ചെന്നൈ: കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തന്നെ തീവ്രമായി വേദനിപ്പിക്കുന്നുണ്ടെന്നും ഇതു പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്നും ആര്‍ എസ് എസ് മുന്‍ താത്വികാചാര്യന്‍ കെ എന്‍ ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ താമസസ്ഥലത്തു നിന്നും ടെലിഫോണില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഗോവിന്ദാചാര്യ.

കൊവിഡ് 19 നേരിടുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ആരോഗ്യസേതു ആപ്പിനെതിരെ താങ്കള്‍ നാഷനല്‍ ഇന്‍ഫൊമാറ്റിക്സ് സെന്ററിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്താണ് താങ്കളുടെ ആശങ്കകള്‍?

ആരോഗ്യ സേതു ആപ്പിന് ഞാന്‍ എതിരല്ല. ആരോഗ്യ സേതു ശേഖരിക്കുന്ന വിവരങ്ങള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും സാങ്കേതിക വിദ്യാ കമ്പനികള്‍ക്കും ലഭ്യമാവരുത് എന്നാണ് എന്റെ ആവശ്യം. ഇത്തരം ലംഘനങ്ങള്‍ക്ക് നിലവില്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതു തടയുന്നതിനുള്ള കൃത്യമായ നിയമ സംവിധാനം കൊണ്ടുവരണം. ലംഘനമുണ്ടായാല്‍ അതിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം.

ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ് കേന്ദ്രം ഭരിക്കുന്നത്. ബിജെപിയിലും ആര്‍ എസ് എസ്സിലും ഇപ്പോഴും താങ്കള്‍ക്ക് അടുത്ത ബന്ധങ്ങളുണ്ട്. എന്നിട്ടും നിയമ വഴിയിലൂടെ പോവാന്‍ താങ്കള്‍ നിര്‍ബ്ബന്ധിതനായത് എന്തുകൊണ്ടാണ്?

ബിജെപിയില്‍ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളിലും എനിക്ക് അടുത്ത സുഹൃത്തുക്കളുണ്ട്. കഴിഞ്ഞ 17 കൊല്ലമായി ഞാന്‍ കക്ഷിരാഷ്ട്രീയത്തിലില്ല. ആരാണ് ഭരണത്തിലുള്ളതെന്നതല്ല ഇവിടത്തെ വിഷയം. അടിസ്ഥാനമൂല്യങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഒരു പൗരനെന്ന നിലയിലുള്ള ധര്‍മ്മമാണ് ഞാന്‍ അനുഷ്ഠിക്കുന്നത്.

ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കാന്‍ കൊവിഡ് 19 നെ മറയാക്കുന്നുവെന്ന് ആരോപണമുണ്ട്. താങ്കളുടെ വിലയിരുത്തല്‍?

ദുര്‍ബ്ബലരെ സംരക്ഷിക്കുന്നതിനാണ് ഭരണകൂടം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തവരെയാണ് ഭരണകൂടം ചിറകിലൊതുക്കേണ്ടത്.

മറക്കുക, പൊറുക്കുക എന്നതാണ് ആര്‍ എസ് എസ്സിന്റെ സമീപനമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലകായിരുന്ന  ഗോള്‍വാള്‍ക്കറെ  ഉദ്ധരിച്ച് താങ്കള്‍ പറഞ്ഞിട്ടുണ്ട്. കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ രാഷ്ട്രം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും അതിനായി പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടിരുന്നു. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?

ഇല്ല. ഈ സമയത്ത് വൈറസിനെതിരെയുള്ള പോരാട്ടമാണ് മുഖ്യം. ഈ സമയത്ത് നമ്മുടെ ശ്രദ്ധ ചിതറിപ്പോവരുത്. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തേണ്ട കാര്യമില്ല.

പക്ഷേ, മുസ്ലിം ജനതയെ കൂടെ നിര്‍ത്താന്‍ ഈ നടപടി ആവശ്യമല്ലേ?

ഇപ്പോള്‍ ഇത് ഉയര്‍ത്തേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്.

govindacharya

സി എ എ മുസ്ലിം ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്?

ഈ വീക്ഷണത്തോട് ഞാന്‍ യോജിക്കുന്നില്ല. എന്താണ് പ്രീണനം , എന്താണ് നീതി എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് നമ്മള്‍ ശ്രദ്ധ  മാറ്റരുത്. മറ്റെല്ലാ സംവാദങ്ങളും തത്ക്കാലം നമുക്ക് മാറ്റിവെയ്ക്കാം.

കൊവിഡിനെതിരെയുള്ള പോരാട്ടം വിജയിച്ചതിനുശേഷം ഈ വിഷയം ചര്‍ച്ച ചെയ്യാമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

അപ്പോള്‍ അങ്ങിനെയൊരു ആവശ്യമുയര്‍ന്നാല്‍ അങ്ങിനെയാവാം.

വിയോജിപ്പ്  ജനാധിപത്യത്തിന്റെ മൂലക്കല്ലാണെന്നു താങ്കള്‍ കരുതുന്നില്ലേ?

തീര്‍ച്ചയായും. വ്യത്യസ്തമായി ചിന്തിക്കുന്നത് എതിര്‍പ്പല്ല.

ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടിയാണ് ആര്‍ എസ് എസ്സില്‍ ചേര്‍ന്നതെന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നിപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന കാഴ്ചകള്‍ മനുഷ്യ മനസ്സാക്ഷിയെ ഉലയ്ക്കുന്നവയാണ്. ലക്ഷക്കണക്കിന് കുടിയേറ്റതൊഴിലാളികള്‍ നരകയാതനയിലൂടെയാണ് കടന്നുപോവുന്നത്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും ഭരണകൂടവുമായി ഒരു ബന്ധമില്ലായ്മയുണ്ട്. ഭരണകൂടത്തിന്റെ ചക്രങ്ങള്‍ തിരിക്കുന്നവര്‍ അടിത്തട്ടിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവുന്നുണ്ട്.

എന്തുകൊണ്ടാണ് ഈ ബന്ധമില്ലായ്മ ഉടലെടുക്കുന്നത്?

ഇത് വളരെ ആഴത്തിലുള്ള പ്രശ്നമാണ്. ഒരു പാര്‍ട്ടിയുണ്ടാക്കുന്ന പ്രതിസന്ധിയല്ല ഇത്. രാഷ്ട്രീയ അധികാരത്തിന്റെ പരിമിതികളുടെ പ്രശ്നമാണിത്. കക്ഷി രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനും എതിരായിരുന്നു ഗാന്ധിജി എന്നത് മറക്കരുത്. എല്ലാ പാര്‍ട്ടികളും ഇതിന് ഉത്തരവാദികളാണ്.

നാലു മണിക്കൂര്‍ മാത്രം നോട്ടിസ് നല്‍കി നടപ്പാക്കിയ ദേശീയ ലോക്ക്ഡൗണ്‍ ആണ് കുടിയേറ്റതൊഴിലാളികളുടെ ജീവിതം തകര്‍ത്തതെന്ന് നിരീക്ഷണമുണ്ട്. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?

വിധിയെഴുതാന്‍ ഞാന്‍ ആളല്ല. പല വിവിരങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഈ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിധി പറയാന്‍ എനിക്കാവില്ല.

പക്ഷേ, ഈ തൊഴിലാളികളുടെ ദുരിതത്തിന് ആരെങ്കിലും ഉത്തരം പറയേണ്ടതില്ലേ? ഇന്ത്യയിലെ തെരുവില്‍ നിന്നുയരുന്ന കാഴ്ചകള്‍ താങ്കളെ വേദനിപ്പിക്കുന്നില്ലേ?

തീര്‍ച്ചയായും. ഈ ദുരിതം സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇതിന്റെ വ്യാപ്തി ഭരണകൂടത്തെ അമ്പരപ്പിച്ചതുപോലുണ്ട്. പ്രശ്നത്തിനനുസൃതമായിരിക്കണം പരിഹാര നടപടികള്‍. എത്ര തീവണ്ടികള്‍ ഓടിച്ചാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടുകളിലെത്താനാവും എന്ന കൃത്യമായ ധാരണ വേണം.

കേന്ദ്ര സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകാനാവുമോ?

ഒരാളെ മാത്രമായി കുറ്റപ്പെടുത്താനാവില്ല എന്നാണ് ഞാന്‍ പറഞ്ഞത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ , ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങള്‍, പൊതുസമൂഹം എല്ലാവരും ഉത്തരവാദികളാണ്.

govindacharya

താങ്കള്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. അന്നത്തെ ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഞാനെന്തിനാണ് ഇങ്ങനെയൊരു താരതമ്യം നടത്തേണ്ടത്? എന്റെ ഇന്നിങ്സ് ഞാന്‍ കളിച്ചു. ചെയ്ത ജോലിയില്‍ തൃപ്തിയുണ്ട്.

പക്ഷേ, ഉള്ളില്‍ നിന്നുള്ള വിമര്‍ശമില്ലാതെ ഒരു പ്രസ്ഥാനത്തിന് മുന്നോട്ടുപോവാനാവുമോ?

അതിപ്പോള്‍ എന്റെ വിഷയമല്ല. എനിക്കതില്‍ താല്‍പര്യമില്ല. എനിക്കെന്റേതായ പദ്ധതികളുണ്ട്.  ഞാന്‍ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റുകയാണ്. ലോക്ക്ഡൗണിനു മുമ്പേ എടുത്ത തീരുമാനമാണിത്. ലോക്ക്ഡൗണ്‍ കാരണമാണ് ഇപ്പോള്‍ ഡെല്‍ഹിയില്‍ തുടരുന്നത്. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള തിരുഹതിപുര ഗ്രാമത്തിലേക്കാണ് ഞാന്‍ പ്രവര്‍ത്തനം മാറ്റുന്നത്.

എന്താണ് താങ്കളുടെ ലക്ഷ്യം?

സമൂഹത്തിന്റെ അടിത്തട്ടില്‍ സംഭവിക്കുന്നത് നേരിട്ടറിയുക. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ജീവിതം ആഴത്തിലറിയുക.

സ്വാതന്ത്ര്യാനന്തരം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയ വിനോബഭാവെ താങ്കള്‍ക്ക് മാതൃകയാണോ?

വിനോബാജി മാത്രമല്ല പൗരാണിക ഭാരതത്തിലെ നിരവധി പേരുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സംസ്‌കാരമാണത്.

താങ്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നിരാശയുണ്ടോ?

ഇല്ല. ഞാന്‍ മുന്നോട്ടാണ് നോക്കുന്നത്. കഴിഞ്ഞ 17 കൊല്ലമായി ഞാന്‍ വിവിധ മേഖലകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ കേന്ദ്രീകൃത വികസനമല്ല പരിസ്ഥിതി കേന്ദ്രീകൃത വികസനമാണ് വേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ 500 കൊല്ലമായി നമ്മുടെ വികസനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഈ സമീപനം മാറേണ്ട സമയമായിരിക്കുന്നു. കൊവിഡ് 19 ഈ വഴിക്കുള്ള പാഠമാണ്. വിപണി കേന്ദ്രീകൃത വികസനമല്ല പ്രകൃതിയോട് ചേര്‍ന്നുള്ള  യാത്രയാണ് വേണ്ടത്. ഭാരതത്തില്‍ 127 കാര്‍ഷിക - കാലാവസ്ഥാ മേഖലകളുണ്ട്. ഇവയ്ക്കോരോന്നിനും അനുസൃതമായ പ്രവര്‍ത്തന പദ്ധതികളാണ് വേണ്ടത്.

സ്വദേശി ജാഗരണ്‍ മഞ്ച് ഈ ലക്ഷ്യമാണ് മുന്നോട്ടുവെച്ചിരുന്നത്. പക്ഷേ, വിജയിക്കാനായോ?

അവര്‍ക്ക് വഴിതെറ്റിയിട്ടില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവരിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതിലുള്ളവര്‍ എന്റെ സുഹൃത്തുക്കളാണ്.

ആര്‍ എസ് എസ്സും ബിജെപിയുമായി താങ്കളുടെ ഇപ്പോഴുള്ള ബന്ധം ഏതുതരത്തിലുള്ളതാണ്?

2003 മെയ് ഏഴിന് ഞാന്‍ നാലു കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ ഒരു രാഷ്ട്രീയ സ്വയം സേവകനാണ്. ജീവിതകാലം മുഴുവന്‍ അങ്ങിനെ തന്നെയായിരിക്കും. ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പ്രത്യയശാസ്ത്ര പദ്ധതി എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. ബിജെപി ഉള്‍പ്പെടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഞാന്‍ അംഗമായിരിക്കില്ല. അക്കാദമിക് മേഖലയിലായിരിക്കും ഇനിയങ്ങോട്ട് എന്റെ പ്രവര്‍ത്തനം. ഈ നാലു കാര്യങ്ങളാണ് ഞാന്‍ 17 വര്‍ഷം മുമ്പ് വ്യക്തമാക്കിയത്. ഇതില്‍ ഇപ്പോഴും മാറ്റമില്ല. ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറണം. ലോകക്ഷേമത്തിന് ഭാരതം വഴികാട്ടിയാവണം. ഈ രണ്ട് ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ഞാന്‍ ആര്‍ എസ് എസ്സില്‍ ചേര്‍ന്നത്. ഈ ലക്ഷ്യങ്ങള്‍ തന്നെയാണ് ഇപ്പോഴും എന്നെ നയിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിരാശ എനിക്കില്ല.

വാജ്പേയിയുമായുള്ള അഭിപ്രായ വ്യത്യാസം ഇതിനു പിന്നിലുണ്ടായിരുന്നില്ലേ?

ബിജെപിയുടെ മുഖകവചമാണ് ( മാസ്‌ക് )  അടല്‍ജി എന്ന് ഞാന്‍ പറഞ്ഞതായുള്ള സംഭവമാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നറിയാം. അതിന്റെ യാഥാര്‍ത്ഥ്യം അടല്‍ജിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ തീരുമാനത്തിന് അതുമായി ബന്ധമുണ്ടായിരുന്നില്ല.

പക്ഷേ, താങ്കളുടെ പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചതായി വാജ്പേയി പറഞ്ഞിരുന്നു?

അടല്‍ജിക്ക് വേദനിച്ചിട്ടുണ്ടാവാം. പക്ഷേ, ഞാന്‍ ശരിക്കുമെന്താണ് പറഞ്ഞതെന്ന് മനസ്സിലായപ്പോള്‍ ആ പ്രശ്നം അവിടെത്തീര്‍ന്നു. 1997 ഒക്ടോബര്‍ ആറിനാണ് ഈ വിവാദമുണ്ടായത്. അടല്‍ജി ബിജെപിയുടെ ഏറ്റവും ജനകീയമായ മുഖമാണെന്നാണ് ഞാന്‍ പറഞ്ഞത്. മാദ്ധ്യമങ്ങള്‍ അത് മുഖകവചമെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ ഒക്ടോബര്‍ 30ന് ഞാനും അടല്‍ജിയുമായി കൂടിക്കാഴ്ചയുണ്ടായി. അടല്‍ജിക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ ഏതെങ്കിലും സമുന്നത നേതാവിനെ അവഹേളിക്കുന്ന തരത്തില്‍ ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ സംഘ നേതൃത്വത്തോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടൊരു ടേപ്പ് ലഭ്യമാണെന്ന് വിവരം ചിലര്‍ ചൂണ്ടിക്കാട്ടി. ആ ടേപ്പ് പരിശോധിച്ചപ്പോള്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് അടല്‍ജിയുമായുള്ള കൂടിക്കാഴ്ച നടന്നത്. 1998 ല്‍ അടല്‍ജി പ്രധാനമന്ത്രിയായി. ഞാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തു.

ആഗോളവത്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ആഗോളവത്കരണത്തിന്റെ വക്താക്കളായിരുന്ന മന്‍മോഹന്‍സിങ്ങും മൊണ്ടെക് സിങ് അഹ്ലുവാലിയയുമൊക്കെ  ഇക്കാര്യത്തില്‍ ആഴമാര്‍ന്ന അറിവുള്ളവരായിരുന്നു. അവര്‍ മുന്നോട്ടുവെയ്ക്കുന്ന വാദങ്ങള്‍ നേരിടാന്‍ കൂടുതല്‍ വായനയും പഠനവും ആവശ്യമാണെന്ന തിരിച്ചറിയാണ് എന്നെ നയിച്ചത്. അന്ന് പാര്‍ട്ടി പ്രസിഡന്റായിരുന്ന കുശഭാവ് താക്കറെയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനവും പഠനവും ഒന്നിച്ചായിക്കൂടേ എന്നദ്ദേഹം ചോദിച്ചു. അത് പ്രയാസമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിക്കാന്‍ കുറച്ചു നാളുകളേയുള്ളുവെന്നും തുടര്‍ന്നു വരുന്ന അദ്ധ്യക്ഷനോട് ഇക്കാര്യം പറയാമെന്നും താക്കറെജി പറഞ്ഞു. ബംഗാരുലക്ഷമണനാണ് പിന്നീട് അദ്ധ്യക്ഷനായത്. അദ്ദേഹത്തോട് ഞാന്‍ കാര്യം പറഞ്ഞു. താക്കറെജി എന്നെ പിന്തുണച്ചു. അങ്ങിനെയാണ് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Content Highlights: Immigrant Workers' Suffering: There Is absence of Relationship Between Government And People