ചെന്നൈ: കോണ്‍ഗ്രസില്‍ ഗാന്ധികുടുംബം തന്നെയാണ് ആദ്യ സ്ഥാനക്കാരെന്നും പാര്‍ട്ടിയില്‍ ഐക്യം പുലരണമെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ''ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് പകരം പ്രസിഡന്‍് സ്ഥാനത്തേക്ക് വരുന്നത് ആരായാലും അവര്‍ രണ്ടാം സ്ഥാനത്തായിരിക്കും. കോണ്‍ഗ്രസുകാര്‍ ഇന്ത്യയിലെവിടെയും ഒന്നിച്ചു നില്‍ക്കുന്നത് ഗാന്ധി കുടുംബത്തിനു ചുറ്റുമാണ്. '' ഡല്‍ഹിയിലെ വീട്ടില്‍നിന്നു മാതൃഭൂമി ഡോട്ട് കോമുമായി ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു മണി ശങ്കര്‍ അയ്യര്‍.
മണി ശങ്കര്‍ അയ്യരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
കോണ്‍ഗ്രസിലെ 23 നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിനെയും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെയും എങ്ങിനെ കാണുന്നു?
തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത തലസമിതിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നത് കത്തെഴുതിയവരുടെ വിജയമാണ്. അവര്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളഞ്ഞിട്ടുണ്ടാവാം. പക്ഷേ, അവരെ സമിതി കേള്‍ക്കാന്‍ തയ്യാറായി എന്ന് കാണാതിരിക്കരുത്. വാസ്തവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നയതന്ത്രജ്ഞതയുടെ അടയാളമായാണ് ഞാന്‍ ഈ സംഭവവികാസം കാണുന്നത്. കത്തെഴുതിയ 23 പേര്‍ക്കെതിരെയും ഒരു നടപടിയും സമിതി എടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ലക്ഷ്യം കാണുന്നതില്‍ കത്തെഴുതിയവര്‍ പരാജയപ്പെട്ടു, പക്ഷേ, ഇനിയുമൊരു യുദ്ധം ചെയ്യാന്‍ അവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ഒരു ലേഖനമെഴുതിയിരുന്നു. കത്തെഴുതിയവരില്‍ ഒരാള്‍ അത് വായിച്ച ശേഷം എന്നെ വിളിച്ചു. എന്റെ ശുഭാപ്തി വിശ്വാസം കുറച്ചു കൂടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ക്കെതിരെ ആക്രമണം വരിക പി.സി.സിയില്‍നിന്നു ഡി.സി.സിയില്‍നിന്നുമായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. അത് നടക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹായിക്കാനായി പുതിയ അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കത്തില്‍ ഒപ്പുവച്ചവരില്‍ പ്രമുഖരായ ഗുലാം നബി ആസാദോ ശശി തരൂരോ ഈ സമിതിയിലില്ല. കത്തെഴുതിയവര്‍ക്കുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മറുപടിയാണോ ഈ നീക്കം?
കത്ത് സജീവമാക്കി നിര്‍ത്താന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ളിലെ വലിയൊരു കലാപമായാണ് ഈ കത്ത് ചിത്രീകരിക്കപ്പെടുന്നത്. 1857-ല്‍ കലാപക്കൊടിയുയര്‍ത്തി 40 ഇന്ത്യന്‍ പട്ടാളക്കാര്‍ മീററ്റില്‍നിന്നു ഡല്‍ഹിയിലേക്ക് എത്തിയതുപോലെയാണ് മാദ്ധ്യമങ്ങള്‍ ഈ സംഭവം കാണുന്നത്. രസകരമായ സംഗതി ബഹദൂര്‍ഷാ ചക്രവര്‍ത്തി ഈ നീക്കത്തെ ഭീതിയോടെയാണ് കണ്ടതെന്നാണ്. തന്റെ പേരിലാണ് കലാപമെങ്കിലും കലാപത്തിന്റെ ആത്യന്തിക ഇര താന്‍ തന്നെയായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അവസാനകാലത്ത് റങ്കൂണ്‍ ജയിലില്‍ കിടന്ന് അദ്ദേഹം എഴുതിയ കവിത പ്രശസ്തമാണ്. തന്റെ മൃതദേഹം അടയ്ക്കാന്‍ ആറടി മണ്ണു പോലും ഇപ്പോള്‍ ഇന്ത്യയിലില്ല എന്നാണ് അദ്ദേഹം കത്തില്‍ വിലപിച്ചത്. കോണ്‍ഗ്രസിലൊരു കലാപത്തിനായി മാദ്ധ്യമങ്ങള്‍ കുറെ നാളുകളായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിനെ പുറത്താക്കുകയെന്ന ആഗ്രഹമാണോ കത്തെഴുതിയവരെ പ്രചോദിപ്പിച്ചതെന്നറിയില്ല. എനിക്കറിവുള്ളിടത്തോളം ഇവര്‍ 23 പേരും ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ നയിക്കുന്നതിനെതിരല്ല. ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ മുഴുവന്‍ സമയവും കോണ്‍ഗ്രസിനെ നയിക്കാന്‍ തയ്യാറായാല്‍ അതിനെ സ്വാഗതം ചെയ്യുന്നവരാണ് ഇവരെല്ലാവരും. കോണ്‍ഗ്രസിനെ ജീവനുള്ള സംഘടനയായി നിലനിര്‍ത്തുക എന്നതിലായിരുന്നു അവരുടെ ഊന്നല്‍.
ഗാന്ധി കുടുംബം അമരത്തില്ലെങ്കില്‍ കോണ്‍ഗ്രസ് ശിഥിലമാവുമെന്ന നിരീക്ഷണത്തോട് എന്താണ് പ്രതികരണം?
ഏതൊരു പാര്‍ട്ടിയും അതിജീവിക്കണമെങ്കില്‍ ഐക്യം കൂടിയേ തീരൂ. 1969 മുതല്‍ കോണ്‍ഗ്രസിന്റെ കേന്ദ്രബിന്ദു ഗാന്ധി കുടുംബമാണ്. കോണ്‍ഗ്രസ് വിട്ടുപോയവരെ ഇന്നിപ്പോള്‍ ആരാണോര്‍ക്കുന്നത്. നിജലിംഗപ്പയെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കാമരാജിനെ അഖിലേന്ത്യാ തലത്തില്‍ ആരെങ്കിലും സ്മരിക്കുന്നുണ്ടോ? അജയഘോഷ് എന്ന നേതാവിനെ ഇന്നെത്ര പേര്‍ക്കറിയാം? കോണ്‍ഗ്രസില്‍നിന്നു പുറത്തുപോയവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണുള്ളത്.
ശരദ് പവാറും മമത ബാനര്‍ജിയും ഇപ്പോഴും ഇവിടെ കോണ്‍ഗ്രസിനു പുറത്ത് ജിവിച്ചിരിപ്പുണ്ട്?
ശരദ് പവാര്‍ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മുന്‍ നിരയിലുണ്ടാവുമായിരുന്നു. 1991-ല്‍ റാവുവിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ പവാറുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നാണെങ്കിലും മഹാരാഷ്ട്രയ്ക്കു പുറത്ത് അദ്ദേഹത്തിന് എന്ത് പ്രസക്തിയാണുള്ളത്? മമതയുടെ കാര്യവും ഇതു തന്നെയാണ്. ബംഗാളിനു പുറത്ത് മമതയ്ക്ക് എവിടെയെങ്കിലും കാര്യമായ സ്വാധീനമുണ്ടോ? ത്രിപുരയിലും അസമിലും മണിപ്പൂരിലുമൊന്നും തന്നെ ഒരു ചലനവും ഉണ്ടാക്കാന്‍ മമതയ്ക്കായില്ല. കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയവര്‍ എല്ലാവരും തന്നെ പ്രാദേശികതലത്തില്‍ ഒതുങ്ങി. ഗാന്ധി കുടുംബത്തിന് ഇങ്ങനെയൊരു പരിമിതി ഇല്ല. അവരുടെ ഭൂമിക ഇന്ത്യ മുഴുവനുമാണ്. കഴിവ് നിങ്ങള്‍ക്ക് വാടകയ്ക്കെടുക്കാവുന്നതേയുള്ളു. ഏതു തരത്തിലുള്ള കഴിവായാലും. പക്ഷേ, കരിസ്മ അങ്ങിനെയല്ല. വ്യക്തിപ്രഭാവത്തിന്റെ തലം മറ്റൊന്നാണ്. ഗാന്ധി കുടുംബത്തിന് കരിസ്മയുണ്ട്. അതാണ് കോണ്‍ഗ്രസുകാരെ അവര്‍ക്കു ചുറ്റും ഉറപ്പിച്ചു നിര്‍ത്തുന്നത്. ഇന്ത്യന്‍ വോട്ടര്‍മാരില്‍ 20 ശതമാനത്തോളം പേര്‍ ഈ കരിസ്മയില്‍ ആകൃഷ്ടരാണ്. കോണ്‍ഗ്രസിനുള്ളില്‍ ഈ കരിസ്മയുള്ള വേറെയാരാണുള്ളത്? കോണ്‍ഗ്രസില്‍നിന്ന് ഗാന്ധി കുടുംബത്തെ അടര്‍ത്തി മാറ്റാനാവില്ല.
പക്ഷേ, കോണ്‍ഗ്രസിനെ നയിക്കാനില്ലെന്നാണ് ഗാന്ധി കുടുംബം പറയുന്നത്. സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. രാഹുലാണെങ്കില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് മടങ്ങി വരുന്നില്ല. പ്രിയങ്കയാണെങ്കില്‍ ഇതിന് ഇനിയും തയ്യാറെടുത്തിട്ടില്ല. ഈ സന്നിഗ്ദ്ധാവസ്ഥയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധി?
ഗാന്ധി കുടുംബം അദ്ധ്യക്ഷപദവി ഏറ്റെടുക്കാനില്ല എന്നത് പലരുടെയും അനുമാനമാണ്. സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ഗാന്ധി കുടുംബം സ്റ്റേജില്‍നിന്ന് ഇറങ്ങാത്തത് എന്തുകൊണ്ടാണെന്ന് നിരവധി കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബമുള്ളപ്പോള്‍ മറ്റാര് പ്രസിഡന്റായാലും അവര്‍ ഗാന്ധി കുടുംബത്തിന് പിന്നിലായിരിക്കും. നരസിംഹ റാവു പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അംഗം പോലുമായിരുന്നില്ല. എന്നിട്ടും അവര്‍ക്കെതിരെ നീങ്ങിയപ്പോള്‍ റാവു പരാജയപ്പെട്ടു. കാരണം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് സോണിയയാണ് നേതാവ് എന്നാണ്. റാവുവിനും കേസരിക്കും കീഴിലായിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. ഞാനും അന്ന് പുറത്തേക്ക് പോയി. ഒരു പാര്‍ട്ടിയുടെ അടിസ്ഥാന ആവശ്യം ഐക്യമാണെന്ന് ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.
പക്ഷേ, ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിലെ കുരുക്കഴിയുന്നില്ലല്ലോ?
കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തങ്ങളില്ലെന്ന് ഗാന്ധി കുടുംബം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൃത്യമായി ബോദ്ധ്യപ്പെടുത്തണം. അതവരുടെ ജോലിയാണ്. പകരം ആരാണ് വരേണ്ടതെന്നും ഗാന്ധി കുടുംബം വ്യക്തമാക്കണം. നരസിംഹ റാവു കോണ്‍ഗ്രസ് പ്രസിഡന്റായത് അദ്ദേഹത്തിനാണ് പവാറിനായിരുന്നില്ല സോണിയയുടെ പിന്തുണയെന്നതു കൊണ്ടാണ്. കേസരി പരാജയപ്പെട്ടതും സോണിയയുടെ പിന്തുണ ഇല്ലാതെ പോയതിനാലാണ്. ഗാന്ധി കുടുംബത്തെ നിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍നിന്ന് മാറ്റി നിര്‍ത്താനാവില്ല. നിങ്ങളുടെ ഡി.എന്‍.എ. നിങ്ങള്‍ക്ക് മാറ്റാനാവാത്തതുപോലെയാണത്. തങ്ങള്‍ പാര്‍ട്ടി വിട്ടുപോവുമെന്ന് ഒരിക്കലും ഗാന്ധി കുടുംബം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഗാന്ധി കുടുംബമാണ് ഉത്തരവാദിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഓരോ സോഷ്യല്‍ ഗ്രൂപ്പും കോണ്‍ഗ്രസ് വിട്ടുപോയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ബി.ജെ.പിയിലേക്ക് മാത്രമല്ല മറ്റ് പല സംഘടനകളിലേക്കും അവര്‍ പോയിട്ടുണ്ട്.
ദളിതരുള്‍പ്പെടെയുള്ള എല്ലാ സാമൂഹികവിഭാഗങ്ങളും നേരത്തെ കോണ്‍ഗ്രസിലായിരുന്നു. 1952-ല്‍ അംബദ്കര്‍ പോലും കോണ്‍ഗ്രസിനെതിരെ മത്സരിച്ച് പരാജയപ്പെട്ടുവെന്നത് വിസ്മരിക്കരുത്. ബഹുഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും അന്ന് കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. നെഹ്‌റുവിന് ശേഷമാണ് ഈ സാമൂഹികവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായത്. ആചാര്യ നരേന്ദ്ര ദേവോ ജയപ്രകാശ് നാരായണോ ആയിരിക്കണം തന്റെ പിന്‍ഗാമിയെന്നാണ് നെഹ്‌റു ആഗ്രഹിച്ചിരുന്നത്. പക്ഷേ, അവര്‍ രണ്ടുപേരും അതിന് തയ്യാറായില്ല. കോണ്‍ഗ്രസിനു പുറത്ത് കോണ്‍ഗ്രസുകാര്‍ക്ക് അസ്തിത്വമില്ല. മീനിന് വെള്ളത്തിനു വെളിയില്‍ കഴിയാനാവാത്തതു പോലെയാണത്.
ഈ അവസ്ഥ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വരുന്ന 50 കൊല്ലത്തേക്ക് പ്രതിപക്ഷത്തായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് പറഞ്ഞത്. കബില്‍ സിബലും ഇതേ ആശങ്കള്‍ പങ്കുവെച്ചിട്ടുണ്ട് ?
കത്തില്‍ ഇവര്‍ ഉന്നയിച്ച ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ഇവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ചില തിരുത്തലുകള്‍ വേണമെന്നു മാത്രമാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കുന്നതെന്നതാണ് വാസ്തവം. ജിതേന്ദ്ര പ്രസാദയ്ക്ക് ശേഷം ഗാന്ധി കുടുംബത്തിനെതിരെ ആരും മത്സരിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം. ഗാന്ധി കുടുംബത്തിനെതിരെ മത്സരിച്ചു ജയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുള്ള ആരെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കത്തെഴുതിയവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ ശിഥിലീകരണത്തിന് വഴിയൊരുക്കും. പ്രവര്‍ത്തക സമിതി ചര്‍ച്ചയ്ക്ക് ശേഷം പാസ്സാക്കിയ പ്രമേയം പാര്‍ട്ടിയുടെ ഐക്യമാണ് ലക്ഷ്യമിട്ടത്. അത് തകര്‍ക്കപ്പെടരുത്. ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു അവ്യക്തതയുണ്ട്. അതെത്രയും വേഗം നീക്കപ്പെടണം.
എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബം പാര്‍ട്ടിയുടെ അമരത്തില്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകും. ഇവര്‍ക്കു പകരം വേറെയാര് നേതൃസ്ഥാനത്തേക്ക് വന്നാലും അവര്‍ക്ക് ഗാന്ധി കുടുംബത്തിന്റെ കൃത്യമായ പിന്തുണയുണ്ടായിരിക്കണം. റാവുവിനും കേസരിക്കും സംഭവിച്ചത് നമുക്കൊരിക്കലും മറക്കാനാവില്ല.
Content Highlights: