‍ കൂടിയാണ് ഒരു ജനസമൂഹം വികസിക്കുന്നത്. നിലവില്‍ യു.ഡി.എഫും എല്‍.ഡി.എഫും അല്ലാതെ ജനങ്ങള്‍ക്ക് പരീക്ഷിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ മാതൃക കേരളത്തിലുള്ളത് എന്‍.ഡി.എ. ആണ്.
എന്‍.ഡി.എ. എന്ന സംവിധാനത്തെ പരീക്ഷിക്കാന്‍ താങ്കള്‍ സജ്ജനാണ് എന്ന് കരുതാന്‍ സാധിക്കുമോ?
എല്‍.ഡി.എഫ്. ആയാലും യു.ഡി.എഫ്. ആയാലും അവര്‍ രൂപപ്പെടുത്തിയ നയങ്ങള്‍ കേരളത്തിന് ഗുണപരമല്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അതില്‍ ഒരു മാറ്റമുണ്ടാകണം. അതിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനം എന്‍.ഡി.എ. ആണ്. അതിനാല്‍ എന്‍.ഡി.എ. തന്നെ കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ മാത്രമേ സമൂഹത്തിന്റെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റമുണ്ടാകു.
അങ്ങനെയെങ്കില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
എന്റെ നിലപാടുകളെ എന്‍.ഡി.എ. സ്വീകരിക്കുമെന്നതില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. കേരളത്തിലെ പല കാര്യങ്ങളിലും അവര്‍ എടുക്കുന്ന നിലപാടുകള്‍ പൊതു സമൂഹത്തിന് മുന്നിലുണ്ട്. അഴിമതി ഉണ്ടാകുന്നതു കൊണ്ടാണല്ലോ നമ്മുടെ റിസോഴ്സുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടാതെ പോകുന്നത്. എന്റെ നിലപാടും അഴിമതിക്കെതിരെയുള്ളതാണ്. വലിയ തോതിലുള്ള അഴിമതി കേരളത്തില്‍ നടക്കുന്നുണ്ട്. അതിന് മാറ്റമുണ്ടാകണമെങ്കില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന നയരൂപീകരണ വേദികളില്‍ എത്താതെ ക്രിയാത്മകമായി നമുക്ക് പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. ആ ഒരു തലത്തിലേക്ക് എത്തിപ്പെടണം. അതിന്റെ പ്രക്രിയ എന്നത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതാണ്.
ബി.ജെ.പിയുടെ ഭാഗമായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നുവെങ്കില്‍ എവിടെ മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്?
മത്സരിച്ചാല്‍ ജയിക്കുമെന്ന് കരുതുന്ന ചില മണ്ഡലങ്ങളുണ്ട്. ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ട്. മറ്റുള്ളവരെപ്പോലെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യത എനിക്ക് കുറവാണ്. ഞാന്‍ നാട്ടില്‍നിന്ന് മാറിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ പലയിടത്തും ഞാന്‍ ജോലിചെയ്തിട്ടുണ്ട്. അങ്ങനെ പലയിടങ്ങളിലും വ്യക്തിബന്ധങ്ങളുണ്ട്. അതുകൊണ്ട് തീര്‍ച്ചയായിട്ടും ഞാന്‍ മത്സരിച്ചാല്‍ ജയിക്കുക തന്നെ ചെയ്യും.
വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമുണ്ടാകില്ലെ?
അക്കാര്യത്തില്‍ ഞാനൊരു പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. അക്കാര്യത്തില്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. നിന്നാല്‍ ജയിച്ചിരിക്കും. 100 ശതമാനം ഉറപ്പാണ്. ജയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നില്‍ക്കുന്നത്. എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നതില്‍ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
യു.ഡി.എഫും എല്‍.ഡി.എഫും മുന്നോട്ടുവെക്കുന്ന നയങ്ങളോടുള്ള എതിര്‍പ്പാണ് എന്‍.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്ന് കരുതാമോ?
അങ്ങനെയല്ല, കേരളമെന്നത് ഇങ്ങനെയല്ല ആകേണ്ടത് എന്നാണ് എന്റെ ചിന്ത. എനിക്ക് വേണ്ട കേരളം ഇങ്ങനെയല്ല ഉണ്ടാകേണ്ടത്. എനിക്ക് വേണ്ട കേരളം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഞാന്‍ മുന്നോട്ടുവരുന്നത്. ഇപ്പോഴുള്ളത് എനിക്ക് വേണ്ട കേരളമല്ല. നല്ല കേരളം എന്ന സ്വപ്നം എന്റെ മനസിലുണ്ട്. അത് ഉണ്ടാകണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണ നേതൃത്വത്തിലുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്റെ ചിന്തയിലുള്ള കേരളത്തിന് പിന്തുണ നല്‍കുന്നതല്ല. അതുകൊണ്ടാണ്.
ബി.ജെ.പിയോടുള്ള ഈ അനുഭാവം സംഘിയെന്ന വിളിപ്പേരിലേക്കു നയിക്കും, ഇരുഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. അതൊക്കെ മുന്നില്‍ കാണുന്നില്ലെ?
സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആര്‍.എസ്എസ്., ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ്. അങ്ങനെയുള്ള കുടുംബത്തിലെ അംഗമെന്ന് എന്നെ വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുകയെയുള്ളു. അതൊരു മോശം വാക്കല്ലല്ലോ. അങ്ങനെ വിളിക്കുന്നത് വിളിക്കുന്നവരുടെ വിവരമാണോ, വിവരക്കേടാണോ എന്ന്കൂടി നമ്മള്‍ ചിന്തിക്കണം.
എല്‍.ഡി.എഫും യു.ഡി.എഫും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കേരളത്തിന് പുറത്ത് ഒന്നാണ്. കേരളത്തിനകത്ത് വ്യത്യസ്ത പാര്‍ട്ടികളാണെന്നാണ് അവര്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. അതല്ലായെന്ന് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ നമുക്ക് മനസിലാകും. അത് പക്ഷെ കേരളത്തിലെ ജനങ്ങള്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. കേരളത്തിനു പുറത്ത് ഒരേ ആദര്‍ശമാണ് ഇവര്‍ക്ക്, അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഇവര്‍ രണ്ടുകൂട്ടരും ഒന്നാകുമ്പോള്‍ അവര്‍ക്ക് ആകെ എതിര്‍ക്കാനുള്ളത് എന്‍.ഡി.എ. മാത്രമേയുള്ളു. അപ്പോള്‍ ആ സൗഹൃദത്തിനിടയില്‍ മൂന്നാമതൊരാള്‍ എത്താതിരിക്കാന്‍ അവര്‍ ഒരുമിച്ചെതിര്‍ക്കും. അതിനെ പരിഹസിക്കാന്‍ കിട്ടുമ്പോഴൊക്കെ പരിഹസിക്കും, നശിപ്പിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യും.
നന്നായി ഭരിച്ചാല്‍ പിണറായി സര്‍ക്കാരിന് രണ്ടാമൂഴം കിട്ടിയേക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു?
നന്നായിട്ട് ഭരിച്ചാല്‍ എന്നുള്ള വാക്കാണ് ശ്രദ്ധിക്കേണ്ടത്. നന്നായി ഭരിച്ചാല്‍ മാത്രമേ തുടര്‍ഭരണമുണ്ടാകൂ എന്നാണ് ഞാന്‍ പറഞ്ഞത്. ചിലരൊക്കെ സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതായി പരാമര്‍ശിച്ച് കണ്ടു. അങ്ങനെയല്ല. രണ്ടു മാസമെങ്കില്‍, അത്രയും അതും സുപ്രധാനമാണ്. രണ്ടു മാസംകൊണ്ടൊക്കെ കുറേക്കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ പറ്റും. നല്ല ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. അത് കിട്ടിയിരുന്നുവെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരുമായിരുന്നില്ല. ഏത് സര്‍ക്കാരാണെങ്കിലും അവര്‍ നല്ല ഭരണം കാഴ്ചവെച്ചാല്‍ അവരെ ജനം സ്വീകരിക്കും.
ബി.ജെ.പിയോടുള്ള ആഭിമുഖ്യം ഇത്രയേറെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളോടുള്ള അഭിപ്രായം എന്താണ്?
നിയമങ്ങളേപ്പറ്റി തീര്‍ച്ചായായും എനിക്ക് കാഴ്ചപ്പാടുണ്ട്. ഞാന്‍ അഗ്രികള്‍ച്ചര്‍ പഠിച്ച വ്യക്തിയാണ്. ബി.ജെ.പിയെന്ന പാര്‍ട്ടിയോടുള്ള അനുഭാവത്തേക്കാള്‍ ഉപരി എനിക്ക് കൃഷിയെന്താണെന്നറിയാം. കൃഷിയില്‍ പി.എച്ച്ഡി. ചെയ്തയാളാണ്. മാത്രമല്ല, ഇന്നുവരെ കൃഷി ചെയ്ത് ജീവിക്കുന്ന ആളു കൂടിയാണ്. ഞാന്‍ കര്‍ഷകനാണ്. പലവിധ കൃഷികള്‍ ഞാനിന്നും ചെയ്യുന്നു. അപ്പോള്‍ കര്‍ഷകനെന്ന നിലയിലും കൃഷിയേപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും ഞാന്‍ പറയുന്നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും ഇന്ത്യയ്ക്ക് നല്ലതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നല്ലതാണ്. കൃഷി ചെയ്യുന്നവര്‍ക്ക് നല്ലതായൊരു കാര്യം ഞാന്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ചേരിയുടെ ഭാഗമായി ബി.ജെ.പി. കൊണ്ടുവന്ന നിയമം തെറ്റാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ കൃഷി അറിയാവുന്ന ആളെന്ന നിലയില്‍ കൃഷിക്കാര്‍ക്ക് ഏറ്റവും ഗുണകരമായ നിയമമാണ്.
എം.എസ്സി. പഠിച്ചത് ഡല്‍ഹിയിലാണ്. അങ്ങനെ പഞ്ചാബിലെയും യു.പിയിലെയും ഒക്കെ കൃഷിയേപ്പറ്റിയും എനിക്കറിയാം. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എന്റെ കൂടെ പഠിച്ചവരുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, മൂന്ന് നിയമങ്ങളും രാജ്യത്തിനും കര്‍ഷകര്‍ക്കും നല്ലതാണ്. അത് നടപ്പിലാകണം. കര്‍ഷകര്‍ ഇത്രയും കാലം അനുഭവിച്ചുകൊണ്ടിരുന്ന വിവിധ വിഷയങ്ങള്‍ക്കുള്ള പരിഹാരം ഈ നിയമങ്ങളില്‍ കൂടി ഉണ്ടാകും.
എന്‍.ഡി.എ. കേരളം ഭരിക്കുമെന്ന് കരുതുന്നുണ്ടോ?
എന്റെ കാഴ്ചപ്പാടില്‍ എന്‍.ഡി.എയ്ക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കും. അധികാരത്തിലെത്തിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളം എന്‍.ഡി.എയെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടവും കഷ്ടവും കേരളത്തിനായിരിക്കും. അത് തിരിച്ചറിയാനുള്ള അറിവും വിശകലന സാമര്‍ഥ്യവും ഇവിടത്തെ വോട്ടര്‍മാര്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം നല്ല കേരളം വേണമെന്ന് ചിന്തിക്കുന്ന എല്ലാവരുടേതും കൂടിയാണ്. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ വിജയിക്കുന്നോ പരാജയപ്പെടുന്നോ എന്നനുസരിച്ചിരിക്കും എന്‍.ഡി.എ. അധികാരത്തിലെത്തപ്പെടുമോ ഇല്ലയോ എന്നത്.
Content Highlights: interview with jacob thomas ips